കോഴിക്കോട്: ലൈംഗിക അധിക്ഷേപ പരാതിക്കാരെ പിന്തുണച്ചവരെ വെട്ടിനിരത്തി എം.എസ്.എഫിന്റെ വനിതാ വിഭാഗം 'ഹരിത'യ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി. മുസ്ലിംലീഗ് സംസ്ഥാന നേതൃത്വമാണ് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

പി എച്ച് ആയിഷ ബാനുവാണ് ഹരിതയുടെ സംസ്ഥാന പ്രസിഡന്റ്. റുമൈസ റഫീഖ് ജനറൽ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഹരിത സംസ്ഥാന കമ്മിറ്റി ലീഗ് നേതൃത്വം പിരിച്ചു വിട്ടിരുന്നു. അതിന് പകരമായുള്ള പുതിയ കമ്മിറ്റിയെ ഇപ്പോൾ പ്രഖ്യാപിച്ചതും ലീഗ് സംസ്ഥാന നേതൃത്വം തന്നെയാണ്.

ഭാരവാഹിപ്പട്ടിക

പ്രസിഡന്റ് - ആയിശ ബാനു പി.എച്ച് (മലപ്പുറം).
വൈസ് പ്രസിഡന്റുമാർ -നജ്വ ഹനീന (മലപ്പുറം), ഷാഹിദ റാശിദ് (കാസർകോട്), അയ്ഷ മറിയം (പാലക്കാട്).
ജനറൽ സെക്രട്ടറി-റുമൈസ റഫീഖ് (കണ്ണൂർ).
സെക്രട്ടറിമാർ- അഫ്ഷില (കോഴിക്കോട്), ഫായിസ. എസ് (തിരുവനന്തപുരം),അഖീല ഫർസാന (എറണാകുളം).
ട്രഷറർ- നയന സുരേഷ് (മലപ്പുറം)

പുതിയ കമ്മിറ്റിയിലെ സംസ്ഥാന പ്രസിഡന്റ് ആയിഷ ബാനു പഴയ കമ്മിറ്റിയിലെ ട്രഷറർ ആയിരുന്നു. ലൈംഗിക അധിക്ഷേപ പരാതി നൽകിയവരുടെ കൂട്ടത്തിൽ ഇവർ ഉൾപ്പെട്ടിരുന്നില്ല. പുതിയ ജന. സെക്രട്ടറി റുമൈസ റഫീഖും എം.എസ്.എഫ്. ഔദ്യോഗിക പക്ഷത്തെയാളാണ്. ചുരുക്കത്തിൽ പരാതിക്കാരെ പിന്തുണച്ചവരെ വെട്ടിനിരത്തിയാണ് ഹരിതയ്ക്ക് പുതിയ കമ്മിറ്റി വന്നത്. പഴയ കമ്മിറ്റിയിലെ പത്തംഗങ്ങളായിരുന്നു വനിതാ കമ്മിഷനും പിന്നീട് പൊലീസിനും പരാതി നൽകിയത്. ഹരിത വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുൻ ഭാരവാഹികൾക്ക് നിഗൂഡ ലക്ഷ്യങ്ങളുണ്ടായിരുന്നു എന്നും ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.



ജൂൺ 22 ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് പഴയ ഹരിത സംസ്ഥാന കമ്മിറ്റിയിലെ 10 നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത്.

ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുൾ വഹാബിന്റെയും പ്രതികരണമെന്നായിരുന്നു ഹരിത നേതാക്കൾ പറഞ്ഞത്.

എന്നാൽ പാർട്ടിക്ക് കിട്ടിയ പരാതിയിൽ തീരുമാനം വരും മുമ്പേ വനിതാ കമ്മീഷന് പരാതി നൽകിയ ഹരിത നേതാക്കളുടെ നടപടി അച്ചടക്ക ലംഘനമെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ പൊതുവികാരം. സമവായ ചർച്ചകളെത്തുടർന്ന് നവാസും കബീർ മുതുപറമ്പിലും സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ മാപ്പല്ല സംഘടനാ തലത്തിലുള്ള നടപടിയാണ് വേണ്ടതെന്ന നിലപാടിലായിരുന്നു ഹരിത നേതാക്കൾ.

നവാസ് അടക്കമുള്ള എംഎസ്എഫ് നേതാക്കൾക്ക് എതിരെ നടപടിയെടുക്കാതെ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കില്ലെന്ന നിലപാടിലായിരുന്നു ഹരിത. ഇതിന് പിന്നാലെ ഹരിത നേതാക്കൾ അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു.