തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് നടപ്പിലാക്കിയ നോട്ട് നിരോധനം സാധാരണക്കാരെ ബാധിച്ചിട്ടുണ്ട് എന്നത് ഒരു നഗ്നമായ യാഥാർത്ഥ്യമാണ്. അവശ്യ സാധനങ്ങൾ വാങ്ങാൻ കഴിയാത്ത വിധത്തിൽ ജനം ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ, ഇതിനിടെയും കേരള സമൂഹത്തെ കാർന്നുതിന്ന ചില തെറ്റുകളിലേക്ക് വിരൽ ചൂണ്ടുന്നതുമാണ്. കാരണം സ്വന്തം ആസ്തിയും പക്കലുള്ള പണവും വെളിപ്പെടുത്താതെ പൂഴ്‌ത്തിവെക്കുന്ന മലയാളികളുടെ ചില പ്രവണത തന്നെയാണ് നോട്ട് നിരോധനത്തിലൂടെ പുറത്തുവന്നത്. കള്ളപ്പണക്കാരെയും കുഴൽപ്പണക്കാരെയും കേന്ദ്രസർക്കാറിന്റെ തീരുമാനം വലച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ നടന്ന ചർച്ചയിൽ എന്തുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉയരാത്ത വിധത്തിൽ കേരളത്തിൽ മോദി സർക്കാറിന്റെ തീരുമാനത്തിൽ പ്രതിഷേധം ഉയരുന്നു എന്ന ചോദ്യം സാമ്പത്തിക വിദഗദ്ധ മേരി ജോർജ്ജ് ഉന്നയിക്കുകയുണ്ടായി. അവർ അക്കമിട്ട് പറഞ്ഞ കാര്യങ്ങളുടെ വസ്തുത പരിശോധിക്കുമ്പോൾ കടുത്ത മോദി വിമർശകർക്ക് പോലും ചില മേന്മകൾ കണ്ടെത്താൻ സാധിച്ചെന്നിരിക്കും. അത്തരത്തിൽ കൃത്യമായ കാര്യങ്ങളാണ് മേരി ജോർജ്ജ് ഉന്നയിച്ചത്.

നോട്ട് മാറ്റി വാങ്ങാൻ മഷി പുരട്ടലിലേക്ക് കേന്ദ്രസർക്കാർ എത്തിയ കാര്യത്തെ കുറിച്ചായിരുന്നു വിനു വി ജോൺ നയിച്ച ചർച്ച. ചർച്ചയിൽ പങ്കെടുത്ത മേരി ജോർജ്ജ് വ്യക്തമാക്കിയത് മഷി പുരട്ടൽ റിസർ ബാങ്കിന്റെയും സർക്കാറിന്റെയും അറ്റകൈ പ്രയോഗമാണെന്നാണ്. കൂടാതെ എന്തുകൊണ്ടാണ് സമൂഹത്തിൽ ഇത്തരം പരിഭ്രാന്തിയെന്നും അവർ വ്യക്തമാക്കി. കള്ളപ്പണം ഇല്ലാത്തവരെ മുൻനിർത്തി കള്ളപ്പണം കൈവശം വെക്കുന്നവർ കളിക്കുന്നതാണ് ഇപ്പോഴത്തെ പരിഭ്രാന്തിക്ക് കാരണമെന്നായിരുന്നു അവരുടെ നിരീക്ഷണം. സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടായി എന്നത് സത്യമാണ്. എന്നാൽ, അടിയന്തരാവസ്ഥയെന്ന വിധത്തിലേക്ക് ഇപ്പോഴത്തെ കാര്യങ്ങൾ മാറ്റിയതിന് പിന്നിൽ കള്ളപ്പണക്കാർ തന്നെയാണ്-അവർ പറഞ്ഞു.

പ്രഥമിക സഹകരണ ബാങ്കുകളിൽ പണം സ്വീകരിക്കുന്നത് റദ്ദാക്കിയ കേന്ദ്ര നടപടിയെയും മേരി ജോർജ്ജ് ന്യായീകരിച്ചു. ഇതിന് കൃത്യമായ ഡാറ്റകളുടെ അകമ്പടിയുമുണ്ടായിരുന്നു. 2800 കോടി രൂപ സഹകരണ ബാങ്കുകൾ സ്വീകരിച്ചു. ഇത് സ്വീകരിച്ചു കഴിഞ്ഞപ്പോൾ കേന്ദ്ര സർക്കാറും ആർബിഐക്കും വെള്ളപ്പണമാക്കി ഇറക്കാൻ അവസരമില്ലാത്ത അവസ്ഥയാണുണ്ടായത്. എന്നാൽ, കേന്ദ്രസർക്കാറിന്റെ തീരുമാനം അവർക്ക് തന്നെ തിരിച്ചടിയായി- മേരി ജോർജ്ജ് വ്യക്തമാക്കി.

