ലണ്ടൻ: ലോകത്തിലെ വിവിധ നഗരങ്ങളോട് മത്സരിക്കുന്ന വിധത്തിൽ ലണ്ടനും 2018നെ പരമ്പരാഗത ആഘോഷങ്ങളോടെ വരവേറ്റു. ബിഗ് ബെന്നിൽ 12 അടിച്ചപ്പോൾ ലണ്ടൻ പുതുവർഷത്തിലേക്ക് മിഴി തുറക്കുകയായിരുന്നു. നിറത്തിൽ കുളിച്ച് ലണ്ടൻ ഐയും പാർലിമെന്റ് മന്ദിരവും ഏവരുടെയും മനം കവർന്നു. നിലയ്ക്കാത്ത വെടിക്കെട്ടുകൾക്ക് നടുവിൽ തണുപ്പ് വകവയ്ക്കാതെ അർധനഗ്‌ന സുന്ദരികളുടെ ഒഴുക്ക് ലണ്ടനിലെങ്ങും കാണാമായിരുന്നു. രാത്രി പകലാക്കി മഹാനഗരം പുതുവർഷത്തെ വരവേറ്റത് ഇത്തരത്തിലാണ്.

ചുരുങ്ങിയത് 10,000 ഫയർവർക്സുകളെങ്കിലും ആകാശത്ത് കത്തിയെരിഞ്ഞിരുന്നു. തെയിംസ് നദിയുടെ തീരത്ത് നടന്ന ആഘോഷ പരിപാടികൾ കാണാൻ ഒരു ലക്ഷത്തിലധികം പേരാണ് ഒഴുകിയെത്തിയിരുന്നത്. ഈ വർഷം 12 മിനുറ്റ് നീണ്ട ഫയർവർക്സിന് പശ്ചാത്തലമായി വനിതാ ആർട്ടിസ്റ്റുകൾക്ക് മുൻതൂക്കമുള്ള സൗണ്ട് ട്രാക്കായിരുന്നു ഉണ്ടായിരുന്നത്. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയതിന്റെ നൂറാം വാർഷികം അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഇതിന്റെ ഭാഗമായി അറെതാ ഫ്രാങ്ക്ളിൻ, ആനി ലെനോക്സ്, ഡുവാ ലിപ, ഫ്ലോറൻസ് വെൽക്, അരിയാന ഗ്രാൻഡെ എന്നിവരുടെ പാട്ടുകൾ ഇതിനോട് പശ്ചാത്തലമായെത്തിയിരുന്നു.

2017ൽ നാല് തീവ്രവാദ ആക്രമണങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയിരുന്നുവെങ്കിലും ഈ വർഷത്തെ പുതുവൽസര ആഘോഷങ്ങൾക്കിടെ കുറച്ച് മെട്രൊപൊളിറ്റൻ പൊലീസ് ഓഫീസർമാരെ മാത്രമേ വിന്യസിച്ചിരുന്നുള്ളുവെന്നാണ് സ്‌കോട്ട്ലൻഡ് യാർഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ഈ വർഷത്തെ ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ യുകെയിലാകമാനം ഭീകരാക്രമണങ്ങൾ നടത്തുമെന്ന ഐസിസ് ഭീഷണി ശക്തമായതിനാൽ ആഘോഷം നടക്കുന്ന ഇടങ്ങളിലെല്ലാം സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചിരുന്നു.

