ലണ്ടൻ: ഇക്കഴിഞ്ഞ ശനിയാഴ്ച നോർത്ത് ലണ്ടനിലെ പോർഡേർസ് എൻഡ് ട്രെയിൻ സ്റ്റേഷന് പുറത്ത് ദാരുണമായി കൊല ചെയ്യപ്പെട്ട 23 കാരൻ റസ്സൽ ജോൺസ് എന്ന വിദ്യാർത്ഥിക്ക് ആദരാഞ്ജലി അർപ്പിച്ച് കൊണ്ട് നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഈ ആഴ്ച ലണ്ടനിൽ കൊല്ലപ്പെടുന്ന എട്ടാമനാണ് റസ്സൽ എന്നത് ഞെട്ടിപ്പിക്കുന്ന സത്യമാണ്. പേര് ചോദിച്ചെത്തിയ സംഘം വെട്ടിയും വെടിവച്ചുമായിരുന്നു റസ്സലിനെ വക വരുത്തി മടങ്ങിപ്പോയത്. സാധാരണക്കാരന്റെ ജീവന് ലണ്ടനിൽ ഇപ്പോൾ യാതൊരു വിലയുമില്ലെന്ന ഞെട്ടിപ്പിക്കുന്ന സത്യത്തിന് റസ്സലിന്റെ കൊലപാതകത്തിലൂടെ ഒരു വട്ടം കൂടി അടിവരയിടപ്പെടുകയാണ്.

മുഖവും തലയും മറച്ചെത്തിയ നാല് പേർ എൻഫീൽഡിൽ റസ്സലിന്റെയും സുഹൃത്തിന്റെയും സമീപമെത്തുകയും പ്രകോപനമൊന്നുമില്ലാതെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ആക്രമികളിൽ നിന്നും രക്ഷപ്പെടാനായി ട്രെയിൻ സ്റ്റേഷനടുത്തുള്ള ഷോപ്പുകൾക്ക് പുറത്ത് റസ്സൽ പതുങ്ങിയിരുന്നുവെങ്കിലും ആക്രമികൾ വിടാതെ പിന്തുടർന്ന് ഈ യുവാവിനെ വകവരുത്തുകയായിരുന്നു. റസ്സലിന്റെ മൃതദേഹത്തിൽ കത്തിക്കുത്തേറ്റതും വെടിയേറ്റതുമായ പാടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ഹെർട്ഫോർഡ്ഷെയറിലെ വിദ്യാർത്ഥിയായിരുന്നു ഈ യുവാവ് ഏവരോടും വളരെ സ്നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നതെന്ന് സുഹൃത്തുക്കൾ വേദനയോടെ വെളിപ്പെടുത്തുന്നു.

റസ്സലിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റിരുന്നു. തൽഫലമായി ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ ദാരുണമായ കൊലപാതകത്തെക്കുറിച്ച് മെട്രൊപൊളിറ്റൻ പൊലീസിന്റെ ഹോമിസൈഡ് ആൻഡ് മേജർ ക്രൈം കമാൻഡ് ആണ് അന്വേഷിക്കുന്നത്. എന്നാൽ ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ആരും അറസ്ററിലായിട്ടുമില്ല. ഇത് തികച്ചും പ്രകോപനമൊന്നുമില്ലാതെയുള്ള ആക്രമണവും കൊലപാതകവുമായിരുന്നുവെന്നാണ് അന്വേഷണ ചുമതയലുള്ള ഡിറ്റെക്ടീവ് ചീഫ് ഇൻസ്പെക്ടറായ ആൻഡി പാർട്രിഡ്ജ് വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ ബുധനാഴ്ച മുതൽ ലണ്ടനിൽ കൊലപാതക പരമ്പരകൾ അരങ്ങേറി വരവെയാണ് റസ്സലും കൊല ചെയ്യപ്പെട്ടിരിക്കുന്നതെന്ന് കടുത്ത ആശങ്കയാണ് പരത്തുന്നത്. ഇതോടെ ഒരാഴ്ചക്കിടെ തലസ്ഥാനത്ത കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായിരിക്കുകയാണ്. മാർച്ച് 14ന് ഈസ്റ്റ് ലണ്ടനിലെ ചാഡ് വെൽ ഹീത്തിൽ 18കാരനായ ലിൻഡൻ ഡേവിസ് കുത്തേറ്റ് മരിച്ചിരുന്നു.

അതേ ദിവസം വൈകുന്നേരം വാൽത്താംസ്റ്റോവിൽ എസെക്സ് ക്ലോസിൽ സ്റ്റേഷനറി കാറിൽ 20 കാരനായ ജോസഫ് വില്യംസ് ടോറെസ് കൊല ചെയ്യപ്പെട്ട നിലയിൽ കാണപ്പെട്ടിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെ സെന്റ് പാട്രിക്ക് ഡേ പാർട്ടിക്ക് ശേഷം മടങ്ങിയ 42 കാരനായ ടൈറോൻ സിൽകോട്ട് കത്തിക്കുത്തേറ്റ് മരിച്ചിരുന്നു. ഞായറാഴ്ച രാവിലെ 10.50ന് ഹൗൻസ്ലോയിലെ ഹാസ്ലെമെരെ അവന്യൂവിലെ ഹീത്രോ പാലസിൽ ഹെർസി ഹെർസി എന്ന ട്രാൻസ് വുമൺ കൊല്ലപ്പെട്ടിരുന്നു.