ശബരിമല: പുതുവർഷ പുലരിയിൽ അയ്യപ്പ ദർശനത്തിന് ശബരിമലയിൽ അഭൂതപൂർവമായ തിരക്ക്. പുതുവർഷപ്പുലരിയിൽ ദർശനം നടത്താമെന്ന പ്രതീക്ഷയിൽ ബുധനാഴ്ച രാത്രി തന്നെ ഒട്ടേറെപ്പേർ സന്നിധാനത്തെത്തി. പ്രാർത്ഥനാ നിർഭരമായ മനസുകളോടെ പുതുവർഷത്തിലേക്ക് കടക്കാനാണു തീർത്ഥാടകർ എത്തുന്നത്.

ദീർഘനേരം ക്യൂ നിന്നാണ് അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള അയ്യപ്പന്മാർ പുതുവർഷ പുലരിയിൽ. അതിനിടെ പുതുവർഷത്തെ വരവേറ്റ് സന്നിധാനത്ത് കർപ്പൂരദീപം തെളിയിച്ചു. പതിനെട്ടാംപടിക്ക് താഴെ ആൽത്തറയുടെ സമീപത്താണ് മാലോകർക്ക് നവവത്സരാശംസകൾ നേർന്ന് കർപ്പൂരദീപം തെളിയിച്ച് പുതുവത്സരം ആഘോഷിച്ചത്. മാനവ മൈത്രിയുടെ സ്‌നേഹസന്ദേശം പകർന്നാണ് ദീപകാഴ്‌ച്ച ഒരുക്കിയത്.

മണ്ഡല മകരവിളക്ക് മഹോത്സവം റിപ്പോർട്ട് ചെയ്യുന്നതിന് ആഴ്‌ച്ചകളായി സന്നിധാനത്ത് പ്രവർത്തിക്കുന്ന മാദ്ധ്യമപ്രവർത്തകർ കർപ്പൂര ദീപക്കാഴ്‌ച്ച ഒരുക്കുന്നതിൽ നേതൃത്വം നൽകി, 2015 ന് സ്വാഗതമോതി. ഈ സമയത്ത് ക്യൂവിലുണ്ടായിരുന്ന അയ്യപ്പഭക്തരെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവർത്തകരും പുതുവത്സര ആശംസകൾ നേർന്ന് പതിനെട്ടാം പടി കയറ്റിവിട്ടു.

മധുരപലഹാരവും വിതരണം ചെയ്തു. സ്‌പെഷ്യൽ ഓഫീസർ എൻ.രാമചന്ദ്രൻ, എക്‌സിക്യുട്ടീവ് ഓഫീസർ വി എസ്.ജയകുമാർ, എൻഡിആർ.എഫ്. ഡെപ്യൂട്ടി കമാൻഡന്റ് ജി.വിജയകുമാർ, ആർഎഎഫ്. അസി. കമാൻഡന്റ് രാജേഷ്‌കുമാർ തുടങ്ങിയവർ പങ്കാളികളായി.