മസ്‌ക്കറ്റ്: മസ്‌ക്കറ്റിലെ ഡ്രൈവർമാർക്ക് ഇനി മുതൽ പാർക്കിങ് ഫീസ് പുതിയ മീറ്ററുകൾ വഴി നൽകാം. കഴിഞ്ഞ കൊല്ലം മുതൽ തന്നെ സ്ഥാപിക്കാൻ ആരംഭിച്ച മീറ്ററുകൾ ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

നേരത്തെ തന്നെ ഇവ സ്ഥാപിച്ചെങ്കിലും പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി കിട്ടാത്തതുകൊണ്ടാണ് പ്രവർത്തനം വൈകിയത്. പുതിയ മീറ്ററുകൾക്ക് മേൽനോട്ടം വഹിക്കാനായി ധാരാളം സൂപ്പർവൈസർമാരെ അധികൃതർ നിയോഗിച്ചിട്ടുണ്ട്. പുതിയ മീറ്ററുകൾ വഴി നോട്ടുകളിലൂടെയും ക്രെഡിറ്റ് കാർഡിലൂടെയും ഫീസ് അടയ്ക്കാനാകും.

ഒരു വാഹനം ഇടാനായി രണ്ട് വാഹനത്തിന്റെ സ്ഥലം അപഹരിക്കുന്നവർക്ക് കടുത്ത പിഴ ഈടാക്കാനും ഈ മീറ്ററുകൾ വഴി സാധ്യമാണ്. ഇത്തരക്കാരിൽ നിന്ന് പത്ത് റിയാൽ ഈടാക്കും. ഭിന്നശേഷിയുള്ളവരുടെ വാഹനത്തിന് വേണ്ടിയുള്ള സ്ഥലമാണെങ്കിൽ പിഴ ഇരുപത് റിയാലാണ്. ചില പിഴകൾ അഞ്ഞൂറ് റിയാൽ വരെയും ഉണ്ട്.

ആംബുലൻസ് പാർക്കിംഗിന് വേണ്ടിയുള്ള സ്ഥലത്ത് വണ്ടി ഇട്ടാൽ നൂറ് റിയാലാണ് പിഴ. വാഹനം വിൽക്കുന്നതിനുള്ള പരസ്യങ്ങളുമായി വണ്ട് ഇട്ടിട്ട് പോയാൽ അഞ്ഞൂറ് റിയാൽ പിഴ നൽകണം. അതേസമയം ആംബുലൻസുകൾക്കും പൊലീസ് വാഹനങ്ങൾക്കും പിഴ നൽകേണ്ടതില്ല. ഇതിന് പുറമെ സൈനിക- മുനിസിപ്പാലിറ്റി , സർക്കാർ വാഹനങ്ങളെയും പിഴയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഓരോമണിക്കൂറിനും 200 ബയാസ് ആണ് ഫീസ്. മുൻകൂർ ബുക്ക് ചെയ്യാൻ അമ്പത് റിയാൽ അടയ്ക്കണം. സ്വകാര്യ പാർക്കിങ് അനുമതിക്കായി പതിനഞ്ച് റിയാൽ നൽകേണ്ടതുണ്ട്.