ദോഹ: രാജ്യത്തെ കൺസ്‌ട്രേഷൻ മേഖലയ്ക്ക് കൂടുതൽ നിർദ്ദേശങ്ങളുൾപ്പെടുത്തിക്കൊണ്ട് പുതിയ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്താൻ പദ്ധതി. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കാത്ത രീതിയിലായിരിക്കണം കെട്ടിടങ്ങളും നിർമ്മാണവും, അഴിച്ചുപണിയും പൊളിക്കലുമെല്ലാം എന്ന നിർദ്ദേശമാണ് ഇതിൽ പ്രധാനം. കൂടാതെ വ്യാവസായിക, റസിഡൻഷ്യൽ ഏരിയകളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് മുൻസിപ്പാലിറ്റി, അർബൻ പ്ലാനിങ് മന്ത്രാലയം അറിയിച്ചു.

അടുത്തിടെ മന്ത്രാലയം പുറത്തുവിട്ട മാർഗ്ഗരേഖയിലാണ് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയിട്ടുള്ളത്. ഏപ്രിൽ 28ന് തൊഴിൽ സ്ഥലത്തെ സുരക്ഷ, ആരോഗ്യം എന്ന ദിനത്തിലാണ് ഇത്തരമൊരു മാർഗ്ഗനിർദ്ദേശം മന്ത്രാലയം പുറത്തിറക്കിയത്.നിലവിലുള്ള നിയമങ്ങൾക്ക് പുറമെയാണ് പുതിയ മാർഗ്ഗ നിർദ്ദേശവുമായി മന്ത്രാലയം മുന്നിട്ടിറങ്ങിയിരിക്കുന്നത്.

റസിഡൻഷ്യൽ ഏരിയയിലെ നിർമ്മാണ പ്രവർത്തനത്തിനുള്ള സമയം ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 6.30 മുതൽ വൈകിട്ട് 6 മണിവരെയാണ്. ശനിയാഴ്ചകളിൽ ഇത് രാവിലെ 8 മണിമുതൽ ഉച്ചവരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 മണിവരെയുമാണ്. വെള്ളിയാഴ്ചയും, ഈദ് അവധി ദിനങ്ങളിലും നിർമ്മാണങ്ങൾ പാടില്ല. അതേസമയം കൊമേഷ്യൽ ഏരിയയിൽ ശനിയാഴ്ച മുതൽ വ്യാഴാഴ്ചവരെ തൊഴിൽ ചെയ്യാനാകും. വെള്ളിയാഴ്ച മാത്രമാണ് പ്രദ്യേക സമയം. വെള്ളിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ ജോലി ചെയ്യാനാകും. ഈദ് ദിവസം ജോലി അനുവദനീയമല്ല. സ്‌കൂളിന് അടുത്തുള്ള ജോലി സ്ഥലങ്ങളിൽ രാവിലെ 7 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ ശബ്ദമുണ്ടാകാതെ വേണം നിർമ്മാണങ്ങൾ നടത്താനെന്നും നിർദ്ദേശമുണ്ട്.

ഇതിന് പുറമെ ചില നിർദ്ദേശങ്ങൾ കൂടി മുന്നോട്ട് വയ്ക്കുന്നുണ്ട്. മുൻസിപ്പാലിറ്റിയുടെ നിർദ്ദേശപ്രകാരമുള്ള വേലികൾ കെട്ടണം. നടക്കാൻ 1.5 മീറ്റർ വഴിയിട്ടതിന് ശേഷം മാത്രമേ ഇത്തരം വേലികൾ നിർമ്മിക്കാൻ പാടുള്ളൂ. കോൺട്രാക്ടർ നിർബന്ധമായും ഒരു സൂപ്പർവൈസറെ നിയമിക്കണം. വർക്ക് സൈറ്റിൽ ആളുകളുടെ സുരക്ഷയും ആരോഗ്യവും നിരീക്ഷിക്കേണ്ടത് ഇയാളുടെ കർത്തവ്യമായിരിക്കുമെന്നാണ് പുതിയ നിയമത്തിലൂടെ മന്ത്രാലയം വ്യക്തമാക്കുന്നത്.