വെല്ലിങ്ടൺ: സ്വന്തമായി കാറില്ലാത്ത ന്യൂസിലാൻഡ് എംപി ജൂലി ആൻ ജെന്റർ സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തി പ്രസവിച്ചു. പെൺകുഞ്ഞിനാണ് ജൂലി ജന്മം നൽകിയത്. എം പി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

ജൂലി പ്രസവത്തിനായി സൈക്കിൾ ചവിട്ടി ആശുപത്രിയിൽ പോകുന്നത് ഇതാദ്യമായല്ല. തന്റെ ആദ്യകുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന സമയത്തും ജൂലി സൈക്കിൾ ചവിട്ടിയിലാണ് ആശുപത്രിയിൽ എത്തി പ്രസവിച്ചത്. ഇത്തവണ പുലർച്ചെ രണ്ട് മണിയോടെയാണ് ജൂലി ആശുപത്രിയിലേക്ക് സൈക്കിളിൽ പുറപ്പെട്ടത്

സംഭവത്തെ കുറിച്ച് എം പി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: 'ഒരു വലിയ വാർത്തയുണ്ട്, ഇന്ന് പുലർച്ചെ 3.04ന് കുടുബത്തിലെ ഏറ്റവും പുതിയ അതിഥിയെ ഞങ്ങൾ സ്വാഗതം ചെയ്തു. ഇത്തവണ പ്രസവിക്കാനായി സൈക്കിളിൽ ആശുപത്രിയിൽ പോകാൻ പദ്ധതി ഇല്ലായിരുന്നെങ്കിലും കാര്യങ്ങൾ എത്തിച്ചേർന്നത് അങ്ങനെങ്ങനെ തന്നെയാണ്. ഞങ്ങൾ പുലർച്ചെ 2 മണിക്ക് ആശുപത്രിയിലേക്ക് പോകാനൊരുങ്ങിയപ്പോൾ തീവ്രമായ പ്രസവ വേദന അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ ആശുപത്രിയിൽ എത്തി 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വേദന കൂടി. അത്ഭുതമെന്ന് പറയട്ടെ ആരോഗ്യത്തോടെ ഒരു കുഞ്ഞിനെ ഞങ്ങൾക്ക് ലഭിച്ചു, അവളുടെ അച്ഛനെ പോലെ തന്നെ അവളും ഉറങ്ങുകയാണ്. മികച്ച ഒരുകൂട്ടം ഡോക്ടർമാരുടെ സംഘത്തിൽനിന്ന് നല്ല പരിചരണവും പിന്തുണയും ലഭിച്ചതിൽ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു'.

പ്രസവത്തിനായി ആശുപത്രിയിലേക്കുള്ള സൈക്കിൾ യാത്രയുടേയും കുഞ്ഞിന്റേയുമെല്ലാം ഫോട്ടോകളും ജൂലി പങ്കുവെച്ചിട്ടുണ്ട്. ഏതായാലും ജൂലിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വളരെ വേഗം തന്നെ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ജൂലിക്ക് ആശംസ അറിയിച്ചും അഭിനന്ദിച്ചും രംഗത്തെത്തിയത്.

ആദ്യ തവണ മന്ത്രിയായിരിക്കെവെയായിരുന്നു ജൂലി ആൻ ജെന്റർ പ്രസവത്തിനായി സൈക്കിളിൽ പോയത്. വീട്ടിൽ നിന്നും ഒരു കിലോമിറ്റർ അകലെയുള്ള ആക്ലാൻ സിറ്റി ആശുപത്രി വരെയാണ് ജൂലി സൈക്കിൾ ചവിട്ടിയത്.