കുവൈത്ത് സിറ്റി: കുവൈറ്റിൽ നിന്ന് വിദേശികൾക്ക് ഇന്ത്യയിലേക്ക് പുതുതായി രണ്ടിനം വീസകൾ കൂടി. മാർച്ച് ഒന്നിന് പ്രാബല്യത്തിൽ വന്ന പുതിയ വീസകൾ 'ഇന്റേൺ വീസ', 'ഫിലിം വീസ' എന്നീ പേരുകളിലാണ് അറിയപ്പെടുക. ഇന്ത്യൻ കമ്പനികളിൽ ഇന്റേൺഷിപ്പ് നടത്തുന്നവർക്കുള്ളതാണ് ഇന്റേൺ വീസ.

ഫീച്ചർ/ടെലി ഫിലിം, ടിവി റിയാലിറ്റി ഷോ, കൊമേഴ്‌സ്യൽ ടിവി ഷോ, ടിവി സീരിയലുകൾ എന്നിവ ചിത്രീകരിക്കുന്നതിനുള്ള വിദേശ സംഘങ്ങൾക്കാകും ഫിലിം വീസ നൽകുക. ഒരുവർഷം കാലാവധിയും മൾട്ടിപ്പിൾ എൻട്രി സൗകര്യവുമുള്ളതാണ് ഇന്റേൺ വീസ. 25 ദിനാറാണ് ഫീസ്. ഒരു വർഷ കാലാവധിയുള്ള ഫിലിം വീസയുടെ ഫീസ് 37 ദിനാറായിരിക്കുമെന്നും ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.

ഒരു വർഷം കാലാവധിയുള്ളതും ഒന്നിലേറെ തവണ പോയി വരാൻ സാധിക്കുന്നതുമാണ് ഇന്റേൺ വീസയെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇന്റേൺഷിപ്പ് കാലാവധിയും പ്രതിഫലവും സ്ഥാപനത്തിന്റെ വിലാസവും നൽകണം. ഫിലിം വീസാ അപേക്ഷയോടൊപ്പം ഫിലിം ഷൂട്ട് ചെയ്യുന്നതിന് വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതി, ഫിലിമിന്റെ സ്വഭാവം, ഷൂട്ടിങ് ലൊക്കേഷൻ, ഫോൺ, ഫാക്‌സ്, ഇമെയിൽ എന്നിവ നൽകണം. കുവൈത്തികൾക്കും മറ്റു വിദേശികൾക്കും ഇന്ത്യൻ എംബസിയുടെ ഫഹാഹീൽ, അബ്ബാസിയ, ഷർഖ് എന്നിവിടങ്ങളിലെ ഔട്ട് സോഴ്‌സിങ് സെന്ററുകൾ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

വീസയ്ക്കായി അപേക്ഷിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ: ഇന്റേൺ വീസ: ഇന്ത്യയിലെ കമ്പനി/ഇൻസ്റ്റിറ്റ്യൂട്ട്/എൻജിഒ എന്നിവയുടെ പേര്. വിലാസം, ഫോൺ/ഫാക്‌സ്, ഇമെയിൽ, ഇന്റേൺഷിപ്പ് കാലാവധി (മാസം), പ്രതിവർഷം ലഭിക്കുന്ന പ്രതിഫലം (ഇന്ത്യൻ രൂപയിൽ).

ഫിലിം വീസ: ഫിലിം ഷൂട്ട് ചെയ്യുന്നതിന് വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതി, പ്രൊഡക്ഷന്റെ സ്വഭാവം (ഫീച്ചർ ഫിലിം/ ടിവി റിയാലിറ്റി ഷോ/ കൊമേഴ്‌സ്യൽ ടിവി സീരിയൽ). ഷൂട്ടിങ് ലൊക്കേഷന്റെ പൂർണവിലാസം, ഫോൺ/ഫാക്‌സ്, ഇമെയിൽ.

ഈ വിഭാഗം വീസയുമായി ബന്ധപ്പെട്ട വിവരങ്ങൾ 22550600 എക്സ്റ്റൻഷൻ. 279 എന്ന നമ്പരിൽ ലഭ്യമാകും.