റിയാദ്: സ്വകാര്യസ്‌കൂളുകൾ തുടങ്ങുന്നതിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫേഴ്‌സ് മന്ത്രാലയം. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചുകൊണ്ടാണ് പുതിയ സ്വകാര്യ സ്‌കൂളുകൾക്കുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ പ്രഖ്യാപനം വന്നുകഴിഞ്ഞ് മൂന്നു വർഷത്തേക്ക് ഇതുബാധകമായിരിക്കുമെന്നാണ് മന്ത്രാലയം വെളിപ്പെടുത്തിയിട്ടുള്ളത്.

സ്‌കൂളുകൾ തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങൾ പോലെ തന്നെ സ്‌കൂൾ കെട്ടിടത്തിന് വേണ്ട നടപടി ക്രമങ്ങളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂൾ കെട്ടിടങ്ങൾക്കു മുന്നിലുള്ള തെരുവുകളുടെ വീതി 20 മീറ്റർ എങ്കിലും വേണമെന്നം നിഷ്‌ക്കർഷിക്കുന്നു. തിരിക്കേറിയ റോഡുകൾക്കു സമീപം സ്‌കൂളുകൾ സ്ഥാപിക്കരുതെന്നുണ്ട്. അതുപോലെ തന്നെ ഗ്യാസ് സ്‌റ്റേഷനിൽ നിന്ന് 100 മീറ്റർ അകലവും ഗ്യാസ് സിലിണ്ടർ സ്‌റ്റോറിൽ നിന്നും 50 മീറ്റർ അകലവും ഉണ്ടായിരിക്കണം.

നഴ്‌സറി സ്‌കൂളുകൾക്ക് 600 സ്‌ക്വയർ മീറ്റർ വിസ്തൃതി ഉണ്ടാകണമെന്നും കിന്റർഗാർട്ടനുകൾക്ക് ഇത് 900 സ്‌ക്വയർ മീറ്റർ ആകണമെന്നുമാണ് നിബന്ധന. എലിമെന്ററി സ്‌കൂളിന് 2000 സ്‌ക്വയർ മീറ്ററും ഹൈ സ്‌കൂളിന് 3000 സ്‌ക്വയർ മീറ്ററും വീസ്തൃതിയാണ് വേണ്ടത്. കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പാർക്കിങ് ഏരിയ നൽകുന്ന കാര്യത്തിലും നിബന്ധനകൾ വച്ചിട്ടുണ്ട്.