തിരുവനന്തപുരം: മരണവീട്ടിലും വിവാഹ വീട്ടിലും ഓടിയെത്തി കാര്യക്കാരനാകുന്ന എംഎൽഎയ്ക്കും എംപിക്കും ഇനി വിദേശത്തും പോകേണ്ടി വരും. കാരണം അവിടെയുമുണ്ട് ഇനി വോട്ടർമാർ. ആരു ജയിക്കണമെന്നും തോൽക്കണമെന്നും തെരഞ്ഞെടുപ്പിൽ നിശ്ചയിക്കാൻ കരുത്തുള്ള വോട്ട് ബാങ്ക്.

ഇനി രണ്ട് മാസം. കേന്ദ്ര സർക്കാരിന് നിലപട് എടുക്കാതിരിക്കാൻ ആവില്ല. ഇ-വോട്ടോ പ്രോക്‌സി വോട്ടോ എന്തായാലും പ്രവാസി ജോലി ചെയ്യുന്നെടുത്ത് ഇരുന്ന് ഇനി ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാഗമാകാം. ഇതിലൂടെ സഹായിക്കാൻ എല്ലാവരേയും കിട്ടുന്ന അവസ്ഥയും വരും. ഇതിന് വേണ്ടി കൂട്ടിയാണ് രാജ്യത്തിന് പുറത്ത് ജീവിതം കെട്ടിപ്പെടുക്കാൻ അധ്വാനിക്കുന്നവർ പൊരുതിയതും. വോട്ട് ചെയ്യാൻ അവസരം കിട്ടുന്നതോടെ ആർക്കും അവഗണിക്കാൻ പറ്റാത്ത ശക്തിയായി ഇവർ മാറും. തെരഞ്ഞെടുപ്പ് കാലത്തെങ്കിലും പ്രചരണത്തിനായി ജനപ്രതിനിധികളാകാൻ ആഗ്രഹിക്കുന്നവർക്ക് പ്രവാസികളെ കാണേണ്ടിയും വരും.രണ്ടരക്കോടിയിലധികം ഇന്ത്യക്കാർ വിദേശത്തുണ്ടെന്നാണു കണക്കാക്കുന്നത്.

എവിടെ പോയാലും മലയാളിയെ കാണാം. ചന്ദ്രനിലും മലയാളിയുടെ തട്ടുകടയുണ്ടെന്നാണ് വയ്്പ്പ്. അതുകൊണ്ട് തന്നെ പ്രവാസികൾക്ക് വോട്ടവകാശം കിട്ടുമ്പോൾ ഏറ്റവും സന്തോഷിക്കുക മലയാളികളാണ്. അവഗണിക്കാനാകാത്ത ശക്തിയായി ഈ പ്രവാസിക്കരുത്ത് മാറുമ്പോൾ നാട്ടിലുള്ള ഉറ്റവർക്കും സമാധാനം കിട്ടും. എന്തിനും രാഷ്ട്രീയ നേതാക്കളെ സമീപിക്കാം. വോട്ടുള്ളവർക്കേ സഹായമുള്ളൂ എന്ന കാലത്ത് ഈ വോട്ടിന്റെ വില എല്ലാവരും തിരിച്ചറിയും. കേരള സർക്കാരിന്റെ 2013ലെ പ്രവാസി സെൻസസ് പ്രകാരം വിദേശരാജ്യങ്ങളിലെ മലയാളികളുടെ എണ്ണം 16.25 ലക്ഷമാണ്. ഇവരിൽ 14.26 ലക്ഷവും (88%) ഗൾഫിലാണ്.

ഇതേസമയം ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പുവേളയിലെ കണക്കുപ്രകാരം വോട്ടർ പട്ടികയിൽ പേരു ചേർത്ത പ്രവാസി മലയാളികൾ 11,174 മാത്രമാണ്. വോട്ട് ചെയ്യാൻ നേരിട്ടു നാട്ടിലെത്തണമെന്ന നിലവിലെ വ്യവസ്ഥ കൊണ്ടായിരുന്നു ഈ തണുത്ത പ്രതികരണം. ഇ-വോട്ട് സൗകര്യം നിലവിൽവന്നാൽ പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ വലിയ മാറ്റമുണ്ടാകും. 2001ലെ സെൻസസ് പ്രകാരം 30.71 കോടി പേരാണു സ്വന്തം സംസ്ഥാനം വിട്ട് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ജോലി ചെയ്യുന്നത്. ഇതു രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 29% വരും. ഇവരും വോട്ടവകാശം ഇനി വിനിയോഗിക്കും. അങ്ങനെ പുതിയൊരു വോട്ട് ബാങ്ക് കൂടി നിലവിൽ വരുന്നു. ഈ എണ്ണത്തെ കണ്ടില്ലെന്ന് നടിക്കാൻ ആർക്കും കഴിയില്ല. ആരു ജയിക്കണം ആരെ തോൽപ്പിക്കണമെന്ന് തീരുമാനിക്കാൻ ഈ കൂട്ടായ്മയ്ക്ക് കഴിയും.

