ദുബൈ: വാഹനമോടിക്കുമ്പോൾ തലയിലെ തട്ടം നേരെയാക്കുന്നതും മുഖം മിനിക്കുന്നതും കനത്ത പിഴ ഈടാക്കുന്ന നിയമം ജൂലൈ ഒന്ന് മുതൽ ദുബൈയിൽ നടപ്പിലാകും.നാല് വർഷത്തെ പഠനത്തിന് ശേഷമാണ് പുതിയ നിയമം കൊണ്ടുവരുന്നത്..

പുതിയ നിയമം വന്നുകഴിഞ്ഞാൽ ചില സന്ദർഭങ്ങളിൽ 3,000 ദിർഹം പിഴയും 90 ദിവസം വാഹനം കണ്ടുകെട്ടലുമാകും ശിക്ഷ. നമ്പർ പ്ലേറ്റില്ലാത്ത വാഹനം ഓടിച്ചാൽ 24 ബ്ലാക്ക് പോയിന്റ് ലഭിക്കും. ചില നിയമ ലംഘനങ്ങൾക്കുള്ള പിഴസംഖ്യ വർധിക്കും. നാല് വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. പിറകു വശത്തിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് വേണം.

മുൻവശത്തെ സീറ്റിന് കുറഞ്ഞത് 145 സെന്റ്‌റി മീറ്റർ നീളം വേണം. 10 വയസിന് താഴെയുള്ള കുട്ടികൾ മുൻസീറ്റിൽ ഇരിക്കാൻ പാടില്ല. അമിതവേഗം വലിയ കുറ്റമാണ്. സാമൂഹിക സേവനം ഉൾപെടെ തടവ് ശിക്ഷ ലഭിക്കും.വാഹനമോടിക്കുമ്പോൾ തലയിലെ തട്ടം (ഖതറ) നേരെയാക്കുന്നത് കണ്ടാൽ പിഴയെഴുതും. വളയം പിടിച്ചുകൊണ്ടു മുഖം മിനുക്കുന്നവർക്ക് 800 ദിർഹം പിഴ ലഭിക്കും. ഇവരുടെ ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക്ക്മാർക്കായിരിക്കും പതിക്കുക. വാഹനമോടിക്കുന്നതിനിടെ ശീഷ വലിക്കുക, ഭക്ഷണം കഴിക്കുക, മൊബൈലിൽ സംസാരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കും സമാന ശിക്ഷയാണ് ലഭിക്കുക. ഡ്രൈവിംഗിൽ നിന്നും ശ്രദ്ധ തെറ്റിക്കുന്ന ഏതുതരം പെരുമാറ്റങ്ങൾക്കും പിഴ 800 ദിർഹമാണെന്നും മേജർ ജനറൽ സഫീൻ പറഞ്ഞു.