അടുത്തിടെ പുറത്തിറങ്ങിയ സാമ്പത്തിക സർവേയിൽ പറയുന്നത് കേരളത്തിലെ ഗ്രാമത്തിലെ 68 ശതമാനം ആളുകളും കടക്കെണിയിലാണ് എന്നാണ്. ശരാശരി കടം ആറ് ലക്ഷം രൂപയിൽ അധികം വരും. കാർഷികേതര വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ഗ്രാമീണർ 49 ശതമാനവും കടക്കെണിയിലാണെന്നും സർവേയിൽ പറയുന്നുണ്ട്. ആളോഹരി കടം രണ്ടര ലക്ഷം രൂപയാണ്. ഇങ്ങനെ കടക്കെണിയിൽ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലാണ് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഇത്തരം സഹകരണ സംഘങ്ങളിൽ മോദി നോട്ട് നിരോധിച്ച സമയത്ത് എങ്ങനെ 2800 കോടി രൂപ ഒഴുകിയെത്തി എന്ന ചോദ്യാണ് മേരി ജോർജ്ജ് ഉന്നയിച്ചത്. ഇത് കള്ളപ്പണമാകാം എന്ന നിരീക്ഷണമാണ് മേരി ജോർജ്ജ് നടത്തിയത്.

കടക്കെണിയിലായവരെ മുൻനിർത്തി കള്ളപ്പണക്കാരും കുഴൽപ്പണക്കാരും കളിക്കുന്നു എന്നത് പരിശോധിക്കേണ്ടത് ഇവിടെയാണെന്നും അവർ പറയുന്നു. ജൻധൻ അക്കൗണ്ടുകളിൽ ഒരു രൂപ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് അടുത്ത ദിവസങ്ങലിൽ 49000 രൂപ വരെയായി ഉയർന്നിട്ടുണ്ട്. എന്നാൽ, 50,000 ആയില്ല. അതിന് കാരണം പരിശോധനകളെ ഭയന്നാണെന്നും അവർ വ്യക്തമാക്കി. കേരളത്തിൽ അങ്ങോളമിങ്ങോളം വ്യാപിച്ചു കിടന്ന കുഴൽപ്പണക്കാർക്കേറ്റ തിരിച്ചടിയും മേരി ജോർജ്ജ ചാനൽ ചർച്ചയിൽ ചൂണ്ടിക്കാട്ടി.

ഗൾഫിൽ ജോലി ചെയ്യുന്ന മലയാളികളിൽ നല്ലൊരു ശതമാനം കുഴൽപ്പണ മാഫിയക്കാരെ ഉപയോഗിക്കുന്നുണ്ട്. നേരായ മാർഗ്ഗങ്ങളെ ഒഴിവാക്ക് കുഴൽപ്പണക്കാരുടെ സഹായം തേടുന്നവരാണ് ഇക്കൂട്ടൽ. ഇങ്ങനെ എത്തുന്ന പണമാണ് ഭൂമിയിലും സ്വർണ്ണത്തിലുമായി നിക്ഷേപിക്കപ്പെടുന്നത്. ഇക്കൂട്ടരാണ് കേരളത്തിൽ സാധാരണക്കാരന് താമസിക്കാൻ കഴിയാത്ത വിധത്തിൽ സാമൂഹ്യ അന്തരീക്ഷം സൃഷ്ടിച്ചത്. ഇതിനൊക്കെ എതിരാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നടപടി. ഇന്ത്യാ ഗവൺമെന്റ് ഇത് തടയാൻ വേണ്ടി മുമ്പു തന്നെ രണ്ട് നടപടികൾ ഏർപ്പെടുത്തിയിരുന്നു. ബജറ്റിലാണ് പ്രഖ്യാപനം വന്നത്. ഒന്ന് കള്ളപ്പണം സ്വയം വെളിപ്പെടുത്തി 40 ശതമാനം നികുതി അടയ്ക്കുക എന്നതാണ്. രണ്ടര ലക്ഷത്തിന് മുകളിലുള്ള സാധനങ്ങൾ വാങ്ങുമ്പോൾ പാൻ കാർഡ് ഉപയോഗിക്കുക എന്നതും.

രാഷ്ട്രീയക്കാർ കള്ളപ്പണം പൂഴ്‌ത്തിവെക്കുന്നതിനെ കുറിച്ചും മേരി ജോർജ്ജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫണ്ടായി വൻ തുക നേതാക്കൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ, പലരും ഈ തുകയിൽ നല്ലൊരു ശതമാനവും ഉപയോഗിക്കുന്നില്ല. ഇങ്ങനെ ഉപയോഗിക്കാത്ത പണം കുമിഞ്ഞു കൂടുന്നുണ്ട്. ഇപ്പോൾ മോദി കൈക്കൊണ്ട പൊടുന്തനെയുള്ള തീരുമാനത്തോടെ രാഷ്ട്രീയക്കാർക്ക് ഈ പണം ഇൻവെസ്റ്റ് ചെയ്യാൻ സാധിച്ചില്ല. ഇത്തരക്കാർ കൂടി ചേർന്നാണ് വലിയ ഭീകരാവസ്ഥ നോട്ട് നിരോധനത്തെ തുടർന്നുണ്ടായി എന്ന പ്രതീതി സൃഷ്ടിക്കുന്നതെന്നും മേരി ജോർജ്ജ് വ്യക്തമാക്കി. ഇലക്ഷനുമായി ബന്ധപ്പെട്ട കള്ളപ്പണ വിനിയോഗം തടയാൻ സാധിച്ചാൽ അത് വിലയ നേട്ടമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. മേരി ജോർജ്ജിന്റെ നിലപാടിന് വലിയ സ്വീകാര്യത സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്നത്. കേരളത്തിലെ യഥാർത്ഥ സാമ്പത്തിക അന്തരീക്ഷം ചൂണ്ടിക്കാട്ടുകയാണ് അവർ ചെയ്തതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

  • മേരി ജോർജ്ജിന്റെ നിരീക്ഷണം 11.30 മിനിറ്റ് മുതൽ