- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫിനിഷിങ് മികവുമായി ഗ്ലെൻ ഫിലിപ്സും ജയിംസ് നീഷാമും; കിവീസിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ച് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്; നമീബിയക്ക് 164 റൺസ് വിജയലക്ഷ്യം; സെമി സാധ്യത നിലനിർത്താൻ ന്യൂസിലൻഡിന് ജയം അനിവാര്യം
ഷാർജ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ന്യൂസീലൻഡിനെതിരേ നമീബിയയ്ക്ക് 164 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. 14 ഓവറിൽ നാല് വിക്കറ്റിന് 87 റൺസ് എന്ന നിലയിൽ പരുങ്ങിയ കിവീസിനെ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ജിമ്മി നീഷാം-ഗ്ലെൻ ഫിലിപ്സ് സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇരുവരും 76 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഫിലിപ്സ് 39* ഉം നീഷാം 35* ഉം റൺസ് വീതമെടുത്തു. നായകൻ കെയ്ൻ വില്യംസൺ 28 റൺസ് നേടി. നമീബിയക്കായി എറാസ്മസും വീസും ബെർണാർഡും ഓരോ വിക്കറ്റ് നേടി.
ന്യൂസീലൻഡിനുവേണ്ടി പതിവുപോലെ മാർട്ടിൻ ഗപ്റ്റിലും ഡാരിൽ മിച്ചലുമാണ് ഓപ്പൺ ചെയ്തത്. ശ്രദ്ധയോടെ കളിച്ച ഇരുവരും ആദ്യ നാലോവറിൽ 30 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ അഞ്ചാം ഓവറിലെ ആദ്യ പന്തിൽ അപകടകാരിയായ ഗപ്റ്റിലിനെ മടക്കി ഡേവിഡ് വിയേസെ കിവീസിന് ആദ്യ പ്രഹരമേൽപ്പിച്ചു. 18 റൺസെടുത്ത ഗപ്റ്റിൽ റൂബൻ ട്രംപൽമാന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.
ഗപ്റ്റിലിന് പകരം നായകൻ കെയ്ൻ വില്യംസൺ ക്രീസിലെത്തി. ഗപ്റ്റിലിന് പിന്നാലെ ഡാരിൽ മിച്ചലും പുറത്തായത് കിവീസിന് ഇരട്ടപ്രഹരമായി. 15 പന്തുകളിൽ നിന്ന് 19 റൺസെടുത്ത മിച്ചലിന്റെ ബെർണാർഡ് സ്‌കോൾട്സ് മൈക്കിൾ വാൻ ലിംഗെന്റെ കൈയിലെത്തിച്ചു. ഇതോടെ കിവീസ് 43 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായി.
മിച്ചലിന് പകരം ക്രീസിലെത്തിയ ഡെവോൺ കോൺവെയെ കൂട്ടുപിടിച്ച് വില്യംസൺ ടീം സ്‌കോർ 50 കടത്തി. ന്യൂസീലൻഡ് കളിയിൽ ആധിപത്യം പുലർത്തിയെന്ന് തോന്നിച്ചെങ്കിലും വില്യംസണെ പുറത്താക്കി നമീബിയ ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തി. 25 പന്തുകളിൽ നിന്ന് 28 റൺസെടുത്ത വില്യംസണെ ഇറാസ്മസ് ക്ലീൻബൗൾഡാക്കി. പിന്നാലെ കോൺവേ റൺ ഔട്ട് ആയി പുറത്തായതോടെ കിവീസ് അപകടം മണത്തു. 17 റൺസെടുത്ത് കോൺവെയെ ഇറാസ്മസാണ് റൺ ഔട്ടാക്കിയത്. ഇതോടെ കിവീസ് 87 റൺസിന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
അഞ്ചാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ജിമ്മി നീഷാമും ഗ്ലെൻ ഫിലിപ്സും ചേർന്ന് 16.2 ഓവറിൽ ടീം സ്‌കോർ 100 കടത്തി. അവസാന ഓവറുകളിൽ ഇരുവരും അടിച്ചുതകർത്തതോടെ കിവീസ് തകർച്ചയിൽ നിന്ന് കരകയറി. 19.2 ഓവറിൽ ടീം സ്‌കോർ 150 കടന്നു. 100 റൺസിലെത്താൻ 98 പന്തുകൾ വേണ്ടിവന്ന ന്യൂസീലൻഡിന് 150 ലേക്കെത്താൻ വെറും 18 പന്തുകളേ വേണ്ടി വന്നുള്ളൂ.
നിഷാം 23 പന്തുകളിൽ നിന്ന് 35 റൺസെടുത്തും ഫിലിപ്സ് 21 പന്തുകളിൽ നിന്ന് 39 റൺസ് നേടിയും പുറത്താവാതെ നിന്നു. നമീബിയയ്ക്ക് വേണ്ടി ഇറാസ്മസ്, വിയേസി, സ്‌കോൾട്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
ടോസ് നേടിയ നമീബിയൻ ക്യാപ്റ്റൻ ജെറാർഡ് എറാസ്മസ് ന്യൂസിലൻഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ന് ജയിച്ച് സെമി സാധ്യതകൾ ഉറപ്പാക്കാൻ ന്യൂസിലൻഡിന്റെ ശ്രമം. അതേസമയം രണ്ടാം ജയമാണ് കുഞ്ഞൻ ടീമായ നമീബിയ ലക്ഷ്യമിടുന്നത്.
സ്‌കോട്ലൻഡിനെതിരെ കളിച്ച ടീമിൽ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് കെയ്ൻ വില്യംസണും സംഘവും ഇറങ്ങിയത്. നമീബിയ രണ്ട് മാറ്റങ്ങൾ വരുത്തി. ഈ മത്സരത്തിന് ശേഷം ന്യൂസിലൻഡിന് ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. ഇന്ന് ജയിച്ചാൽ അഫ്ഗാനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും ന്യൂസിലൻഡിന് കഴിയും.
സ്പോർട്സ് ഡെസ്ക്