കേന്ദ്ര സർക്കാരിന്റെ മുദ്രാ പദ്ധതി പോലെ കേരള സർക്കാരിന്റെ അഭിമാന പദ്ധതികളിൽ ഒന്നാണ് കുറഞ്ഞ നിരക്കിൽ പിന്നോക്ക വിഭാഗക്കാർക്ക് സ്റ്റാർട്ട്‌ അപ്പ് ലോൺ നൽകുന്ന പിന്നോക്ക ക്ഷേമ കോർപ്പറേഷന്റെ പദ്ധതി. എന്നാൽ ഈ പദ്ധതിയിൽ സർക്കാർ ഹിന്ദുക്കളോട് വിവേചനം കാണിക്കുന്നു എന്ന ആരോപണവുമായി രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖർ. തന്റെ ട്വിറ്റർ പേജിലൂടെയാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം വ്യക്തമാക്കിയത്.

കേരള സർക്കാർ സ്ഥാപനമായ കേരള പിന്നോക്ക ക്ഷേമ കോർപ്പറേഷൻ നൽകുന്ന സ്റ്റാർട്ട് അപ് ലോണുകൾ അനുവദിക്കുന്നതിൽ ഹിന്ദുക്കളോട് വിവേചനം കാട്ടുന്നു എന്നാണ് രാജീവ് ചന്ദ്രശേഖരൻ പറയുന്നത്. ഈ പദ്ധതി പ്രകാരം പിന്നോക്ക ഹിന്ദുക്കൾക്ക് 20 ലക്ഷം രൂപയാണ് ലോൺ അനുവദിക്കുക. അതേസമയം ന്യൂനപക്ഷ സമുദായാംഗങ്ങളായ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും 30 ലക്ഷം വരെ ലോൺ നൽകും. ഇത് എന്തടിസ്ഥാനത്തിലാണ് എന്നാണ് പിണറായി വിജയനെ അഭിസംബോധന ചെയ്യുന്ന ട്വീറ്റിൽ രാജീവ് ചോദിക്കുന്നത്.

ഇത് പ്രീണനമാണോ അതോ വിവേചനമാണോ എന്നും അദ്ദേഹം ചോദിക്കുന്നു. ആർട്ടിക്കിൾ 14ന്റെ നഗ്‌നമായ ലംഘനമാണെന്നും, പക്ഷപാതപരമായല്ലാതെ പെരുമാറേണ്ട സർക്കാരിന്റെ ഭാഗത്തെ വീഴ്‌ച്ചയാണെന്നും രാജീവ് പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം എല്ലാവർക്കും തുല്യ അവകാശമാണുള്ളത്. എന്നാൽ ഇതിന്റെ നഗന്മായ ലംഘനമാണ് ഹിന്ദുക്കളെ അവഗണിച്ച് ന്യൂന പക്ഷങ്ങൾക്ക് മാത്രം കൂടുതൽ തുക അനുവദിച്ചുള്ള സർക്കാരിന്റെ ഉത്തരവെന്നും രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചു.

കേരള സംസ്ഥാന പിന്നോക്ക വികസന ക്ഷേമ ബോർഡ് പ്രൊഫഷണലുകളായ പൗരന്മാർക്ക് വേണ്ടി ബിസിനസുകൾ തുടങ്ങാൻ ആരംഭിച്ച പദ്ധതിയാണ് ഇത്. 40 വയസ്സുവരെയുള്ളവർക്കണ് ഈ ലോൺ ലഭിക്കുക. ഈ പദ്ധതി പ്രകാരം ബിസിനസ് തുടങ്ങാൻ 95 ശതമാനം വരെ ലോൺ ലഭിക്കും. മെഡിക്കൽ, എഞ്ചിനീയറിങ്, സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് തുടങ്ങിയ പ്രൊഫഷണലുകൾക്കാണ് ഈ പദ്ധതി പ്രകാരം ലോൺ ലഭിക്കുക.