തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോൾ പ്രേമികൾക്ക് പുത്തൻ പ്രതീക്ഷകൾ പകർന്ന് ഒരു പ്രൊഫഷണൽ ടീം കൂടി ഉദയംചെയ്യുന്നു. ട്രിവാൻഡ്രം ഫുട്‌ബോൾ ക്ലബ് എന്ന പേരിൽ തിരുവനന്തപും ആസ്ഥാനമാക്കിയാണ് ടീം പ്രവർത്തനം തുടങ്ങുന്നത്. നേരത്തെ എഫ്‌സി കൊച്ചിൻ ഉൾപ്പെടെയുള്ള പ്രൊഫഷണൽ ക്ലബ്ബുകൾ കേരളത്തിന്റെ പ്രതീക്ഷകൾ വാനോളമുയർത്തിയിരുന്നെങ്കിലും എങ്ങുമെത്താതെ പോകുകയായിരുന്നു.

ട്രിവാൻഡ്രം എഫ്‌സിയുടെ ഉടമകൾ കോവളം ഫുട്‌ബോൾ എഫ്‌സിയാണ്. മുൻ കേരള താരവും പരിശീലകനുമായ എബിൻ റോസ് കുട്ടികളുടെ പരിശീലനത്തിനായി ആരംഭിച്ച കോവളം എഫ്‌സിയാണ് ട്രിവാൻഡ്രം ഫുട്‌ബോൾ ക്ലബായി മാറുന്നത്. ട്രിവാൻഡ്രം എഫ്‌സിക്കു പുറമേ ഫുട്‌ബോൾ അക്കാദമിയും നാല് ഏജ് ഗ്രൂപ്പുകളിലുള്ള ടീമുകളും കോവളം എഫ്‌സിക്കു കീഴിലുണ്ടാകും. ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ അക്കാദമിയിലെത്തിച്ച് ക്ലബിലേക്ക് റിക്രൂട്ട് ചെയ്യാനാണ് ശ്രമം.

നൂറ്റിയമ്പതോളം കുട്ടികളാണ് ഇപ്പോൾ അക്കാദമിയിൽ പരിശീലിക്കുന്നത്. എ ലൈസൻസ്ഡ് കോച്ചായ ഗീവർഗീസ് ടീമിന്റെ മുഖ്യ പരിശീലകനാകും. എബിൻ റോസ്, ഹണി എന്നിവരാണ് മറ്റു പരിശീലകർ. എസ്ബിടിയുടെ മുൻ മാനേജർ കെ എൻ രാജൻ ടീം മാനേജരായി പ്രവർത്തിക്കും.

ക്ലബിന്റെ ഉദ്ഘാടനം ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ വി ശിവൻകുട്ടി എംഎൽഎ നിർവഹിച്ചു. അണ്ടർ 19 ഐ ലീഗ് ടൂർണമെന്റിലൂടെ പ്രൊഫഷണൽ ഫുട്‌ബോളിൽ അരങ്ങേറാനാണ് ട്രിവാൻഡ്രം എഫ്‌സിയുടെ ലക്ഷ്യം. യൂണിവേഴ്‌സിറ്റി സ്റ്റേഡിയം ഒരു വർഷത്തേക്ക് വാടകയ്‌ക്കെടുത്താകും ടീമിന്റെ പരിശീലനം.


പ്രശസ്തമായ ഒരുപിടി ഫുട്‌ബോൾ ക്ലബുകളുടെ ആസ്ഥാനമായിരുന്നു ഒരുകാലത്ത് തിരുവനന്തപുരം. ക്ലബ് ഫുട്‌ബോളിൽ പയറ്റിത്തെളിഞ്ഞ് കേരളത്തിന്റെയും ഡിപ്പാർട്ട്‌മെന്റുകളുടെയും അഭിമാനമായ താരങ്ങളും നിരവധിയാണിവിടെ. പതിറ്റാണ്ടുകൾക്കു ശേഷം ഒരു ഫുട്‌ബോൾ ക്ലബ് കൂടി തിരുവനന്തപുരത്തിന്റെ മണ്ണിൽ പിറവിയെടുത്തത് ഏറെ പ്രതീക്ഷയോടെയാണ് കളിപ്രേമികൾ കാണുന്നത്. ഇന്ത്യൻ സൂപ്പർ ലീഗുൾപ്പെടെയുള്ള ടൂർണമെന്റുകളുടെ വരവ് ഇന്ത്യൻ ഫുട്‌ബോളിന് ഉണർവ് പകർന്നിട്ടുണ്ട്. തങ്ങളുടെ പാത വെട്ടിത്തുറന്ന് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ട്രിവാൻഡ്രം എഫ്‌സി അധികൃതർ.