മസ്‌ക്കറ്റ്: ഒമാനിലുള്ള 19 ഇന്ത്യൻ സ്‌കൂളുകളിലും പുതിയ അദ്ധ്യാപക നിയമനത്തിന് പുതിയ ചട്ടങ്ങൾ ഏർപ്പെടുത്തുന്നു. സ്‌കൂളുകളിലേക്ക് നിയമിക്കുന്ന അദ്ധ്യാപകരുടെ നിലാവരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത്. അദ്ധ്യാപക നിയമനത്തിന് മുമ്പായി നിരവധി ടെസ്റ്റുകളും പാനൽ ഇന്റർവ്യൂകളുമായിരിക്കും ഇനി നേരിടേണ്ടി വരികയെന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ വിൽസൺ വി ജോർജ് വ്യക്തമാക്കി.

ഉദ്യോഗാർഥിയുടെ സബ്ജക്ട് നോളജും പ്രാക്ടിക്കൽ ലെസൻ പ്ലാനിങ് സ്‌കില്ലുകളും പരിശോധിക്കാനും പാനൽ ഇന്റർവ്യൂ പ്രത്യേകം ശ്രദ്ധപതിപ്പിക്കും. രാജ്യത്തെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലേയും ടീച്ചിങ് നിലവാരം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം സഹായകമാകുമെന്നാണ് ചെയർമാൻ പ്രത്യാശിക്കുന്നത്. ഇതിനായി എച്ച്ആർ മാനുവലിൽ ഇതുസംബന്ധിച്ച ഗൈഡ് ലൈനുകൾ ഉൾപ്പെടുത്തിയതായും വിൽസൺ വി. ജോർജ് വെളിപ്പെടുത്തി.