മോസ്‌കോ: സ്വർണ്ണമഴ പെയ്യുകയാണെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീടാണ് മനസ്സിലായത് പറന്നുയർന്ന വിമാനത്തിന്റെ വാതിൽ തുറന്ന് സ്വർണം താഴേക്ക് പതിച്ചതാണെന്ന്. റഷ്യയിലെ ഒരു വിമാനത്താവളത്തിലെ റൺവേയിലാണ് സംഭവം നടന്നത്.

പറന്നു പോയ ചരക്ക് വിമാനത്തിൽ നിന്നും അമൂല്യമായ സ്വർണത്തിന്റേയും പ്ലാറ്റിനത്തിന്റേയും കട്ടകൾ താഴേക്ക് വീഴുകയായിരുന്നു. റഷ്യയിലെ യാകുത്സ്‌ക് വിമാനത്താവളത്തിൽ വ്യാഴാഴ്ചയാണ് സംഭവം.

വിമാനത്താവളത്തിൽ നിന്ന് ചരക്ക് വിമാനം ടേക്ഓഫ് ചെയ്യുന്നതിനിടെ വാതിൽ അറിയാതെ തുറന്നാണ് സംഭവം ഉണ്ടായത്. കോടിക്കണക്കിന് രൂപയുടെ സ്വർണക്കട്ടിയും രത്‌നങ്ങളും റൺവേയിലേക്ക് വീഴുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ 12 കിലോമീറ്റർ അപ്പുറമുള്ള ഒരു ഗ്രാമത്തിൽ വിമാനമിറക്കി. 37.8 ലക്ഷം ഡോളർ വിലവരുന്ന സ്വർമ്ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും അമൂല്യ ശേഖരമാണ് താഴേക്ക് പതിച്ചത്.

നിംബസ് എയർലൈൻസിന്റെ എ.എൻ12 കാർഗോ വിമാനത്തിന്റെ വാതിലാണ് ടേക്ഓഫിനിടെ അറിയാതെ തുറന്നു പോയത്. മഞ്ഞിൽ മൂടിയ നിലയിലാണ് സ്വർണങ്ങളും രത്ങ്ങളും കണ്ടെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

കോടിക്കണക്കിന് രൂപയുടെ വസ്തുക്കൾ തിരിച്ചെടുക്കുന്നതിനായി വിമാനത്താവളത്തിലെ അധികൃതർ റൺവേ സീൽ ചെയ്തു. 3.4 ടൺ ഭാരം വരുന്ന 172 സ്വർണ്ണക്കട്ടികൾ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്.