ലൊസാഞ്ചലസ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള പഴയ രഹസ്യ ബന്ധം തുറന്ന് പറയാൻ തയ്യാറെന്ന് നീലച്ചിത്ര നായിക സ്‌റ്റോമി ഡാനിയേൽ. എന്നാൽ ഇതിന് തടസ്സമായി നിൽക്കുന്നത് ട്രംപ് നൽകിയ 1.30 ലക്ഷം ഡോളറാണ്. അതിനാൽ ഇത് മടക്കി വാങ്ങി തനിക്ക സംസാരിക്കാൻ അനുവാദം നൽകണമെന്നാണ് സ്‌റ്റോമിയുടെ ഇപ്പോഴത്തെ ആവശ്യം.

തനിക്ക് തുറന്ന് സംസാരിക്കാൻ അവസരം ലഭിച്ചാൽ ഇരുവരുടേയും വാദമുഖങ്ങൾ കേട്ട് അമേരിക്കൻ ജനതയ്ക്ക് ആരാണ് സത്യം പറയുന്നതെന്ന് വിലയിരുത്താൻ സാധിക്കുമെന്നും സ്റ്റോമി പറയുന്നു. ഇതിനു വേണ്ടി തനിക്ക് ട്രംപ് നൽകിയ പണം മടക്കി നൽകാൻ തയ്യാറാണെന്നും ഇതോടെ സ്റ്റാമിക്കു പ്രസിഡന്റ് ട്രംപുമായുള്ള ബന്ധത്തെക്കുറിച്ചു പരസ്യമായി ചർച്ച നടത്താനും ഫോട്ടോ, വിഡിയോ തുടങ്ങി പ്രസിഡന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാനും അനുമതി ലഭിക്കണമെന്നാണ് ആവശ്യം.

ഇങ്ങനെ സംഭവിച്ചാൽ പുതിയ നിലപാടുകളിലൂടെ പ്രതിച്ഛായ കൂട്ടാൻ ശ്രമിക്കുന്ന ട്രംപിന് വൻ തിരിച്ചടിയായി സ്റ്റോമിയുടെ വെളിപ്പെടുത്തലുകൾ മാറും. പ്ലേബോയ് മാഗസിൻ മോഡലായിരുന്ന സ്റ്റോമി ട്രംപുമായി 2006ൽ തുടങ്ങിയ ബന്ധം രണ്ടുവർഷം തുടർന്നെന്നാണു പറയുന്നത്. ട്രംപുമായുള്ള പഴയ രഹസ്യബന്ധം പുറത്തുപറഞ്ഞു പുകിലുണ്ടാക്കാതിരിക്കാൻ കരാറിനു നിർബന്ധിച്ചെന്ന് ആരോപിച്ച് കലിഫോർണിയ കോടതിയിൽ സ്റ്റോമി കേസ് നൽകിയിരുന്നു.

ട്രംപുമായുള്ള പഴയബന്ധം മൂടിവയ്ക്കാൻ 1.30 ലക്ഷം ഡോളർ സ്റ്റോമിക്ക് അയച്ചുകൊടുത്തതു സ്വന്തം കീശയിൽനിന്നാണെന്നു ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കൊയെൻ ഈയിടെ വെളിപ്പെടുത്തിയിരുന്നു. 2016ൽ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായപ്പോഴായിരുന്നു ഇത്.

അതേസമയം ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കൊയെൻ 1.30 ലക്ഷം ഡോളർ നൽകി വായടപ്പിക്കാൻ ശ്രമിച്ചെന്നാണ് 28 പേജുള്ള പരാതിയിലെ ആരോപണം.