ഷാർജ: അമിതവേഗതയും ചുവപ്പ് ലൈറ്റ് മറികടക്കലും അടക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ മൂലം വാഹനാപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് 40 പുതിയ റഡാറുകൾ സ്ഥാപിച്ചത്. വാഹനാപകടങ്ങളുടെ തോത് കുറയ്ക്കുകയാണ് ഗതാഗത വകുപ്പിന്റെ ലക്ഷ്യം. പുതിയ പദ്ധതി പുതുവർഷത്തിന്റെ ആദ്യദിനത്തിൽ തന്നെ പ്രവർത്തനം ആരംഭിച്ചു.

അപകടങ്ങൾ താരതമ്യേന കൂടുതലുള്ള മേഖലകളിലാണ് റഡാറുകൾ സ്ഥാപിച്ചിട്ടുള്ളത്. വളരെ വേഗതയിൽ എത്തുന്ന വാഹനങ്ങൾ ട്രാഫിക് സിഗ്നൽ മഞ്ഞയായാലും സ്പീഡ് കുറയ്ക്കാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണമാവുന്നത്. റഡാറുകൾ സ്ഥാപിച്ചതോടെ വാഹനാപകടങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാവുകയും പിഴയിൽ നിന്നും ബ്ലാക്ക് പോയന്റിൽ നിന്നും ഒഴിവാകുകയും ചെയ്യാം.

വാഹനാപകടങ്ങൾ ഉണ്ടാകുന്നതിൽ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് വാഹനങ്ങൾ തമ്മിലുള്ള അകലം കുറവാണ് എന്നതാണ്. ഇതിന് പരിഹാരമായി റോഡുകളിൽ ഷെവ്‌റോൺ അടയാളപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. റോഡുകളിൽ ഷെവ്‌റോൺ അടയാളപപെടുത്തുന്നതോടെ വാഹനങ്ങൾ തമ്മിൽ ഒരു നിശ്ചിത അകലം ഉണ്ടാവും. പാശ്ചാത്യ നാടുകളിൽ നിലവിലുള്ള ഈ ഗതാഗത പരിഷ്‌കാരം വിജയം കണ്ടാൽ വാഹനാപകടങ്ങളുടെ എണ്ണത്തിൽ വൻകുറവുണ്ടാകുമെന്നാണ്   അധികൃതരുടെ പ്രതീക്ഷ. അതേസമയം, വാഹന രജിസ്‌ട്രേഷൻ കാലാവധി നാലു വർഷമാക്കണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്.