- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുവരെ ഉണ്ടായതിനേക്കാൾ ഭയാനകമായ വകഭേദത്തെ ന്യൂയോർക്കിൽ കണ്ടെത്തി; വാക്സിൻ എടുത്തവർക്കും കോവിഡ് വന്നു പോയവർക്കും വരെ ഞൊടിയിടയിൽ രോഗം പകരും; കോവിഡിനെ തോൽപിക്കാൻ മനുഷ്യർക്കാവില്ലെന്ന് തെളിയുന്ന കണ്ടെത്തലിൽ ഞെട്ടി ലോകം
ന്യൂയോർക്ക്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൊണ്ടുവന്നു, വാക്സിൻ വന്നു, എന്നാൽ ഇതുകൊണ്ടൊന്നും നിങ്ങൾക്ക് എന്നെ തോൽപ്പിക്കാൻ ആവില്ല മക്കളേ എന്നാണോ കൊറോണയെന്ന അതിഭീകര വൈറസ് മനുഷ്യരോട് പറയുന്നത് ? ന്യുയോർക്കിൽനിന്നുള്ള വിദഗ്ദരുടെ അഭിപ്രായം ശരിയാണെങ്കിൽ, കൊറോണയെ തോൽപ്പിക്കാൻ മനുഷ്യൻ ഇതുവരെ നേടിയ അറിവുകളോ അടവുകളോ ഒന്നും തന്നെ മതിയാകില്ല എന്നുതന്നെ പറയാം. ന്യുയോർക്കിൽ കണ്ടെത്തിയ കൊറോണയുടെ പുതിയ വകഭേദം, രോഗം വന്നു ഭേദമായവരിലും വാക്സിൻ എടുത്തവരിലും പോലും അതിവേഗം അതിക്രമിച്ചുകയറാൻ കേല്പുള്ളതാണത്രെ!
ബി. 1. 526 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പുതിയ ഇനം ന്യുയോർക്കിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ കൂടുതലായി വ്യാപിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ദക്ഷിണാഫ്രിക്കൻ വകഭേദത്തിൽ കണ്ടെത്തിയ അതേ ജനിതകമാറ്റം ഈ ഇനത്തിലുമുണ്ടെന്നുള്ളതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. ഈ ജനിതകമാറ്റം കാരണം, രോഗം വന്ന് ഭേദമായവരിലും വൈറസിന് വീണ്ടും പ്രവേശിക്കാൻ സഹായിക്കുന്നു. ന്യുയോർക്ക് നഗരത്തിൽ ഈയിടെയുണ്ടായ രോഗവ്യാപന വർദ്ധനവിന് കാരണം ഈ പുതിയ ഇനമാണൊ എന്നകാര്യം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് മുൻഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ഡോ. സ്കോട്ട് ഗൊട്ട്ലിബ് പറയുന്നു.
അതേസമയം, പുതിയ രോഗബാധിതരിൽ 50 ശതമാനത്തിലേറെ ബാധിച്ചിരിക്കുന്നത് ഈ പുതിയ വൈറസാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ന്യുയോർക്കിൽ ഇതുവരെ 7.4 മില്ല്യണിലധികം വാക്സിൻ വിതരണം ചെയ്തുകഴിഞ്ഞു. ഏകദേശം 2.4 മില്ല്യൺ ആളുകൾ രണ്ടു ഡോസും പൂർത്തിയാക്കി കഴിഞ്ഞു. ഇത് സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 12.6 ശതമാനം വരും.
ഇതോടൊപ്പം മറ്റ് ഇനം വൈറസുകളേയും ന്യുയോർക്കിൽ കണ്ടെത്തിയിട്ടുണ്ട്. ബ്രസീൽ വകഭേദമായ പി. 1 ന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതായി മാൻഹാട്ടനിലെ മൗണ്ട് സിനായ് ആശുപത്രിയിലെ ഗവേഷകർ അറിയിച്ചു. മാസ്ക് ധരിക്കേണ്ടി വരുന്നതിനും വാക്സിൻ എടുക്കേണ്ടി വരുന്നതിനും എതിരെ പ്രതിഷേധിച്ച് മാൻഹാട്ടനിൽ ജനങ്ങൾ തെരുവിലിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നത്. മാസ്ക് നിർബന്ധമാക്കിയതിനെതിരെ പ്രതിഷേധത്തിനിറങ്ങിയവർ, സ്വാഭാവിക പ്രതിരോധശേഷി പുഷ്ടിപ്പെടുത്തുന്നതിൽ ശ്രദ്ധിക്കാൻ സംസ്ഥാനത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു.
അതേസമയം അമേരിക്കയുടെ പല ഭാഗങ്ങളിലും മാസ്ക് നിർബന്ധമാക്കുന്ന നിയമത്തിൽ ഇളവുകൾ വരുത്തിതുടങ്ങി. മാർച്ച് അവസാനത്തോടെ മാസ്ക് നിർബന്ധമല്ലാത്തെ ഏഴാമത്തെ സംസ്ഥാനമായി അർക്കൻസാസ് മാറും. ഏപ്രിലിൽ അലബാമയും മാസ്ക് നിർബന്ധമാക്കുന്ന നിയമം എടുത്തുകളയുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലോവ, മിസ്സിസ്സിപ്പി, മൊണ്ടാന, നോർത്ത് ഡക്കോട്ട, ടെക്സാസ്, വ്യോമിങ് എന്നിവയാണ് മാസ്ക് നിർബന്ധമല്ലാതെയാക്കിയ മറ്റു സംസ്ഥാനങ്ങൾ.
ഇന്നലെവരെയുള്ള കണക്കനുസരിച്ച് അമേരിക്കയിൽ ഇതുവരെ 29.8 മില്യൺ ആൾക്കാർക്കാണ് കോവിഡ് ബാധിച്ചത്. 5,42,000 ൽ അധികം പേർ മരണമടയുകയും ചെയ്തു. അതേസമയം, അമേരിക്കയിലെ വാക്സിൻ പദ്ധതിക്ക് വേഗതയാർജ്ജിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ തുടർച്ചയായി പ്രതിദിനം മൂന്നു മില്യണിലേറെ വാക്സിനുകളാണ് നൽകിയിട്ടുള്ളത്.
മറുനാടന് ഡെസ്ക്