മുംബൈ: ബോളിവുഡ് വീണ്ടും മറ്റൊരു വിവാദത്തിനു തിരികൊളുത്തുകയാണ്. സൂപ്പർ താരം ഹൃത്വിക് റോഷനും ഭാര്യ സൂസെയ്‌നും ബന്ധം വേർപെടുത്താൻ കാരണം എന്താണെന്ന ചർച്ച ചൂടുപിടിക്കുകയാണ് ബോളിവുഡിൽ. കോടതി ഔദ്യോഗികമായി വിവാഹമോചനം അംഗീകരിച്ചശേഷം ഹൃത്വിക് റോഷനൊപ്പം ഒരു യുവതി പ്രത്യക്ഷപ്പെട്ടതോടെയാണ് പുതിയ ചർച്ച തുടങ്ങിയത്.

ആരാണിതെന്ന അന്വേഷണം മാദ്ധ്യമങ്ങളും താരത്തിന്റെ ആരാധകരും തുടങ്ങിയിട്ടുണ്ട്. എന്താണ് താരവുമായി ഈ സ്ത്രീക്കുള്ള ബന്ധമെന്നും സൂസെയ്‌നുമായി പിരിയാൻ ഹൃത്വിക്കിനെ പ്രേരിപ്പിച്ചത് ഇവരാണോ എന്ന അന്വേഷണവും ആരംഭിച്ചുകഴിഞ്ഞു.

മുംബൈയിലെ തിയറ്ററിൽ ഇവർ രണ്ടും ഒന്നിച്ചെത്തിയതോടെയാണ് പുതിയ ചർച്ചകൾക്കു തുടക്കമായത്. തിയറ്റിലെത്തിയ ഹൃത്വിക്കിനെ ഓടിയെത്തി ആലിംഗനം ചെയ്യുന്ന യുവതിയുടെ ചിത്രങ്ങൾ സ്ഥലത്തുണ്ടായിരുന്ന ഫോട്ടോഗ്രാഫർമാർ അപ്പോൾതന്നെ പകർത്തുകയും ചെയ്തു. പരിക്കേറ്റ കൈയിൽ കെട്ടുമായി വന്ന ഹൃത്വിക് റോഷനെ പരിചരിക്കുന്നതിൽ യുവതി ഏറെ ശ്രദ്ധചെലുത്തുകയും ചെയ്തു.

ഈ മാസം ആദ്യമാണ് ഹൃത്വിക്കിനും സൂസെയ്‌നും ബാന്ദ്ര കോടതി വിവാഹമോചനം അനുവദിച്ചത്. കുട്ടിക്കാലം മുതലേ പ്രണയബദ്ധരായിരുന്ന ഇരുവരും പതിനാലുവർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് പിരിഞ്ഞത്. ഇരുവർക്കും രണ്ടുകുട്ടികളുമുണ്ട്.

പുതിയ ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ താരത്തിനൊപ്പമുള്ള യുവതിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾതേടി മാദ്ധ്യമങ്ങൾക്കൊപ്പം ആരാധകരും പാഞ്ഞുതുടങ്ങി. ഹൃത്വിക്കിനൊപ്പമുള്ളത് ആരാണെന്നു തങ്ങൾക്ക് അറിയില്ലെങ്കിലും അവർ തമ്മിലുള്ള ആശയവിനിയമത്തിലൂടെ ആരാധികയ്ക്ക് അപ്പുറമുള്ള എന്തോ ബന്ധം വായിച്ചറിയാനായി എന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ടുചെയ്തത്. വീണ്ടും ഒറ്റയ്ക്കായ നടന് എല്ലാ ഭാവുകങ്ങളും നേർന്നാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്.