ദുബായ്: ഫ്യൂവൽ സബ്‌സിഡി പിൻവലിച്ചതോടെ ഇന്ന് അർധരാത്രി മുതൽ പുതുക്കിയ പെട്രോൾ വില എമിറേറ്റ്‌സിൽ പ്രാബല്യത്തിൽ വരും. കുറഞ്ഞവിലയ്ക്ക് ഇന്ന് അർധരാത്രി വരെ പെട്രോൾ ലഭിക്കും. നാളെ മുതൽ സ്‌പെഷ്യൽ പെട്രോളിന് ഒരു ലിറ്ററിന് 2.14 ദിർഹം എന്ന തോതിൽ വില നൽകേണ്ടിവരും. നിലവിലുള്ള 1.72 ദിർഹം എന്ന വിലയിൽ നിന്നാണ് 24.4 ശതമാനം വില വർധന വന്നിരിക്കുന്നത്.

അതേസമയം സൂപ്പർ ഗ്രേഡ് പെട്രോളിന് 2.25 ദിർഹം ആണ് പുതിയ നിരക്ക്. നിലവിൽ സൂപ്പർഗ്രേഡിന് 1.83 ദിർഹം കൊടുത്തിരുന്ന സ്ഥാനത്ത് 22.9 ശതമാനം വില വർധിച്ചാണ് 2.25 ദിർഹത്തിൽ എത്തി നിൽക്കുന്നത്.

എന്നാൽ പെട്രോൾ വില വർധനയുടെ അടിസ്ഥാനത്തിൽ എമിറേറ്റ്‌സിലെ വാഹനഉടമകൾ തീർച്ചയായും ഓർത്തിരിക്കേണ്ട മൂന്നു കാര്യങ്ങൾ താഴെപ്പറയുന്നു:
1. അവസാന നിമിഷം വരെ കാത്തിരിക്കാതെ വാഹനത്തിൽ നിറയെ ഇന്ധനം നിറയ്ക്കുക: പുതിയ നിരക്കിൽ പെട്രോൾ വാങ്ങുന്നത് ഒഴിവാക്കാനായി ഉടൻ തന്നെ നിങ്ങളുടെ വാഹനത്തിൽ ഇന്ധനടാങ്ക് നിറയെ പെട്രോൾ നിറയ്ക്കുക. അർധരാത്രിയിൽ വില കൂടുമെന്നതിനാൽ രാത്രിയാകുമ്പോഴേയ്ക്കും പെട്രോൾ സ്‌റ്റേഷനുകളിൽ വൻ ക്യൂ പ്രത്യക്ഷപ്പെട്ടെന്നിരിക്കും. എന്നാൽ സമയം കളയാതെ വാഹനത്തിൽ പെട്രോൾ നിറയ്ക്കാൻ ശ്രമിക്കുക. 

അർധരാത്രിക്ക് 20 മിനിട്ട് മുമ്പെങ്കിലും പമ്പുകൾ ഇന്ധനം നൽകുന്നത് നിർത്തി വച്ചേക്കും. പുതിയ പ്രൈസിംഗും മറ്റു സംവിധാനങ്ങളും കൂട്ടിച്ചേർക്കേണ്ടതായിട്ടുള്ളതിനാൽ അതിനുള്ള സാവകാശം പമ്പുകൾക്കും വേണം. അവസാന നിമിഷം വരെ കാത്തിരുന്നാൽ ഒരു പക്ഷേ അതിനുള്ള അവസരം നഷ്ടമായേക്കും.

2. ഇനി എല്ലാ മാസവും വിലയിൽ മാറ്റമുണ്ടാകും: പുതിയെ പെട്രോൾ വിലയായ 2.14 ദിർഹവും 2.25 ദിർഹവും സ്ഥിരമായിരിക്കുകയില്ല. ഗ്യാസോലൈനിന്റെയും ഡീസലിന്റേയും വില ദിവസവും നിരീക്ഷിച്ച ശേഷം എല്ലാ മാസവും ഇരുപത്തെട്ടാം തിയതി പുതുക്കിയ വില ഫ്യൂവൽ പ്രൈസ് കമ്മിറ്റി നിശ്ചയിക്കും. ശരാശരി ഗ്ലോബൽ വിലയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ധന വില നിശ്ചയിക്കുക.

3. ഇനി മുതൽ എമിറേറ്റ്‌സിൽ എകീകൃത വിലയായിരിക്കും: ഇതുവരെ തലസ്ഥാന നഗരിയിൽ വന്ന് പെട്രോൾ അടിച്ചാൽ നേരിയ വിലക്കുറവ് ഉണ്ടായിരുന്നു എന്നത് സത്യം. എന്നാൽ പുതിയ സംവിധാനമനുസരിച്ച് യുഎഇയിലാകമാനം ഏകീകൃത വിലയായിരിക്കും ഈടാക്കുക. എല്ലാ ഡിസ്ട്രീബ്യൂഷൻ കമ്പനികളും ഇത്തരത്തിൽ ഏകീകൃത വില നയമായിരിക്കും പിന്തുടരുക. അതുകൊണ്ടു തന്നെ ഇന്ധനടാങ്ക് കാലിയായാൽ അടുത്തുള്ള പമ്പിൽ നിന്നു തന്നെ പെട്രോൾ നിറച്ചോളൂ. ദുബായ് വരെ കാറോടിച്ചാൽ വിലക്കുറവിൽ പെട്രോൾ അടിക്കാമെന്നൊന്നും ഇനി ഓർക്കുകയേ വേണ്ട.