- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക്കിസ്ഥാൻ പര്യടനം റദ്ദാക്കി മടങ്ങിയ കിവീസ് താരങ്ങൾ ദുബായിൽ; പാക്കിസ്ഥാൻ വിട്ടത് ചാർട്ടേഡ് വിമാനത്തിൽ!; ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്ന് പിന്മാറിയേക്കും
ദുബായ്: സുരക്ഷാ പ്രശ്നം ഉയർത്തി പാക്കിസ്ഥാൻ പര്യടനം റദ്ദാക്കിയ ന്യൂസീലൻഡ് ക്രിക്കറ്റ് ടീം ദുബായിൽ എത്തി. ചാർട്ടേർഡ് വിമാനത്തിൽ പാക്കിസ്ഥാനിൽ നിന്ന് മടങ്ങിയ 34 അംഗ ന്യൂസീലൻഡ് ടീമാണ് യുഎഇയിലെത്തിയത്. ഇവിടെ 24 മണിക്കൂർ സെൽഫ് ഐസലേഷൻ പൂർത്തിയാക്കിയശേഷം സംഘത്തിലെ 24 താരങ്ങൾ ന്യൂസീലൻഡിലേക്കു മടങ്ങും.
ശേഷിക്കുന്ന 10 പേർ ട്വന്റ20 ലോകകപ്പിനു മുന്നോടിയായി ന്യൂസീലൻഡ് ടീമിനൊപ്പം ചേരുന്നതിന് യുഎഇയിൽത്തന്നെ തുടരും. ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിന് പാക്കിസ്ഥാനിൽനിന്ന് സുരക്ഷിതമായി പുറത്തുകടക്കാൻ സൗകര്യമൊരുക്കിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ന്യൂസീലൻഡ് ക്രിക്കറ്റ് തലവൻ ഡേവിഡ് വൈറ്റ് നന്ദി അറിയിച്ചു.
'പാക്കിസ്ഥാൻ ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ പ്രതിസന്ധി നിറഞ്ഞ സമയമാണ് ഇതെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളോട് കാണിച്ച എല്ലാ സ്നേഹത്തിനും കരുതലിനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും പിസിബി തലവൻ വസിം ഖാനും നന്ദി' വൈറ്റ് പറഞ്ഞു.
ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം പാക്കിസ്ഥാനിൽ പര്യടനത്തിന് എത്തിയ ന്യൂസീലൻഡ് ടീം ആദ്യ മത്സരത്തിന് ഇറങ്ങാനിരിക്കെയാണ് ടോസിനു തൊട്ടുമുൻപായി പര്യടനം തന്നെ ഉപേക്ഷിച്ചത്. മത്സരം മൂന്നു മണിക്ക് ആരംഭിക്കാനിരിക്കെ ന്യൂസീലൻഡ് താരങ്ങൾ കളത്തിലിറങ്ങാൻ വിസമ്മതിക്കുകയായിരുന്നു.
ന്യൂസീലൻഡ് ടീമിലെ താരങ്ങളിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ പരമ്പര തന്നെ റദ്ദാക്കുകയാണെന്ന് പിന്നാലെ ന്യൂസീലൻഡ് ബോർഡ് അറിയിച്ചു.
2002ൽ ന്യൂസീലൻഡ് പാക്കിസ്ഥാനിൽ പര്യടനം നടത്തുന്ന സമയത്ത് ടീമംഗങ്ങൾ താമസിച്ചിരുന്ന കറാച്ചിയിലെ ഹോട്ടലിനു പുറത്ത് ബോംബ് സ്ഫോടനം നടന്നിരുന്നു. തുടർന്ന് പര്യടനം വെട്ടിച്ചുരുക്കി അവർ നാട്ടിലേക്കു മടങ്ങി. 2003ൽ അഞ്ച് ഏകദിനങ്ങൾക്കായി അവർ ഇവിടെയെത്തിയെങ്കിലും അതിനുശേഷം സുരക്ഷാ കാരണങ്ങളാൽ ഇതുവരെ പാക്കിസ്ഥാനിലേക്ക് വന്നിട്ടില്ല.
ന്യൂസിലൻഡ് പിന്മാറിയതിന് പിന്നാലെ മറ്റൊരു ടീമും അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ട്. ഇംഗ്ലണ്ടാണ് പാക് പര്യടനത്തിൽ നിന്ന് പിന്മാറിയേക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഒക്ടോബറിൽ രണ്ട് ടി20 മത്സരങ്ങൾക്കായി ഇംഗ്ലണ്ട് പാക്കിസ്ഥാനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്.
ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ''പാക്കിസ്ഥാനെതിരായ പരമ്പരയിൽ നിന്ന് ന്യൂസിലൻഡ് പിന്മാറിയത് ഞങ്ങൾ മനസിലാക്കുന്നു. പാക്കിസ്ഥാനിലെ സാഹചര്യങ്ങൾ വിലയിരുത്താൻ ഞങ്ങളുടെ സുരക്ഷാവിഭാഗം പ്രതിനിധികൾ അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. അവരുമായി ബന്ധപ്പെട്ട ശേഷം പര്യടനം തുടരണമോ വേണ്ടയോ എന്നുള്ള കാര്യത്തിൽ തീരുമാനമെടുക്കും. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇക്കാര്യം ഞങ്ങൾ അറിയിക്കും.'' ഇസിബി വ്യക്തമാക്കി.
അതേസമയം പര്യടനം റദ്ദാക്കിയാൽ ഐപിഎല്ലിന് ഗുണമുണ്ടാവും. റിപ്പോർട്ട് പ്രകാരം സംഭവിച്ചാൽ ഇംഗ്ലണ്ട് താരങ്ങൾക്ക് ഐപിഎല്ലിൽ തുടരാം. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ന്യൂസിലൻഡ് പരമ്പരയിൽ നിന്ന് പിന്മാറിയത്. മത്സരം തുടങ്ങാൻ മണിക്കൂറുകൾക്ക് മുമ്പായിരുന്നു കിവീസ് ടീമിന്റെ പിന്മാറ്റം.
18 വർഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പാക്കിസ്ഥാനിൽ പര്യടനത്തിനായി എത്തിയത്. 2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബസിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാൻ പര്യടനം നടത്താൻ പ്രധാന ടീമുകൾ വിസമ്മതിച്ചിരുന്നു. എന്നാൽ ഈ വർഷമാദ്യം ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനിൽ കളിച്ചിരുന്നു.
സ്പോർട്സ് ഡെസ്ക്