ന്യൂഡൽഹി: അസാധാരണവും ചിലപ്പോൾ അർത്ഥശൂന്യവുമായ കാര്യങ്ങൾ കുറച്ചുസമയത്തിനകം ചെയ്യുകയും പിന്നെ പരിഞ്ഞുപോകുകയും ചെയ്യുന്ന ഒരു ആൾക്കൂട്ടങ്ങളെ ഇനി സിപിഎമ്മിന് വേണ്ട. അടിമുടി മാറ്റത്തോടെ അവതരിച്ച് ജനമനസ്സുകളെ കീഴടക്കാനാണ് സിപിഐ(എം). തീരുമാനം. തൊഴിലാളി വർഗ്ഗ പാർട്ടിയെന്ന പ്രതിശ്ചായ പോലും ഇതിനായി വേണ്ടെന്ന് വയ്ക്കാൻ കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി തയ്യാറാകുന്നു.

പുതുതായി രൂപപ്പെടുന്ന മധ്യവർഗ്ഗം പാർട്ടിയിൽ നിന്ന് അകലുന്നുവെന്ന് സിപിഐ(എം). വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ മാർഗ്ഗ രേഖ തയ്യാറാക്കാൻ പോളിറ്റ് ബ്യൂറോയ്ക്ക് കേന്ദ്ര കമ്മറ്റി നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പത്ത് പേജുള്ള റിപ്പോർട്ടാണ് പോളിറ്റ് ബ്യൂറോ തയ്യാറാക്കിയത്. വിശദ ചർച്ചകൾക്ക് ശേഷം പുതിയ നയരേഖ സിപിഐ(എം). അംഗീകരിക്കും.

മധ്യവർഗ്ഗത്തിന് രാഷ്ട്രീയക്കാരോട് പുച്ഛമാണ്. അവർ രാഷ്ട്രീയക്കാരെ ബഹുമാനിക്കുന്നില്ലെന്നതായിരുന്നു അവസ്ഥ. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഇതിന് മാറ്റം വന്നു. നരേന്ദ്ര മോദിയെ അവർ അംഗീകരിച്ചു. ഇതാണ് ബിജെപിക്ക് നേട്ടമായതെന്നും രേഖയിൽ വിശദീകിരക്കുന്നു. ഡൽഹിയിൽ അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാർട്ടിക്ക് ലഭിച്ച ജനപിന്തുണയും ഉയർത്തിക്കാട്ടൂന്നു. മാറ്റത്തിന് തയ്യാറായാൽ സിപിഎമ്മിനും മുന്നേറാനാകുമെന്നാണ് രേഖ മുന്നോട്ട് വയ്ക്കുന്ന പ്രതീക്ഷ.

നയരേഖയിൽ മാറ്റത്തിന് സമയമായെന്ന് സിപി.എം. നേതൃത്വവും സമ്മതിക്കുന്നു. നഷ്ടമായ ജനസ്വാധീനം തിരച്ചു പിടിക്കാൻ കാലോചിതമായ മാറ്റം അനിവാര്യമാണെന്നാണ് പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയുടെ പ്രതികരണം. വിവധ ജനവിഭാഗങ്ങളിൽ നിന്ന് പാർട്ടി അന്യം നിന്നു. ഇതെല്ലാം പരിഗണിച്ചാണ് പാർട്ടി ചുവടുമാറ്റത്തിന് തയ്യാറെടുക്കുന്നതെന്ന് ബേബി സൂചന നൽകുന്നു സംഘടനാ അടിത്തറയും അനുഭാവികളുടെ എണ്ണ വർദ്ധനയുമാണ് മാറ്റത്തിലൂടെ സിപിഐ(എം). ലക്ഷ്യമിടുന്നത്.

പുതിയ മധ്യവർഗ്ഗം ഉരുത്തിരിഞ്ഞതാണ് സിപിഎമ്മിന് ശക്തി ചോരാൻ കാരണം. ഗ്രാമങ്ങളിൽ നിന്ന് നഗരത്തിലേക്ക് കുടിയേറ്റം കൂടി. പുതിയ തരം ജോലികൾ മധ്യവർഗ്ഗത്തിന്റെ സാമ്പത്തിക സ്ഥിതി കൂട്ടി. സംവരണത്തിലൂടെ പിന്നാക്ക വിഭാഗങ്ങളും നവ മധ്യവർഗ്ഗ ചേരിയിലെത്തി. ഇവരെല്ലാം സിപിഎമ്മന്റെ നയങ്ങളെ അംഗീകരിക്കുന്നില്ല. ഈ വിഭാഗങ്ങളെ ഒപ്പം നിറുത്തി മാത്രമേ തെരഞ്ഞെടുപ്പ് വിപ്ലവത്തിന് കഴിയൂ. ഇതാണ് നരേന്ദ്ര മോദിയും ബിജെപിയും ചെയ്തതെന്ന് പരോക്ഷമായി വിലയുരുത്തുകയാണ് സിപിഐ(എം).

