സൗദിയിലെ സ്ത്രീകൾക്ക് ഇപ്പോൾ നല്ല കാലമാണ്. വർഷങ്ങളായി തളച്ചിട്ടപ്പെട്ടിരുന്ന അവരുടെ സ്വാതന്ത്യം പതുക്കെ പതുക്കെ തിരിച്ചു ലഭിക്കുകയാണ്. മുഹമ്മദ് ബിൻ സൽമാൻ കിരീടാവകാശി വന്നതു മുതൽക്കാണ് സൗദി സ്ത്രീകളുടെ സമയം തെളിഞ്ഞത്. വാഹനം ഓടിക്കാനും ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാനും സ്‌റ്റേഡിയത്തിൽ ഇരുന്ന് ഫുട്‌ബോൾ കാണാനും പുരുഷബന്ധുവിന്റെ അനുമതിയില്ലാതെ വ്യവസായം തുടങ്ങാനുള്ള സ്വാതന്ത്ര്യവും തുടങ്ങി അനേകം സ്വാതന്ത്ര്യങ്ങളാണ് കിട്ടിയത്. ഇതോടെ, അപമാനിക്കാൻ ശ്രമിക്കുന്നവരെ നേരിടാനുള്ള കരുത്തും സ്ത്രീകൾ  കാട്ടിത്തുടങ്ങിയെന്നാണ് പുതിയ വാർത്തകൾ തെളിയിക്കുന്നത്.

സൗദിയുടെ തലസ്ഥാനമായ റിയാദിൽ നിന്നും പുറത്തു വന്ന വീഡിയോ ഈ കാര്യം വ്യക്തമാക്കുന്നത്. ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരിൽ പരിഹസിച്ച പുരുഷനെ യുവതി വടി ഉപയോഗിച്ച് തല്ലി ഓടിക്കുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ചുറ്റും കൂടിനിൽക്കുന്ന ആൾക്കൂട്ടത്തിനിടയിൽ നിന്നുമാണ് യുവതി പരിഹസിച്ചയാളെ അടിക്കുന്നത്. യുവതിയുടെ അടിയിൽ നിന്നും അയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

അതു വഴി നടന്നു പോവുകയായിരുന്ന യുവതിയെ തല മറച്ചില്ലെന്ന പേരിൽ പരിഹസിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ വ്യക്തമാക്കിയത്. ഇതിൽ മനംനൊന്ത യുവതി പരിഹസിച്ചയാൾക്കെതിരെ ആക്രമണത്തിന് മുതിരുകയായിരുന്നു. പേര് വ്യക്തമായിട്ടില്ലാത്ത ആ യുവതിയെ ധൈര്യമുള്ള പെൺകുട്ടിയെന്നും സൗദി വണ്ടർ വുമൺ എന്നുമൊക്കെയാണ് ദൃക്‌സാക്ഷികൾ വിശേഷിപ്പിച്ചത്. അതേസമയം, യുവതിയെ വിമർശിച്ചും ആളുകൾ പ്രതികരിച്ചിട്ടുണ്ട്. ഈ യുവതി പ്രമുഖ സോഷ്യൽ മീഡിയാ താരമാണെന്നും അവർക്കൊപ്പം ഫോട്ടോ എടുക്കാനാണ് ആളുകൾ കൂടിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

ഏതാനും ദിവസങ്ങൾക്കു മുൻപ് ജിദ്ദയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ ഒരു യുവതി നടത്തിയ ആക്രമണത്തിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. ഭക്ഷണം ഇഷ്ടപ്പെടാതിരുന്നതിന് ഷെഫിനെ വിളിച്ചിറക്കി ഒരു യുവതി ശരിക്ക് പെരുമാറുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. ഷെഫിനുനേർക്ക് ആദ്യം ഷൂ വലിച്ചെറിയുകയും പിന്നീട് കരാട്ടെ കിക്കുകളിലൂടെ അയാളെ നിലംപരിശാക്കുകയുമായിരുന്നു. ജിദ്ദയിലെ അബു സെയ്ദ് ഹോട്ടലിലെ ഷെഫിനുനേർക്കാണ് ഈ ആക്രമണം ഉണ്ടായത്.