മൂവാറ്റുപുഴ: തൃപ്പൂണിത്തുറ തിരുവാണായൂരിൽ നവജാത ശിശുവിന്റെ മരണം കൊലപാതകം തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതോടെ കുഞ്ഞ് മരിച്ചതിന് ശേഷമാണ് പാറമടയിൽ കെട്ടിത്തുക്കിയതെന്ന് അമ്മയുടെ മൊഴി നുണയാണെന്ന് വ്യക്തമായി.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇതിനു തെളിവാണെന്നും പൊലീസ് പറഞ്ഞു.കുഞ്ഞിന്റേത് മുങ്ങി മരണമാണെന്ന് ഡോക്ടർമാർ പൊലീസിന് റിപ്പോർട്ട് നൽകി. കുഞ്ഞിന്റെ ആന്തരികാവയവങ്ങളിൽ ക്വാറിയിലെ വെള്ളം കണ്ടെത്തി. ജനിച്ച സമയത്ത് കുട്ടിക്ക് ജീവനുണ്ടായിരുന്നു. യാതൊരു ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതോടെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ യുവതിക്ക് നേരെ പൊലീസ് കുരുക്ക് മുറുക്കി. കുട്ടിയുടെ മരണവുമായ ബന്ധപ്പെട്ട്് ചോദ്യം ചെയ്തപ്പോഴാണ് ജനിച്ചപ്പോൾ കുട്ടിക്ക് ജീവനില്ലാത്തതു കാരണമാണ് കല്ലുകെട്ടി പാറമടയിൽ താഴ്തിയതെന്നാണ് ശാലിനി പൊലീസിൽ മൊഴി നൽകിയത്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ യുവതിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും

ഗർഭിണിയായ വിവരം അടക്കം കുടുംബത്തിൽ നിന്നും മറച്ചുവെച്ചിരുന്നു എന്നാണ് പൊലീസിൽ ഇവർ വ്യക്തമാക്കിയിരുന്നത്. ഭർത്താവ് ഒരു വർഷത്തിനടുത്തായി പിണങ്ങി താമസിക്കുകയായിരുന്നു. ഗർഭിണിയായ വിവരം ആരെയും അറിയിച്ചിരുന്നില്ല. ഇന്നലെ രാത്രിയായിരുന്നു പ്രസവം. മക്കൾക്ക് നാണക്കേടാവും എന്നു കരുതിയാണ് ആശുപത്രിയിൽ പോകാതിരുന്നതെന്നാണ് ശാലിനി പൊലീസിൽ പറഞ്ഞിരിക്കുന്നത്. വീട്ടിൽ പ്രസവിച്ചു കഴിഞ്ഞപ്പോൾ കുട്ടിയിക്കു ജീവനില്ലന്ന് കണ്ടതിനാലാണ് പാറമടയിൽ ഉപേക്ഷിച്ചതെന്നും ശാലിനി മൊഴി നൽകിയതായി പുത്തൻകുരിശ് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു

ശാലിനിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുള്ളത്. ഭർത്താവ് സന്തോഷ് കുറച്ചുകാലമായി തനിയക്കൊപ്പമല്ല താമസം എന്നാണ് ശാലിനി അറിയിച്ചത്. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവാണിയൂരിൽ വീടിനടുത്തുള്ള പാറമടയിൽ നിന്നും നവജാതശിശുവിന്റെ മൃതദ്ദേഹം കണ്ടെടുക്കുകയായിരുന്നു.പ്രസവത്തെത്തുടർന്നുണ്ടായ രക്തസ്രാവം നിലക്കാത്തതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ശാലിനി താൻ ഗർഭിണിയായിരുന്നു എന്നും പ്രസവിച്ച വിവരവും പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇങ്ങനെയാണ് ക്രൂരതയുടെ വിശദാംശങ്ങൾ പുറംലോക മറിയുന്നത്.

പ്രദേശവാസി തന്നെയായ സന്തോഷാണ് ശാലിനിയുടെ ഭർത്താവ്. ഈ ദമ്പതികൾക്ക് നാല് മക്കളാണുള്ളത്. 3 പെൺകുട്ടികളും ഒരാണും. 20 ,13 ,5 എന്നിങ്ങനെയാണ് പെൺകുട്ടികളുടെ പ്രായം. ആൺകുട്ടിക്ക് 15 വയസുണ്ട്. ഭർത്താവ് മാറിതാമസിക്കാൻ തുടങ്ങിയിട്ട് കഷ്ടി ഒരു വർഷത്തിന് അടുത്ത് ആകുന്നതേയുള്ളു. മക്കൾക്ക് നാണക്കേടാകുമെന്നാണ് താൻ ഭയന്നതെന്നാണ് ശാലിന് വ്യക്തമാക്കിയിട്ടുള്ളത്. ഭർത്താവ് സന്തോഷിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കുഞ്ഞിനെ കെട്ടിത്താഴ്‌ത്താൻ ഇയാളും കൂട്ടുനിന്നോ എന്നാണ് പൊലീസ് ഇപ്പോൾ പരിശോധിക്കുന്നത്.