ദോഹ: പുതിയ ഗതാഗതനിയമം ജനുവരി 1 മുതൽ ഖത്തറിൽ നടപ്പിലാക്കും.വലതുവശത്തുകൂടി ഓവർടേക്ക് ചെയ്താൽ പിഴ ഇരട്ടിയാകുന്നത് ഉൾപ്പെടെ അനേകം ഭേദഗതികളോടെയാകും ഗതാഗത നിയമം പ്രാബല്യത്തിൽ വരിക.

തെറ്റായ രീതിയിൽ വാഹനം മറികടക്കുന്നതിനും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായി നീക്കിവച്ച സ്ഥലത്ത് വാഹനം നിർത്തിയിടുന്നതിനും പിഴ ഇരട്ടിപ്പിക്കും. നിലവിൽ അഞ്ഞൂറ് റിയാലായിരുന്നത് ആയിരമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിയമലംഘനം തുടരുന്നവർക്ക് തടവും പിഴയും ഉണ്ടാകും. വേഗ പരിധി ലംഘിച്ചാൽ ഡ്രൈവറുടെ പോയിന്റ് സ്‌കെയിലിൽ നിന്ന് പോയിന്റ് കുറയ്ക്കും. എന്നാൽ അതിന് പിഴ ഈടാക്കല്ല. പിഴ ഒരു മാസത്തിനുള്ളിൽ അടച്ചാൽ റോഡിലെ ചില നിയമ ലംഘനങ്ങൾക്കുള്ള പിഴ പകുതിയാക്കും. 30 ദിവസം കഴിഞ്ഞാൽ പിഴ മുഴുവനായും അടയ്‌ക്കേണ്ടി വരും.

നിയമലംഘനത്തിന്റെ പേരിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽവെക്കുന്ന കാലാവധി ആറുമാസത്തിൽ നിന്ന് മൂന്ന് മാസമാക്കി ചുരുക്കും. കാലാവധിക്കുള്ളിൽ പിഴ അടച്ച് വാഹനം തിരിച്ചെടുത്തില്ലെങ്കിൽ ലേലംചെയ്യും. ലേലത്തിന് ശേഷം കിട്ടുന്ന പണം ഉപയോഗിച്ച് പിഴ അടയ്ക്കും. ബാക്കി പണമുണ്ടെങ്കിൽ അത് വാഹന ഉടമയ്ക്ക് കൈമാറുമെന്നും ഗതാഗതവകുപ്പ് ഡയറക്ടർ പറഞ്ഞു.

വിൽപ്പനയ്ക്ക് എന്ന അറിയിപ്പുമായി വാഹനങ്ങൾ പൊതുസ്ഥലത്ത് നിർത്തിയിടുന്നതിന് നിരോധനമുണ്ടാകും. അത്തരത്തിൽ ചെയ്യുന്നതിന് ഗതാഗതവകുപ്പിൽനിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. നേരത്തേ ഇത്തരം കേസുകൾ ഗതാഗതവകുപ്പും നഗര നഗരാസൂത്രണ വകുപ്പും ചേർന്നാണ് കൈകാര്യം ചെയ്തിരുന്നത്. ഇനി മുതൽ അത് ഗതാഗതവകുപ്പ് മാത്രമായിരിക്കും കൈകാര്യം ചെയ്യുക.