ഇതോടനുബന്ധിച്ച് സായുധ പൊലീസ് പട്രോളിംഗും സെക്യൂരിറ്റി ബാരിയറുകളും എങ്ങും ഉയർത്തപ്പെട്ടിരുന്നു. പഴുതടച്ച സുരക്ഷക്ക് സേന അതീവ ജാഗ്രത പുലർത്തിയിരുന്നുവെന്നാണ് സൂപ്രണ്ടായ നിക്ക് ആൽഡ് വർത്ത് വിശദീകരിക്കുന്നത്. എഡിൻബർഗിൽ ഹോഗ്മാനെ സെലിബ്രേഷൻസിൽ വച്ച് ആയിരക്കണക്കിന് പേരാണ് പുതുവൽസരത്തെ വരവേറ്റിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ട്രീറ്റ് പാർട്ടികളാണ് ഇതോടനുബന്ധിച്ച് ഇവിടെ നടക്കുന്നത്.ഡൈലൻ കൊടുങ്കാറ്റിന്റെ ഭീഷണി എഡിൻബർഗിൽ ഇന്നലെ രാവിലെ മുതൽ പ്രകടമായിരുന്നുവെങ്കിലും നഗരത്തിലെ ഹോഗ്മാനെ ആഘോഷങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ പോലെ തന്നെ നടന്നിരുന്നു.

തങ്ങൾ പ്രൊഡ്യൂസ് ചെയ്ത ഇവന്റിൽ 75,000 പേർ പങ്കെടുത്തുവെന്നാണ് അണ്ടർബെല്ലി അവകാശപ്പെടുന്നത്. ഇതോടനുബന്ധിച്ച് ഇവിടെ ലൈവ് മ്യൂസിക്ക്, ഡിജെകൾ, സ്ട്രീറ്റ് എന്റർടെയിന്മെന്റ്, ഫയർവർക്സ് ഡിസ്പ്ലേ തുടങ്ങിവ അരങ്ങേറിയിരുന്നു. സ്‌കോട്ട്ലൻഡിലെ അബെർഡീനിലെ സ്‌കൂൾഹില്ലിൽ നടന്ന സ്ട്രീറ്റ് പാർട്ടിയും ശ്രദ്ധേയമായിരുന്നു. ദി മെർസി ബീറ്റിൽസ്, ദി ബാൻജോ ലൗഞ്ച് 4 എന്നിവയിൽ നിന്നുമുള്ള സംഗീതം ഇതിന് ഹരം പകർന്നിരുന്നു. തുടർന്ന് മജെസ്റ്റീസ് തിയേറ്റർ റൂഫ്ടോപ്പിൽ അർധരാത്രി വെടിക്കെട്ടും അരങ്ങേറിയിരുന്നു.

കഴിഞ്ഞ വർഷം നാല് ഭീകരാക്രമണങ്ങൾ യുകെയിൽ നടന്നിരിക്കുന്നതിനാൽ ലണ്ടനിൽ 3000ത്തിൽ അധികം പൊലീസുകാരെയായിരുന്നു തന്ത്രപ്രധാനമായ വിവിധ ഇടങ്ങളിലായി വിന്യസിച്ചിരുന്നത്. ട്യൂബ് നെറ്റ് വർക്കിലും വൻ സുരക്ഷയേർപ്പെടുത്തിയിരുന്നു. നഗരത്തിലെ തെരുവുകളിൽ ഭീകരാക്രമണത്തെ നേരിടുന്നതിനായി സ്റ്റീൽ ബാരിക്കേഡുകൾ ഉയർത്തിയിരുന്നു. വാഹനങ്ങൾ ഇടിപ്പിച്ചുള്ള ആക്രമണങ്ങൾ തടയുന്നതിനായി പ്രത്യേക ബാരിക്കേഡുകളും ഉയർത്തിയിരുന്നു. ഇതിന് പുറമെ മഫ്ടിയിലുള്ള പൊലീസ് ഓഫീസർമാർ എന്തിനും തയ്യാറായി ജനക്കൂട്ടത്തിന് നടുവിൽ നിലകൊണ്ടിരുന്നു.

കടുത്ത വിന്ററിനെ നേരിടുന്നതിനുള്ള വസ്ത്രങ്ങൾ ധരിച്ച് ന്യൂ ഇയർ പാർട്ടികൾക്ക് പോകുന്നവരെ ലണ്ടനിൽ എങ്ങും കാണാമായിരുന്നു. മാഞ്ചസ്റ്ററിൽ 2018നെ വരവേൽക്കുന്നതിനായി മഴനനഞ്ഞ് പോകുന്നവരെയും കാണാമായിരുന്നു.