- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവർക്കും കോവിഡ് വാക്സീൻ നൽകാൻ സംസ്ഥാന സർക്കാരിന്റെ രജിസ്ട്രേഷൻ ദൗത്യം; സ്വന്തമായി രജിസ്റ്റർ ചെയ്യാൻ അറിയാത്തവർക്കായി ആശാ വർക്കർമാരുടെ സേവനം ഉപയോഗിക്കും; ചെലവുകൾ കോവിഡ് ഫണ്ടുകളിൽ നിന്ന് എൻഎച്ച്എം വഴി നികത്തുമെന്നും ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്്‌സിനേഷൻ വേഗത്തിലാക്കാൻ പദ്ധതിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിനേഷൻ രജിസ്ട്രേഷനായി രജിസ്ട്രേഷൻ ക്യാമ്പയിൻ ആരംഭിച്ചു. വേവ്: 'വാക്സിൻ സമത്വത്തിനായി മുന്നേറാം' എന്ന പേരിലാണ് വാക്സിനേഷൻ രജിസ്ട്രേഷൻ ക്യാമ്പയിൻ ആരംഭിക്കുന്നത്. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവരെ വാക്സിനേഷന്റെ ഭാഗമാക്കി മാറ്റാനാണ് പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഇതിന് ആശാവർക്കർമാരുടെ സേവനം ഉപയോഗിക്കും. ചെലവുകൾ കോവിഡ് ഫണ്ടുകളിൽ നിന്ന് എൻഎച്ച്എം വഴി നികത്തും. വാർഡ് തലത്തിലായിരിക്കും രജിസ്ട്രേഷൻ പ്രക്രിയ. ജൂലൈ 31നകം ഇത്തരക്കാരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. ഓരോ പഞ്ചായത്തിലും ഓരോ ആശാവർക്കർമാർ ഉള്ളതിനാൽ ആ പ്രദേശത്ത് വാക്സിൻ കിട്ടാതെ പോയ ആൾക്കാരെ കണ്ടെത്തിയാണ് രജിസ്ട്രേഷൻ നടത്തുക. കോവിനിൽ എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് കാണിക്കുന്ന വീഡിയോ തയ്യാറാക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കും.
പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് രജിസ്ട്രേഷൻ പ്രക്രിയ സുഗമമാക്കുന്നത്. ആവശ്യമെങ്കിൽ ദിശ കോൾ സെന്ററിൽനിന്ന് കൂടുതൽ സഹായം സ്വീകരിക്കാം. ജില്ലാ, ബ്ലോക്ക് ടാസ്‌ക് ഫോഴ്സും രജിസ്ട്രേഷന്റെ പുരോഗതി നിരീക്ഷിക്കും. വാക്സിൻ സ്റ്റോക്കിന്റെ ലഭ്യത അടിസ്ഥാനമാക്കി ഇവർക്ക് വാക്സിൻ നൽകുന്നതാണ്. ജില്ലയിൽ നിന്നോ പെരിഫറൽ തലത്തിൽ നിന്നോ വാക്സിനേഷന്റെ ഷെഡ്യൂളിങ് നടത്തുകയും വ്യക്തികളെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്താൻ അറിയിക്കുകയും ചെയ്യും.
അതിനിടെ സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ 1,48,690 ഡോസ് വാക്സിനും, കോഴിക്കോട് 1,01,500 ഡോസ് വാക്സിനുമാണ് എത്തിയത്. തിരുവനന്തപുരത്തുള്ള 1,28,500 ഡോസ് വാക്സിൻ രാത്രിയോടെ എത്തുന്നതാണ്.
ഇതോടെ സംസ്ഥാനത്തിനാകെ 1,41,58,890 ഡോസ് വാക്സിനാണ് ലഭ്യമായത്. അതിൽ 12,04,960 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 1,14,53,120 ഡോസ് കോവിഷീൽഡ് വാക്സിനും 13,63,230 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 1,28,16,350 ഡോസ് വാക്സിൻ കേന്ദ്രം നൽകിയതാണ്.
സംസ്ഥാനത്താകെ ഒന്നും രണ്ടും ഡോസ് ചേർത്ത് 1,51,18,109 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,13,54,565 പേർക്ക് ഒന്നാം ഡോസ് വാക്സിനും 37,63,544 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