ജനങ്ങളിൽ നിന്ന് അകന്നുവെന്ന തിരിച്ചറിവോടെയാണ് ഇതെന്ന് സിപിഐ(എം). നേതാക്കൾ പോലും മനസ്സിലാക്കുന്നു. സമര രീതിയിലും പ്രവർത്തന ശൈലിയിലും മാറ്റം അനിവാര്യതയാണ്. ഇത്തരം ചർച്ചകൾക്കുള്ള വേദിയായി ഇത്തവണത്തെ പാർട്ടി സമ്മേളനം മാറും. തെറ്റുതിരുത്തൽ രേഖയിലൂടെ പാർട്ടി ഗുണമുണ്ടാക്കാത്ത സാഹചര്യം മനസ്സിലാക്കിയാണ് നയരേഖയിലെ ചുവടുമാറ്റം. തൊഴിലാളി വർഗ്ഗത്തെ മാത്രം കൂടെ നിർത്തി തെരഞ്ഞെടുപ്പ് വിപ്ലവം അസാധ്യമാണ്. അതിനാൽ മധ്യവർഗ്ഗത്തെ ഒപ്പം കൂട്ടണമെന്നാണ് നയരേഖയുടെ കാതൽ.

മധ്യവർഗ്ഗത്തിനൊപ്പം യുവാക്കളും പാർട്ടിയിലേക്ക് അടുപ്പിക്കണം. സമര രീതികൾ മാറ്റിയാലേ ഇത് സാധ്യമാകൂ. മധ്യവർഗ്ഗത്തിന് ബുദ്ധിമുട്ടൊന്നുമില്ലാതെ സമരത്തിന് സഖാക്കൾ പഠിക്കണമെന്നാണ് നയരേഖയിലെ ആവശ്യം. നൃത്ത ചുവടുകളുമായി പ്രതിഷേധം ഉയർത്തുന്ന ഫ്‌ളാഷ് ബോബ് സമര രീതി അവതരിപ്പിക്കണമെന്നാണ് നിർദ്ദേശം. ഓൺലൈൻ പെറ്റീഷൻ, ഡോക്യുമെന്ററികൾ എന്നിവയും നടപ്പാക്കണം. യുവാക്കളേയും മധ്യവർഗ്ഗത്തേയും അടുപ്പിക്കാൻ നേതാക്കൾ പ്രസംഗ ശൈലിയും ഭാഷയും മാറ്റണമെന്നും നിർദ്ദേശമുണ്ട്.

മധ്യവർഗ്ഗത്തെ ഒപ്പം നിർത്താൻ പ്രത്യേക പദ്ധതികളും വേണം. മാലിന്യനിർമ്മാർജ്ജനമെന്ന സാമൂഹി വെല്ലുവിളി ഏറ്റെടുക്കുന്നതുൾപ്പെടെയുള്ളവ ഇതിന്റെ ഭാഗമായി ചെയ്യണം. മധ്യവർഗ്ഗം സി.പിഎമ്മിനെ ശല്യക്കാരായി കാണുന്നുവെന്ന തിരിച്ചറിവും സിപിഎമ്മിനുണ്ട്. വെറുതെ പ്രസംഗിച്ച് നടക്കുന്ന ബൂർഷകളായി കമ്മ്യൂണിസ്റ്റ് നേതാക്കളെ വിലയിരുത്തുന്നു. യുവാക്കൾക്ക് പാർട്ടിയെ പറ്റി അറിയില്ലെന്നും രേഖ വിശദീകരിച്ചിരിക്കുന്നു.

ഇതെല്ലാം കണക്കിലെടുത്താണ് നയരേഖയിൽ മാറ്റം വരുത്താനുള്ള നീക്കം. ബംഗാളിൽ പാർട്ടിക്ക് ഉണ്ടായ തിരച്ചടിയും കേരളത്തിലെ പിന്നോട്ട് പോക്കുമെല്ലാം സിപിഎമ്മിനെ ചിന്തിപ്പിക്കുന്നുണ്ട്. ഈ തോൽവികളിൽ നിന്നുള്ള പാഠം ഉൾക്കൊണ്ടാണ് മാറ്റത്തിന് തയ്യാറാകുന്നത്.