- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നമീബിയയെയും കീഴടക്കി ന്യൂസിലൻഡ് മുന്നോട്ട്; 52 റൺസിന്റെ ആധികാരിക ജയം; മൂന്നാം ജയത്തോടെ രണ്ടാം സ്ഥാനത്ത്; ഇനി നിർണായകം അഫ്ഗാനിസ്ഥാന് എതിരായ അവസാന മത്സരം
ഷാർജ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ നമീബിയയെ 52 റൺസിന് കീഴടക്കി ന്യൂസീലൻഡ് സെമി ബർത്തിലേക്ക് ഒരു ചുവടുകൂടി അടുത്തു. നിർണായക മത്സരത്തിൽ ന്യൂസീലൻഡ് ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയയ്ക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 111 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഓപ്പണിങ് വിക്കറ്റിൽ 7.2 ഓവറിൽ 47 റൺസടിച്ചശേഷമാണ് നമീബിയ 20 ഓവറിൽ 111 റൺസിൽ പോരാട്ടം അവസാനിപ്പിച്ചത്. 52 റൺസ് ജയത്തോടെ റൺറേറ്റ് മെച്ചപ്പെടുത്തി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയ കിവീസിന് അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ മറികടന്നാൽ കണക്കുകൂട്ടലുകളെല്ലാം മാറ്റിവെച്ച് പാക്കിസ്ഥാനൊപ്പം സെമിയിലെത്താം. സ്‌കോർ ന്യൂസിലൻഡ് 20 ഓവറിൽ 163-4, നമീബിയ 20 ഓവറിൽ 111-7.
164 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ സ്റ്റെഫാൻ ബാർഡും മൈക്കിൾ വാൻ ലിങ്ഗനും നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും 47 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ജിമ്മി നീഷാം എറിഞ്ഞ എട്ടാം ഓവറിലെ രണ്ടാം പന്തിൽ അനാവശ്യ ഷോട്ട് കളിച്ച് ലിങ്ഗൻ പുറത്തായി. 25 റൺസെടുത്ത ലിങ്ഗനെ നീഷാം ക്ലീൻ ബൗൾഡാക്കി.
പിന്നാലെ സ്റ്റീഫൻ ബാർഡും പുറത്തായതോടെ നമീബിയ അപകടം മണത്തു. 21 റൺസെടുത്ത ബാർഡിനെ മിച്ചൽ സാന്റ്നർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ നായകൻ ജെറാർഡ് ഇറാസ്മസ് നിരാശപ്പെടുത്തി. വെറും മൂന്ന് റൺസ് മാത്രമെടുത്ത താരത്തെ ഇഷ് സോധി ഡെവോൺ കോൺവെയുടെ കൈയിലെത്തിച്ചു. ഇതോടെ നമീബിയ 55 ന് മൂന്ന് എന്ന സ്‌കോറിലേക്ക് വീണു.
മൂന്ന് വിക്കറ്റ് വീണശേഷം ക്രീസിലൊന്നിച്ച സെയ്ൻ ഗ്രീനും ഡേവിഡ് വിയേസെയും ചേർന്ന് നമീബിയയ്ക്ക് പ്രതീക്ഷ പകർന്നു. ഇരുവരും ടീം സ്‌കോർ 86-ൽ എത്തിച്ചു. എന്നാൽ തന്ത്രപരമായ ബൗളിങ് മാറ്റം കൊണ്ടുവന്ന കിവീസ് നായകൻ വില്യംസണിന്റെ നീക്കം ഫലിച്ചു. 16 റൺസെടുത്ത വിയേസെയെ വിക്കറ്റിന് മുന്നിൽ കുടുക്കി ടിം സൗത്തി മത്സരം ന്യൂസീലൻഡിന് അനുകൂലമാക്കി.
വൈകാതെ ഗ്രീനും മടങ്ങി. ഇതോടെ കിവീസ് വിജയമുറപ്പിച്ചു. 23 റൺസെടുത്ത ഗ്രീനിനെ സൗത്തി ബോൾട്ടിന്റെ കൈയിലെത്തിച്ചു. ടീം സ്‌കോർ 100 കടത്തിയശേഷമാണ് ഗ്രീൻ മടങ്ങിയത്. ഗ്രീനിന് പകരം ക്രീസിലെത്തിയ നിക്കോൾ ലോഫ്റ്റി ഈറ്റൺ അക്കൗണ്ട് തുറക്കും മുൻപ് ട്രെന്റ് ബോൾട്ടിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അതേ ഓവറിൽ തന്നെ പുതുതായി ക്രീസിലെത്തിയ ക്രെയ്ഗ് വില്യംസിനെ മടക്കി ബോൾട്ട് നമീബിയയുടെ ഏഴാം വിക്കറ്റ് പിഴുതു.
ന്യൂസീലൻഡിനായി ടിം സൗത്തി, ട്രെന്റ് ബോൾട്ട് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ മിച്ചൽ സാന്റ്നർ, ജിമ്മി നീഷാം, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിർണായ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവികൾ ഗ്ലെൻ ഫിലിപ്സ്, ജയിംസ് നീഷാം എന്നിവരുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലാണ് 20 ഓവറിൽ നാല് വിക്കറ്റിന് 163 റൺസെടുത്തത്.
14 ഓവർ പിന്നിടുമ്പോൾ കിവീസ് സ്‌കോർ 87-4 മാത്രമായിരുന്നു. അഞ്ചാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്സ്-ജയിംസ് നീഷാം സഖ്യത്തിന്റെ സൂപ്പർ ഫിനിഷിംഗാണ് ന്യൂസിലൻഡിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത് അവസാന അഞ്ച് ഓവറിൽ ഇരുവരും ചേർന്ന് 72 റൺസാണ് അടിച്ചെടുത്തത്. ഫിലിപ്സ് 21 പന്തിൽ 39 റൺസും നീഷാം 23 പന്തിൽ 35 റൺസുമെടുത്ത് പുറത്താകാതെ നിന്നു. നായകൻ കെയ്ൻ വില്യംസൺ 28 റൺസ് നേടി. നമീബിയക്കായി എറാസ്മസും വീസും ബെർണാർഡും ഓരോ വിക്കറ്റ് നേടി.
സ്പോർട്സ് ഡെസ്ക്