- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് പുതിയ വകഭേദം യൂറോപ്പിലും; ആദ്യ കേസ് സ്ഥിരീകരിച്ചത് ബെൽജിയത്തിൽ; കണ്ടെത്തിയത് ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിൽ; ആശങ്കയോടെ ലോകം; യാത്രാവിലക്ക്; പര്യടനം ഉപേക്ഷിച്ച് ഹോളണ്ട് മടങ്ങി; ഇന്ത്യൻ എ ടീമും ദക്ഷിണാഫ്രിയിൽ നിന്ന് മടങ്ങിയേക്കും
ലണ്ടൻ: ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം യൂറോപ്പിലും കണ്ടെത്തി. ബെൽജിയത്തിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ സാഹചര്യത്തിൽ വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
കൂടുതൽ അപകടകാരിയായ കോവിഡ് വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ആഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് കൂടുതൽ രാജ്യങ്ങൾ വിലക്കേർപ്പെടുത്തി. യുകെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ജപ്പാൻ,സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക, ലെസോതോ, ബോട്സ്വാന, സിംബാബ്വെ, മൊസാംബിക്, നമീബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ് യുകെ വിലക്കേർപ്പെടുത്തിയത്.
ഇറ്റലിയും ഇവിടങ്ങളിലുള്ളവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് അറിയിച്ചിരുന്നു. യൂറോപ്യൻ യൂണിയനും യാത്രാവിലക്ക് പരിഗണിക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറേക്ക് ദക്ഷിണാഫ്രിക്കയിൽനിന്നുള്ള എല്ലാ വിമാനങ്ങൾക്കും ഫ്രാൻസ് വിലക്കേർപ്പടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, ലെസോത്തോ, എസ്വാറ്റിനി എന്നീ രാജ്യങ്ങളിലേക്ക് ഇംഗ്ലണ്ടും സിംഗപ്പൂരും ഇസ്രയേലും യാത്രാവിലക്ക് ഏർപ്പെടുത്തി. മറ്റു രാജ്യങ്ങളും യാത്രാവിലക്ക് പരിഗണിക്കുന്നുണ്ട്.
മുപ്പതിലധികം മ്യൂട്ടേഷൻ സംഭവിച്ച കോവിഡ് വകഭേദമാണ് ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചത്. മനുഷ്യ ശരീരത്തിലെ പ്രതിരോധശേഷി അതിവേഗം കുറയ്ക്കുന്നതിനൊപ്പം വേഗത്തിൽ പകരാനും പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. നിലവിൽ ഉപയോഗിക്കുന്ന വാക്സീനുകൾക്ക് പുതിയ വകഭേദത്തെ തടയാനാകുമോ എന്നതിലും ആശങ്കയുണ്ട്.
കോവിഡിന്റെ പുതിയ വകഭേദത്തെ കുറിച്ച് ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേരും.വ്യാപനശേഷിയും തീവ്രതയും കൂടിയതാണ് ഇപ്പോൾ കണ്ടെത്തിയ ദക്ഷിണാഫ്രിക്കൻ വകഭേദമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 77 പേരിലാണ് ഇതുവരെ അവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിന്നാലെ ബോട്സ്വാനയിൽ മൂന്ന് കേസുകളും ഹോങ്കോങിൽ ഒരു കേസും റിപ്പോർട്ട് ചെയ്തു.
ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോങ്, ഇസ്രയേൽ എന്നീ രാജ്യങ്ങളിലായി 60 കേസുകളാണ് ഇതുവരെ റിപ്പോർട്ടു ചെയ്തത്. ഇസ്രയേലിലും ഹോങ്കോങ്ങിലും ബോട്സ്വാനയിലും ദക്ഷിണാഫ്രിക്കയിൽനിന്നു വന്നവർക്കാണ് വൈറസ് ബാധ.
ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് അടക്കം ഏർപ്പെടുത്തി വ്യാപനത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് യൂറോപ്യൻ രാജ്യങ്ങൾ നടത്തുന്നത്. ദക്ഷിണാഫ്രിക്കൻ വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തുന്നവരിൽ പരിശോധനക്കും കർശന നിരീക്ഷണത്തിനുമാണ് ആരോഗ്യമന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.
ഇവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ കോവിഡ് രോഗികളുടെ സാമ്പിളുകൾ, വകഭേദത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ചിരിക്കന്ന ലാബുകളിലേക്ക് അയക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ വകഭേദം സ്വഭാവിക പ്രതിരോധ ശേഷിയേയോ വാക്സിനിലൂടെ നേടിയ പ്രതിരോധ ശേഷിയോയെ മറികടക്കാൻ സാധ്യതയുണ്ടെന്ന് ഡൽഹി എയിംസിലെ ഡോ. സഞ്ജയ് റായ് പറഞ്ഞു. അങ്ങനെ സംഭവിച്ചാൽ അത് ഗുരതരമായി സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ വകഭേദം കണ്ടെത്തിയെന്ന വാർത്ത ആഗോള സമ്പദ്വ്യവസ്ഥയിലും ആശങ്ക പരത്തി. ഇന്ത്യൻ ഓഹരി വിപണികൾ തകർന്നടിഞ്ഞു. ഏഷ്യൻ വിപണികളിലും കനത്ത നഷ്ടം നേരിട്ടു.
ഇതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനവും അനിശ്ചിതത്വത്തിലായി. നിലവിൽ ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യൻ എ ടീം പര്യടനം ഉപേക്ഷിച്ചേക്കും. ഹോളണ്ട് ടീം പര്യടനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങി.
ന്യൂസ് ഡെസ്ക്