രണ്ട് വർഷത്തിനകം നിയമസഭാതിരഞ്ഞെടുപ്പ് വരുന്ന കേരളത്തിൽ തന്നെയാകും പ്രവാസി വോട്ടിന്റെ ആദ്യത്തെ ശക്തിയും പ്രസക്തിയും തിരിച്ചറിയുക.നിലവിലുള്ള രാഷ്ട്രീയ സമവാക്യങ്ങളനുസരിച്ച് കേരളത്തിന്റെ ഭരണം നിർണയിക്കുന്നതിൽ പ്രവാസി വോട്ടുകളുടെ സമാഹരണം വലിയ ഘടകമാവും. അഞ്ച് മുതൽ പത്തായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പല നിയമസഭാമണ്ഡലങ്ങളിലെയും വിധി നിർണ്ണയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഓരോ പ്രവാസി വോട്ടും നിർണ്ണായകമാണ്. പ്രവാസി മലയാളികൾ ഏറ്റവും കൂടുതലുള്ള ജില്ല മലപ്പുറമാണ്- 2,92,753 (18%). ഇവരിൽ 2.86 ലക്ഷം പേരും ഗൾഫിലാണ്. പ്രവാസികൾ കുറവ് ഇടുക്കിയിലാണ്- 14,575 (ഒരു ശതമാനത്തിൽ താഴെ). കേരളത്തിൽ ഏകദേശം 50 ലക്ഷം പേർ പ്രവാസികളെ ആശ്രയിക്കുന്നവരാണ്. ഏറ്റവും കൂടുതൽ പ്രവാസി മലയാളികളുള്ള രാജ്യം യുഎഇ- 5,73,289 (35%). രണ്ടാംസ്ഥാനത്തു സൗദി അറേബ്യ- 4,50,229 (28%).

2010ലെ ജനപ്രാതിനിത്യ നിയമഭേദഗതിയിലൂടെ പ്രവാസി വോട്ടവകാശം നിയമപരമാക്കിയിരുന്നു. 2011 മുതൽ പട്ടികയിൽ പേരും ചേർത്തുതുടങ്ങി. എന്നാൽ നടപ്പാക്കുന്നതിലെ ആശയക്കുഴപ്പം മൂലം ഇതുവരെ വോട്ടെടുപ്പിനു കഴിഞ്ഞില്ല. യഥാർഥ വോട്ടർക്കു പകരം അയാൾ ചുമതലപ്പെടുത്തുന്ന ആളിനെക്കൊണ്ട് (പ്രോക്‌സി) വോട്ടു ചെയ്യിപ്പിക്കുക എന്നതാണ് ഒരു നിർദ്ദേശം. യഥാർഥ പോസ്റ്റൽ ബാലറ്റ് വിദേശത്തുള്ള പൗരൻ ഇ മെയ്ൽ ചെയ്ത്, അതിന്റെ പ്രിന്റ് എടുത്ത് വോട്ട് രേഖപ്പെടുത്തി തപാലിൽ വരാണാധികാരിക്കു തപാലിൽ അയക്കുന്നതാണ് മറ്റൊരു നിർദ്ദേശം. ഈ രണ്ടു നിർദേശങ്ങളും അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ, ഏതാണ് തങ്ങൾക്കു യോജിച്ചതെന്നു വോട്ടർക്കു നിശ്ചയിക്കാമെന്നും കോടതിയെ അറിയിച്ചു.

ഇതു സംബന്ധിച്ച് ഹർജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തു, ജസ്റ്റിസ് എ.കെ. സിക്രി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രവാസി വോട്ടവകാശം ഉടൻ നടപ്പാക്കാൻ സർക്കാരിനോ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിനു ചില നിയമഭേദഗതികൾ വരുത്തേണ്ടതുണ്ടെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ പി.എൽ. നരസിംഹ കോടതിയെ അറിയിച്ചു. ഇതു പരിഗണിച്ചാണു കോടതി എട്ടാഴ്ചത്തെ സാവകാശം അനുവദിച്ചത്. പുതിയ നിയമം നടപ്പാക്കുന്നതോടെ ഒരു കോടിയിൽപ്പരം വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശം ലഭിക്കുമെന്നു പൊതുതാത്പര്യ ഹർജിയിലൂടെ വി.പി. ഷംസീർ ചൂണ്ടിക്കാട്ടി.

നിയമത്തിന്റെ പഴുതടച്ച്, തെരഞ്ഞെടുപ്പു കുറ്റമറ്റതാക്കുന്നതിനു വേണ്ടി, തുടക്കത്തിൽ ഏതാനും പാർലമെന്റ് മണ്ഡലങ്ങളിൽ മാത്രമാകും എൻആർഐ വോട്ടുകൾ അനുവദിക്കുക. പരീക്ഷണാർഥം പാർലമെന്റിലേക്കുള്ള ഏതെങ്കിലും ഉപതെരഞ്ഞെടുപ്പിലാകും ഇതു പരീക്ഷിക്കുക എന്നാണു സൂചന.