ദോഹ: ആരോഗ്യമേഖലയുടെ നിലവാരം ഉയർത്തുന്നതിനുള്ള നടപടികളുമായി സർക്കാർ. രോഗികൾക്കും സുരക്ഷിതത്വവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി ലൈസൻസിങ്, അക്രഡിറ്റേഷൻ സംവിധാനങ്ങളാണ് തയാറാക്കിയിരിക്കുന്നത്. അടുത്ത മാസം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സംവിധാനം അടുത്ത മാർച്ചിലാണ് പ്രാബല്യത്തിൽ വരിക.

സർക്കാർ, സ്വകാര്യ ആശുപത്രികൾക്കെല്ലാം ബാധകമാക്കുന്ന പുതിയ സംവിധാനം വിജയകരമാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ പൂർണ തോതിൽ നടപ്പിലാക്കൂ. ഇന്റർനാഷനൽ സൊസൈറ്റി ഫോർ ക്വാളിറ്റി ഇൻ ഹെൽത് കെയർ (ഇസ്‌ക്വ) സെമിനാറിൽ ആരോഗ്യ സുപ്രീം കൗൺസിൽ ഹെൽത് കെയർ ഫെസിലിറ്റീസ് മാനേജർ ഡോ. അയിഷ അൽ അലിയാണ് ഇക്കാര്യമറിയിച്ചത്.

സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് (എസ് സി എച്ച്) നേരിട്ടായിരിക്കും പുതിയ സംവിധാനം നടപ്പിൽ വരുത്തുന്നതിന് നേതൃത്വം നൽകുന്നത്. ഹെൽത്ത് സർവീസിലെ സുതാര്യത മെച്ചപ്പെടുത്തുന്നതിനും രോഗിക്ക് നൽകുന്ന പരിചരണം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ സംവിധാനങ്ങൾ നടപ്പിലാക്കുന്നത്. ഹെൽത്ത് സർവീസിലെ ആരോഗ്യമായ മത്സരത്തിന് ഇതു വഴിതെളിക്കുമെന്നാണ് കരുതുന്നത്.

ഓരോ സേവനദാതാക്കളുടേയും സേവനങ്ങൾ ഹെൽത്ത് അഥോറിറ്റി നേരിട്ട് വിലയിരുത്തുകയും ചെയ്യും.ആരോഗ്യമേഖലയിലെ സ്ഥാപനങ്ങൾക്കു ലൈസൻസ് നൽകുകയാണ് ആദ്യപടി. അക്രെഡിറ്റേഷൻ രണ്ടാമതാണു വരിക. ലൈസൻസ് ലഭിച്ച സേവനദാതാവിനേ അക്രെഡിറ്റേഷൻ ലഭിക്കൂ. രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചാണു പദ്ധതി നടപ്പാക്കുന്നത്. പുതിയ ലൈസൻസിങ് സംവിധാനം നടപ്പാകുന്നതോടെ മികവു പുലർത്താത്ത ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ലൈസൻസ് സർക്കാർ പുതുക്കിനൽകില്ല.