ഓക്ലാൻഡ്: പ്രതീക്ഷയോടെ പുതുവർഷത്തെ വരവേറ്റ് ലോകം. പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവർഷം ആദ്യമെത്തിയത്. പിറകെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും. ന്യൂസിലാൻഡിലും പുതുവർഷം പിറന്നു. 2021ന് വിടപറഞ്ഞുകൊണ്ട് ന്യൂസിലൻഡിലെ പ്രധാന നഗരമായ ഓക്ലൻഡ് 2022 നെ സ്വാഗതം ചെയ്തു. ഓക്ലൻഡ് ഹാർബർ ബ്രിജിലെ സ്‌കൈ ടവറിൽ വർണ്ണാഭമായാണ് പുതുവർഷ ആഘോഷങ്ങൾക്ക് തുടക്കമായത്.



കൂടിച്ചേരലുകൾക്കും ആഘോഷങ്ങൾക്കും അതിരിട്ടാണ് ഇത്തവണയും ലോകം പുതുവർഷത്തെ വരവേൽക്കുന്നത്. ഇനിയും തീരാത്ത കോവിഡ് മഹാമാരിയുടെ ആശങ്കയിലും, വർണങ്ങളും വെളിച്ചവും നിറയുന്ന പ്രതീക്ഷയുടെ പുതുവത്സരം തുടങ്ങുന്നുവെന്ന് ഓക്ലൻഡിലെ ഹാർബർ ബ്രിഡ്ജിൽ നിന്നുള്ള ഈ കാഴ്ചകൾ പറയുന്നു. കരിമരുന്ന് പ്രകടനങ്ങളോടു കൂടിയാണ് രാജ്യം പുതുവർഷത്തെ വരവേറ്റത്. ഓക്ലൻഡിൽ ഒരാൾക്ക് ഓമിക്രോൺ സ്ഥിരീകരിച്ചതിനെ തുടർന്ന് അതീവജാഗ്രതയിലാണ് പുതുവർഷത്തിലേക്ക് കടക്കുന്നത്.

ഓക്ലാൻഡിൽ വെടിക്കെട്ടോടെയാണ് ലോകം പുതുവർഷത്തെ വരവേറ്റത്. ന്യൂസിലാൻഡിലാണ് ആദ്യം പുതുവർഷാഘോഷം തുടങ്ങിയത്. ഓസ്ട്രേലിയയും പുതുവർഷത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിൽ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. സിഡ്നി ഒപ്പേറ ഹൗസിലും ഹാർബർ ബ്രിഡ്ജിലും കണ്ണിന് കുളിരായി വെടിക്കെട്ട് നടത്തി. 

ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവർഷം എത്തുക. പസഫിക് മഹാസമുദ്രത്തിലെ തന്നെ ചില ദ്വീപുകളിലാണ് പുതുവർഷം അവസാനമെത്തുന്നതും. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനമെത്തുക. എന്നാൽ ഇവിടെ മനുഷ്യവാസം ഇല്ല.