മനാമ: രാജ്യത്ത് അടുത്ത മാസം മുതൽ മൾട്ടി എൻട്രി വിസ അനുവദിക്കുന്ന സമ്പ്രദായം നടപ്പിലാകും. രാജ്യത്തെ വിസ സമ്പ്രദായം പരിഷ്‌കരിക്കുന്നതിന്റെ രണ്ടാം ഘട്ടമായാണ് പുതിയ മൾട്ടി എൻട്രി വിസ സമ്പ്രദായം നടപ്പിൽ വരുക. ഇതോടെ ജിജിസി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പുറമേ രാജ്യത്തേക്ക് ഇലക്ട്രോണിക് വിസ ഉപയോഗിച്ച് എത്തിച്ചേരാനാകുന്ന രാജ്യങ്ങളിലെ പൗരന്മാർക്കും ഈ വിസയുടെ പ്രയോജനം ലഭ്യമാകും.

36 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് ഇവിസയ്ക്ക് അർഹതയുള്ളത്. ഇതിന് പുറമേ 66 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ഓൺ അറൈവലിലിനും അർഹതയുണ്ട്. ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് മൂന്ന് മാസത്തെ മൾപ്പിൾ എൻട്രി വിസയ്ക്ക് അനുവാദം ഉണ്ട്. ഇവർക്ക് തുടർച്ചയായി രണ്ട് മാസം ബഹ്‌റിനിൽ താമസിക്കാനാകും.

നേരത്തെ 102 രാജ്യങ്ങളിലെ പൗരന്മാർക്ക് സിങ്കിൾ എൻട്രിയാണ് അനുവദിച്ചിരുന്നത്. ഇതിന്റെ കാലാവധി രണ്ടാഴ്‌ച്ചയായിരുന്നു. എന്നാൽ ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒരാഴ്‌ച്ച കാലാവധിയുള്ള സിംഗിൾ എൻട്രിയാണ് അനുവദിച്ചിരുന്നത്. വിസ പരിഷ്‌കരണ സമ്പ്രദായത്തിന്റെ ആദ്യ ഘ്ട്ടം ഒക്ടോബറിലാണ് ആരംഭിച്ചത്. ഇതിന്റെ തുടർച്ചായായാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. ഏപ്രിൽ മാസം മുതൽ പുതിയ രീതി പ്രാബല്യത്തിലാകും.

വിസയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാനായി നാഷണാലിറ്റി പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്‌സ് വെബ്‌സൈറ്റ് സന്ദർശിക്കുക. www.npra.gov.bh and e-visa website www.evisa.gov.bh.