കുവൈറ്റ് സിറ്റി: രാജ്യം ചൂടിൽ വെന്തുരുകുന്നതോടെ വൈദ്യുതി ഉപയോഗവും റെക്കോർഡിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസം 13390 മെഗാവാട്ട് വൈദ്യുതി ഉപയോഗിച്ചതായാണ് വൈദ്യുതി-ജലം മന്ത്രാലയം വെളിപ്പെടുത്തിയത്. ആഴ്ചകളായി താപനില 50 ഡിഗ്രിക്ക് അടുത്ത് തുടരുന്നത് ജീവിതം ദുസ്സഹമാക്കിയിരിക്കുകയുമാണ്.

കടുത്ത ചൂട് കാരണം എയർകണ്ടീഷനുകൾ കൂടുതലായി ഉപയോഗിച്ചതാണ് ഉപഭോഗം കൂടാനിടയാക്കിയത്. അതേസമയം, 15,000 മെഗാവാട്ട് വരെ ഉയർന്നാലും വഹിക്കാനുള്ള ശേഷിയുണ്ടെന്ന് മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി. ആളോഹരി വൈദ്യുതിയുടെ ഉപയോഗത്തിൽ ലോകതലത്തിൽ കുവൈത്ത് മുന്നിലാണെന്ന് ജല-വൈദ്യുതി മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് ബൂഷഹരി ഏപ്രിലിൽ പറഞ്ഞിരുന്നു. രാജ്യത്തെ ഒരു പൗരൻ പ്രതിവർഷം ശരാശരി 15,700 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം  സ്‌കൂളുകളിലും നഴ്സറികളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും വെള്ളം വൈദ്യുതി എന്നിവയ്ക്ക് പുതുക്കിയ നിരക്കുകൾ നൽകണമെന്ന് അധികൃതർ നിർദേശിച്ചു. വൈദ്യുതി കിലോവാട്ടിന് 25ഫിൽസിന്റെ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ആയിരം ഗാലൺ വെള്ളത്തിന് നാല് ദിനാറും നൽകണം. ഇക്കാര്യം വിദ്യാഭ്യാസവകുപ്പിനെ അറിയിച്ചിട്ടുണ്ട്.