മനാമ: രാജ്യത്ത് വർദ്ധിച്ചു വരുന്ന ട്രാഫിക് കുരുക്കുകൾ നിയന്ത്രിക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാന് നീക്കം. ഇതിന്റെ ഭാഗമായി ഈ വിഷയത്തിൽ ക്യാപ്പിറ്റൽ ട്രസ്റ്റീ ബോർഡ് ഇന്നലെ സംഘടിപ്പിച്ച പാർലമെന്ററി ഫോറത്തിൽ വിവിധ നിർദ്ദേശങ്ങളാണ് മുമ്പോട്ട് വച്ചിരിക്കുന്നത്.പാർക്കിങിന് പ്രത്യേക ഫീസ് ഈടാക്കി ബാഡ്ജ് ഏർപ്പെടുത്തുക ഇരുചക്ര വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കുക തുടങ്ങിയ നിരവധി നിർദ്ദേശങ്ങളാണ് ഉയർന്ന് വന്നിരിക്കുന്നത്.

രാജ്യത്ത് പാർക്കിംഗിനായി വളരെ പരിമിതമായ സ്ഥലം മാത്രമേയുള്ളൂ എന്നതുകൊണ്ട് തന്നെ ഈ സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തിയിടാൻ ഡ്രൈവർമാരിൽ നിന്ന് ഒരു നിശ്ചിത തുക ഈടാക്കി ലൈസൻസുകൾ വിതരണം ചെയ്യാവുന്നതാണെന്നാണ് പ്രധാന നിർദ്ദേശം. റോഡുകളിൽ അനധികൃതമായി സ്ഥലം കൈയടക്കി ഗതാഗതക്കുരുക്ക് സൃഷ്ടിക്കാൻ അനുവദിക്കുന്നതിന് പകരം നിശ്ചിത സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിടാനായി ലൈസൻസുകൾ നൽകുന്നത് പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് കണ്ടെത്തൽ.

പൊതുനിരത്തുകളിൽ ഇരുചക്രവാഹനങ്ങളെ നിരോധിക്കുന്നതും ഡിപ്ലോമാറ്റിക് ഏരിയ, ഷോപ്പിങ് കോംപ്ലക്‌സുകൾ തുടങ്ങിയ ഇടങ്ങളിൽ പൊതു ഗതാഗത സൗകര്യങ്ങൾ മാത്രം ഉപയോഗിക്കാവുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതും നിർദ്ദേശത്തിൽ ഉയരുന്നുണ്ട്. കൂടാതെ നിശ്ചിത വർഷങ്ങൾ പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കാൻ നീക്കം ഉണ്ട്. ഈ തീരുമാനത്തെ ഇന്നലെ നടന്ന യോഗത്തിൽ എംപി.മാർ പിന്താങ്ങി. ഇതിനായി നിയമനിർമ്മാണം നടത്താനാണ് തീരുമാനമെങ്കിലും വാഹനങ്ങളുടെ പഴക്കം സംബന്ധിച്ച കാര്യത്തിൽ തീരുമാനമായിട്ടില്ല.

ആശയങ്ങളെ ക്രോഡീകരിച്ച് പാർലമെന്റിലേക്കും ശേഷം ഷൂറകൗൺസിലേക്കും നീങ്ങുന്നതോടെ നിർദ്ദേശങ്ങൾ നിയമങ്ങളായി പ്രാബല്യത്തിൽ വരും.