മെൽബൺ: രാജ്യത്ത് സ്‌കിൽഡ് ലേബർ ഷോർട്ടേജ് അനുഭവപ്പെടാൻ തുടങ്ങിയതോടെ പുതിയ സ്‌കിൽഡ് ഒക്യൂപ്പേഷൻ ലിസ്റ്റ് ജൂലൈ മുതൽ പ്രാബല്യത്തിലാകുമെന്ന് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ്. വ്യാവസായിക മേഖലയിൽ വന്നിട്ടുള്ള പുരോഗതി മൂലം രാജ്യത്ത് സ്‌കിൽഡ് ലേബറിന്റെ കുറവ് ഏറെയാണെന്നും അതു നികത്തുന്നതിന് പുതിയ സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റ് അടുത്ത മാസം മുതൽ പ്രാബല്യത്തിലാക്കുമെന്നും ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

നിലവിലുള്ള കാറ്റഗറികളിൽ ഏറെ വ്യത്യാസം വരുത്തി അടുത്ത കാലത്താണ് പുതിയ സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റ് തയാറാക്കിയത്. അതേസമയം 2016 ജൂലൈ ഒന്നിന് മുമ്പ് ആപ്ലിക്കേഷൻ സമർപ്പിക്കുന്നവർക്ക് പുതിയ മാറ്റങ്ങൾ ബാധിക്കില്ലെന്നും ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നിലവിൽ ഏതാനും വിസാ കാറ്റഗറികൾക്ക് പുതിയ ഒക്യൂപ്പേഷൻ ലിസ്റ്റ് ബാധകമാകും. ടെമ്പററി ഗ്രാജ്വേറ്റ് വിസാ ഓഫ് സബ് ക്ലാസ് 485, സ്‌കിൽഡ് ഇൻഡിപെൻഡന്റ് വിസാ ഓഫ് സബ് ക്ലാസ് 189, ഫാമിലി സ്‌പോൺസേർഡ് വിസ എന്നിവയ്ക്ക് പുതിയ ലിസ്റ്റ് പ്രകാരം മാറ്റങ്ങൾ ഉണ്ടായിരിക്കും.

ഈ കാറ്റഗറികളിൽ വിസയ്ക്കു വേണ്ടി അപേക്ഷ സർപ്പിക്കുന്നവർ ആദ്യം ചെയ്യേണ്ടത് പുതിയ സ്‌കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റിൽ ഇവ തങ്ങളുടെ കാറ്റഗറി ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നതാണ്. പുതിയ ഒക്യുപ്പേഷൻ ലിസ്റ്റിൽ ചില തൊഴിൽ അവസരങ്ങൾ കൂട്ടിച്ചേർക്കപ്പെടുകയും നിലവിലുള്ള ചിലത് ഉപേക്ഷിച്ചിട്ടുമുണ്ട്.

ഓഡിയോളജിസ്റ്റ്, പ്രോത്തെറ്റിസ്റ്റ് എന്നീ രണ്ടു തൊഴിൽ അവസരങ്ങൾ പുതിയ ഒക്യുപ്പേഷൻ ലിസ്റ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. അതേസമയം എൻവയോൺമെന്റൽ ഹെൽത്ത് ഓഫീസർ, മൈനിങ് എൻജിനീയർ, മെറ്റലർജിസ്റ്റ്, ഡെന്റൽ തെറാപ്പിസ്റ്റ്, പെട്രോളിയം എൻജിനീയർ തുടങ്ങിയ മേഖലകൾ ലിസ്റ്റിൽ നിന്നു നീക്കം ചെയ്തിട്ടുണ്ട്.