ടൗറംഗയുടെ സിറ്റി സെന്ററിൽ കഴിഞ്ഞ രണ്ട് വർഷമായി നടപ്പിലാക്കി വന്ന സൗജന്യ ഓൺ-സ്ട്രീറ്റ് പാർക്കിങ് ഡിസംബറിൽ അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു.ടൗറംഗ സിറ്റി കൗൺസിൽ യോഗത്തിൽ, ഡിസംബർ 1 മുതൽ സിറ്റി സെന്റർ 'കോർ ഏരിയ'യിലെ സൗജന്യ ഓൺ-സ്ട്രീറ്റ് പാർക്കിങ് നീക്കം ചെയ്യാൻ കമ്മീഷണർമാർ ഏകകണ്ഠമായി വോട്ട് ചെയ്യുകയായിരുന്നു. തീരുമാനത്തിൽ പലരും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

രണ്ട് മണിക്കൂർ സൗജന്യ പാർക്കിംഗിൽ നിന്ന് ആദ്യത്തെ രണ്ട് മണിക്കൂർ മണിക്കൂറിന് 1 ഡോളർ ആയി പാർക്കിങ് നിരക്ക് മാറും, അതിനുശേഷം തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ (വേരിയബിൾ ഓൺ-സ്ട്രീറ്റ് ചാർജുകൾ) മണിക്കൂറിന് 5 ഡോളർ നിരക്കിൽ ഈടാക്കാനുമാണ് തീരുമാനം.

2023 ഫെബ്രുവരി 1 മുതൽ, ആദ്യ രണ്ട് മണിക്കൂർ ഓൺ-സ്ട്രീറ്റ് പാർക്കിങ് നിരക്കുകൾ മണിക്കൂറിന് 2 ഡോളർആയി മാറും.സൗജന്യമായി പാർക്ക് ചെയ്യുന്നത് നിരുത്സാഹപ്പെടുത്താനും മറ്റ് ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കാനും കൗൺസിൽ ആഗ്രഹിക്കുന്നതായി അധികൃതർ അറിയിച്ചു.

കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള പാർക്കിങ് ഏരിയകളിലെ പാർക്കിങ് ഫീസ് ക്ലിഫ് റോഡ് കാർപാർക്കിൽ ഒരു ദിവസത്തേക്ക് 6 മുതൽ എലിസബത്ത്, സ്പ്രിങ്/ഡർഹാം സ്ട്രീറ്റ് എന്നിവിടങ്ങളിലെ പാർക്കിങ് കെട്ടിടങ്ങളിൽ 17 ഡോളർവരെയാണ്.