- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും സെൻട്രൽ വിസ്ത പദ്ധതിയിൽ വിട്ടുവീഴ്ചയില്ല; പ്രധാനമന്ത്രിയുടെ വസതിയുടെ നിർമ്മാണം 2022 ഡിസംബറിനുള്ളിൽ തീർക്കണം; സമയപരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ; തീരുമാനം നിർമ്മാണത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചതിനു പിന്നാലെ; പരിഗണിക്കുന്നത് അവശ്യ സർവീസായി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും സെൻട്രൽ വിസ്ത പദ്ധതിയിൽ വിട്ടുവീഴ്ചയില്ലാതെ കേന്ദ്രസർക്കാർ. പദ്ധതിയുടെ ആദ്യഘട്ടത്തിലുള്ള പ്രധാനമന്ത്രിയുടെ വസതിയുടെ നിർമ്മാണം പൂർത്തീകരിക്കാൻ സമയപരിധി നിശ്ചയിച്ചു.. 2022 ഡിസംബറോടെ നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം.
നിർമ്മാണത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചതിനു പിന്നാലെയാണു സർക്കാർ നിർദ്ദേശം. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പദ്ധതി നിർത്തിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ആവശ്യമുന്നയിക്കുന്നതിനിടയിലാണു സർക്കാരിന്റെ പുതിയ നടപടി.
സെൻട്രൽ വിസ്ത പദ്ധതി 'അവശ്യ സർവീസ്' ആയി പരിഗണിക്കുന്നതിനാൽ നിർമ്മാണവുമായി മുൻപോട്ടു പോകാനാണു തീരുമാനം. പ്രധാനമന്ത്രിയുടെ പുതിയ വസതിക്കൊപ്പം പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന എസ്‌പിജിയുടെ ആസ്ഥാനവും പ്രധാന ഓഫിസുകളും ആദ്യഘട്ട നിർമ്മാണത്തിലുണ്ട്. നിലവിൽ, ലോക് കല്യാൺ മാർഗിലാണ് പ്രധാനമന്ത്രിയുടെ വസതി. ഉപരാഷ്ട്രപതിയുടെ വസതിയുടെ നിർമ്മാണം അടുത്ത മേയിൽ തീരുമെന്നാണു പ്രതീക്ഷിക്കുന്നത്.
പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടെ 20,000 കോടി രൂപയിലേറെ മുതൽമുടക്കു വരുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. 64,500 ചതുരശ്രമീറ്റർ വിസ്തീർണമുള്ള പുതിയ പാർലമെന്റ് മന്ദിരം 971 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. പദ്ധതിയുടെ ഭാഗമായി രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന നാല് കിലോ മീറ്ററോളമുള്ള രാജ്പഥ് പാതയ്ക്കിരുവശത്തുമായി സമഗ്രമാറ്റവുമുണ്ടാകും. 2024 പൊതുതിരഞ്ഞെടുപ്പിന് മുമ്പ് മുഴുവൻ ജോലികളും പൂർത്തീകരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് 20,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോകുന്നത്. കോവിഡ് കേസുകൾ അനുദിനം വർധിക്കുന്ന സമയത്ത് കേന്ദ്ര സർക്കാർ വ്യക്തമായ കാഴ്ചപ്പാടോടെ നീങ്ങണമെന്നും ഈ ഘട്ടത്തിൽ സെൻട്രൽ വിസ്തയ്ക്കുവേണ്ടി വൻതുക ചെലവഴിക്കരുതെന്നും കഴിഞ്ഞ ആഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക്