- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് വൺ പരീക്ഷയ്ക്കു പുതിയ ടൈംടേബിൾ; ഒരു കുട്ടിക്കും ബുദ്ധിമുട്ടാവില്ലെന്ന് മന്ത്രി; പരീക്ഷയ്ക്ക് മുന്നോടിയായി സ്കുളുകളിൽ അണുനശീകരണം നടത്താനും തീരുമാനം
തിരുവനന്തപുരം: സുപ്രീം കോടതിയുടെ അനുമതി ലഭിച്ച സാഹചര്യത്തിൽ പ്ലസ് വൺ പരീക്ഷയ്ക്കായി പുതിയ ടൈംടേബിൾ തയാറാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത വിധത്തിൽ പരീക്ഷ നടത്തുമെന്ന് മന്ത്രി പറഞ്ഞു.
പരീക്ഷയ്ക്കു മുമ്പായി എല്ലാ സ്കൂളുകളിലും അണുനശീകരണം നടത്തും. ചോദ്യപ്പേപ്പറുകൾ നേരത്തെ തന്നെ സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്. കോടതി ഉത്തരവിന്റെ പകർപ്പു ലഭിച്ച ശേഷം പുതിയ ടൈംടേബിൾ തയാറാക്കുമെന്ന് മന്ത്രി അറിയിച്ചു.
കേരളം നേരത്തെ നടത്തിയ പരീക്ഷകളിൽ സംതൃപ്തി പ്രകടിപ്പിച്ചാണ്, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്ലസ് വൺ പരീക്ഷകൾ ഓഫ്ലൈനായി നടത്താൻ സുപ്രീം കോടതി അനുമതി നൽകിയത്. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ വിശദീകരിച്ച് സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമെന്ന് ജസ്റ്റിസ് എഎൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.
പരീക്ഷയെഴുതാൻ എത്തുന്ന ഒരു വിദ്യാർത്ഥിക്ക് പോലും രോഗബാധ ഉണ്ടാകാത്ത തരത്തിൽ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു.
ഓൺലൈൻ ക്ലാസുകൾ ഫലപ്രദമല്ലെന്നും ഉൾപ്രദേശങ്ങളിലും കടലോര മേഖലകളിലും ഇന്റർനെറ്റ് സേവനങ്ങൾക്ക് പരമിതിയുണ്ടെന്നും പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