- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ കോൺഗ്രസിൽ പുതിയ പോർമുഖം തുറന്ന് സംഘടനാ തെരഞ്ഞെടുപ്പ്; സുധാകരനെതിരെ ഗ്രൂപ്പുകൾ കൈകോർത്തേയ്ക്കും; നിയോജക മണ്ഡലം കമ്മിറ്റികൾ വെള്ളത്തിലായി; പുനഃസംഘടനയും അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകസമിതി കൂടി സംഘടനാ തെരഞ്ഞെടുപ്പ് തീരുമാനിച്ചതോടെ കേരളത്തിലെ കോൺഗ്രസിലും പുതിയ പോർമുഖം തുറക്കുമെന്ന് ഉറപ്പായി. നിലവിലെ കെപിസിസി അധ്യക്ഷനും പാർലമെന്ററി പാർട്ടി നേതാവും ഗ്രൂപ്പ് നേതൃത്വങ്ങൾക്ക് അനഭിമതരായതിനാൽ പിസിസി പിടിച്ചെടുക്കാനുള്ള അവസരമായിട്ടായിരിക്കും ഗ്രൂപ്പുകൾ സംഘടനാ തെരഞ്ഞെടുപ്പിനെ കാണുക.
സംസ്ഥാനങ്ങളിൽ ബൂത്തുതലം മുതൽ പിസിസി വരെ തിരഞ്ഞെടുപ്പ് നടത്താൻ എഐസിസി തീരുമാനിച്ചുകഴിഞ്ഞു. പാർട്ടി അംഗത്വമുള്ള ആർക്കും മത്സരിക്കാം. കേരളത്തിൽ നിലവിലെ പിസിസി പ്രസിഡന്റ് കെ. സുധാകരൻ അടക്കം സംഘടനാ തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. സുധാകരന്റെ നേതൃത്വത്തിനെതിരെ എ, ഐ ഗ്രൂപ്പുകൾ സ്വന്തം സ്ഥാനാർത്ഥികളെ രംഗത്തിറക്കുമോ അതോ സമവായ മാർഗം സ്വീകരിക്കുമോ എന്നതാകും ഇനിയുള്ള ആകാംക്ഷ.
എ, ഐ ഗ്രൂപ്പുകൾ താഴെത്തട്ടിൽ പരസ്പരം മൽസരിച്ചാലും കെപിസിസി പ്രസിഡന്റ് പദവിയിലേയ്ക്ക് പൊതുസ്ഥാനാർത്ഥിയെ നിർത്താനുള്ള സാധ്യതകളാണ് രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. വിജയം ഉറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ മൽസരരംഗത്ത് നിന്ന് സുധാകരൻ പിന്മാറാനുള്ള സാധ്യതകളുമുണ്ട്.
കേരളത്തിൽ ബ്ലോക്ക് കമ്മിറ്റികൾ ഒഴിവാക്കി നിയോജകമണ്ഡലം കമ്മിറ്റികൾ കൊണ്ടുവരാനുള്ള കെപിസിസി നേതൃത്വത്തിന്റെ ശ്രമത്തിന് ഒരു തിരിച്ചടി കൂടിയായിരിക്കും സംഘടനാ തെരഞ്ഞെടുപ്പ്. കോൺഗ്രസ് ഭരണഘടന പ്രകാരം ബ്ലോക്ക് കമ്മിറ്റികളാണുള്ളത്. ബ്ലോക്ക് കമ്മിറ്റികളുടെ അടിസ്ഥാനത്തിൽ അഖിലേന്ത്യതലത്തിൽ തെരഞ്ഞെടുപ്പ് നടത്തുമ്പോൾ കേരളത്തിന് മാത്രം നിയോജകമണ്ഡലം കമ്മിറ്റിയെന്ന് പറഞ്ഞ് എങ്ങനെ ഒഴിഞ്ഞുനിൽക്കാൻ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും കേരളത്തിൽ ഇപ്പോൾ നിലവിൽ വരുന്ന ഡിസിസികൾക്കും കെപിസിസി ഭാരവാഹികൾക്കും ഏതാനും മാസം മാത്രമായിരിക്കും ആയുസ്. ഈ ഡിസംബറിനുള്ളിൽ നിയോജക മണ്ഡലം, മണ്ഡലം, ബൂത്ത്, യൂണിറ്റ് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാൻ രാഷ്ട്രീയകാര്യസമിതി തീരുമാനമെടുത്തിരുന്നു. ഇനി എന്തായാലും സംഘടനാ തെരഞ്ഞെടുപ്പിനൊപ്പം മതി നേതൃമാറ്റം എന്ന് തീരുമാനിക്കാനാകും സാധ്യത.
എന്തായാലും കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതോടെ, കേരളത്തിലടക്കം വാശിയേറിയ പോരാട്ടത്തിനു കളമൊരുങ്ങുകയാണ്. 2017ലെ കണക്കുപ്രകാരം രാജ്യത്തുടനീളം 8,86,358 ബൂത്ത് കമ്മിറ്റികളാണു കോൺഗ്രസിലുള്ളത്. ഇതിലേക്കുള്ള ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പാണ് ആദ്യം നടക്കുക. ആകെയുള്ള ബ്ലോക്ക് കമ്മിറ്റികൾ 9531. ജില്ലാ (ഡിസിസി)/ സിറ്റി കമ്മിറ്റികൾ 931. ആകെയുള്ള പിസിസി അംഗങ്ങൾ 12,441. എഐസിസി അംഗങ്ങൾ 2430. കേരളത്തിൽനിന്ന് 65 എഐസിസി അംഗങ്ങളാണുള്ളത്. എംപിമാർ എഐസിസി അംഗങ്ങളാണെന്നതിനാൽ, രാഹുൽ ഗാന്ധിയെ കേരളത്തിൽനിന്നുള്ള എഐസിസി അംഗമായി പരിഗണിക്കും. രാഹുൽ വീണ്ടും പ്രസിഡന്റായാൽ, കേരളത്തിൽ നിന്നുള്ള എഐസിസി അംഗം ആ പദവിയിലെത്തുമെന്ന പ്രത്യേകതയുമുണ്ട്.
സംഘടനാ തിരഞ്ഞെടുപ്പു നടത്തിപ്പിനായി സംസ്ഥാനതലങ്ങളിൽ വൈകാതെ കമ്മിറ്റികൾക്കു രൂപം നൽകും. പുതിയ ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുത്ത ശേഷം 24 അംഗ പ്രവർത്തക സമിതിയെ തീരുമാനിക്കാൻ അടുത്ത സെപ്റ്റംബർ അവസാനമോ ഒക്ടോബറിലോ പ്ലീനറി സമ്മേളനം ചേരും. സമിതിയിൽ 12 അംഗങ്ങളെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യും. ബാക്കിയുള്ളവരെ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കും
മറുനാടന് മലയാളി ബ്യൂറോ