ദുബായ്: തൊഴിലാളികൾക്ക് തൊഴിൽ മാറ്റം എളുപ്പമാക്കുന്ന തരത്തിലും തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കുന്നതുമായ തരത്തിലും രാജ്യത്തെ തൊഴിൽ നിയമം പരിഷ്‌ക്കരിച്ചു. തൊഴിൽ മേഖലയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കിക്കൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ ലേബർ നിയമം അടുത്ത ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും.

പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന തൊഴിൽ നിയമങ്ങളിൽ മൂന്നു പുതിയ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് തൊഴിലാളികൾക്ക് തൊഴിൽ മാറ്റം എളുപ്പമാക്കിയിരിക്കുന്നത്. 764, 765, 766ാം നമ്പർ മന്ത്രിസഭാ ഉത്തരവ് പ്രകാരമാണ് പുതിയ വകുപ്പുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വകുപ്പുകൾ തൊഴിൽ കരാറിൽ കൂടുതൽ സുതാര്യതയും വ്യക്തതയും കൊണ്ടുവരുമെന്ന് തൊഴിൽ മന്ത്രി സഖർ ഗോബാഷ് പറഞ്ഞു.

764ാം നമ്പർ ഉത്തരവനുസരിച്ച് രാജ്യത്തത്തെുന്നതിന് മുമ്പ് തന്നെ തൊഴിലാളിക്ക് തൊഴിലുടമ ഏകീകൃത കരാർ പ്രകാരം ഓഫർ ലെറ്റർ നൽകിയിരിക്കണം. ഇത് അവർക്ക് മനസ്സിലാകുന്ന ഭാഷയിലാവുകയും ഇതിൽ തൊഴിലാളിയും തൊഴിലുടമയും ഒപ്പിടുകയും വേണം. ഓഫർ ലെറ്ററിലെ നിബന്ധനകളിൽ തൊഴിൽ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മാറ്റം വരുത്താൻ പാടില്ല. തൊഴിൽ കരാർ പുതുക്കുന്നതും പുതിയ നിബന്ധനകൾ അനുസരിച്ചായിരിക്കണം. തൊഴിൽ കരാറിൽ പുതിയ നിബന്ധനകൾ കൂട്ടിച്ചേർക്കാൻ മന്ത്രാലയത്തിന്റെ അനുമതി നിർബന്ധമാണ്.

765ാം നമ്പർ ഉത്തരവ് പ്രകാരം തൊഴിലാളിയെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ നിരവധി നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. രണ്ടുതരം തൊഴിൽ കരാറുകളാണുണ്ടാവുക. നിശ്ചിത കാലത്തേക്കുള്ള കരാറും അനിശ്ചിതകാല കരാറും. രണ്ടുവർഷത്തേക്കുള്ള നിശ്ചിത കാല കരാർ, കാലാവധി കഴിയുമ്പോൾ അവസാനിക്കും. തൊഴിലാളിക്കും തൊഴിലുടമക്കും സമ്മതമാണെങ്കിൽ കരാർ നേരത്തെ അവസാനിപ്പിക്കാം. എന്നാൽ കുറഞ്ഞത് ഒരുമാസം മുമ്പ് ഇക്കാര്യം രേഖയാക്കണം. മൂന്ന് മാസം മുമ്പും എഴുതി രേഖയാക്കാം.

വിദേശത്ത് നിന്നാണ് തൊഴിലാളി വരുന്നതെങ്കിൽ യുഎഇയിൽ എത്തുന്നതിനു മുമ്പ് കരാറിൽ ഒപ്പുവച്ചിരിക്കണം. ദിവസം എട്ട് മണിക്കൂറിലധികം ജോലി ചെയ്യില്ല അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂർ,അതുമല്ലെങ്കിൽ മൂന്നാഴ്ച 144 മണിക്കൂർ എന്ന കരാറിൽ ഒപ്പുവയ്ക്കണം. റമദാൻ മാസത്തിൽ പ്രതിദിനം രണ്ട് മണിക്കൂർ കുറച്ച് ജോലി ചെയ്താൽ മതി. ഓവർ ടൈം ജോലി ചെയ്യുമ്പോൾ ജോലി സമയത്തിനു അനുസരിച്ച് 25 ശതമാനത്തിൽ കുറയാത്ത ഇൻക്രിമെന്റ് നൽകണം. രാത്രി 9 നും വെളുപ്പിന് 4 നും ഇടയിലാണ് ഓവർ ടൈം ജോലി ചെയ്യുന്നതെങ്കിൽ 50 ശതമാനത്തിൽ കുറയാത്ത ഇൻക്രിമെന്റ് നൽകണം.തൊഴിലാളികളുടെ ജോലി സാഹചര്യം മെച്ചപ്പെടുത്തേണ്ടതും തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്.