കേരളം ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ താരതമ്യേന ചെറിയ സംസ്ഥാനങ്ങളുടെ ഗണത്തിലാണ് വരുന്നത്. ഇത്രയും ചെറിയ സംസ്ഥാനത്ത് കണ്ണൂരിൽ നാലാമതൊരു വിമാനത്താവളം വേണമോ വേണ്ടയോ എന്ന കാര്യത്തിൽ ഉയർന്ന വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടുമില്ല. എന്നാൽ കേരളത്തോളം മാത്രം വലുപ്പമുള്ള യുകെയിൽ ആകെയുള്ളത് അമ്പതോളം എയർപോർട്ടുകളാണുള്ളതെന്ന് എത്ര പേർക്കറിയാം. തൽഫലമായി രാജ്യത്തെ ഏത് ടൗണിൽ നിന്നും എങ്ങോട്ട് വേണമെങ്കിലും പറക്കാനുള്ള സൗകര്യമുണ്ട്. ലോകത്തെ ഏറ്റവും തിരക്കേറിയ ഹീത്രോ മുതൽ ഒട്ടും തിരക്കില്ലാത്ത വിമാനത്താവളങ്ങൾ വരെ ഇവിടെയുണ്ട്. ബ്രിട്ടനിലെ എയർപോർട്ടുകളുടെ കഥകളിയുന്നത് കൗതുകകരമാണ്.

ലണ്ടനിലുള്ള ഹീത്രോ, ഗാത്വിക്ക്, സ്റ്റാൻസ്റ്റെഡ്, ലുട്ടൻ എന്നിവയ്ക്ക് പുറമെ മാഞ്ചസ്റ്റർ എയർപോർട്ട്, എന്നിവയാണ് രാജ്യത്തുള്ള ഏറ്റവും വലിയ അഞ്ച് വിമാനത്താവളങ്ങൾ. 2017ലെ കണക്കുകൾ പ്രകാരം ഹീത്രോവിൽ 78.0 മില്യൺ യാത്രക്കാരായിരുന്നു ആ വർഷം വന്ന് പോയിരുന്നത്. നിലവിലും എയർപോർട്ട് വളർന്ന് കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് ഇത് ഉപയോഗിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. 2014 മുതൽ 2015 വരെയുള്ള കാലത്തിനിടെ ഇവിടെയെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ 2.2 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. ലണ്ടൻ ഹീത്രോവിൽ പഴ്സണൽ ഷോപ്പിങ് മുതൽ ലക്ഷ്വറി സ്പാ വരെയുള്ള സൗകര്യങ്ങൾ ലഭ്യമാണ്.

ലണ്ടന്റെ തെക്ക് ഭാഗത്താണ് മറ്റൊരു വലിയ എയർപോർട്ടായ ഗാത്വിക്ക് നിലകൊള്ളുന്നത്. ചെലവ് കുറഞ്ഞ നിരവധി വിമാനസർവീസുകൾ ഇവിടെ നിന്നും സർവീസ് നടത്തുന്നു. ഇവ ലണ്ടനിൽ നിന്നും വിവിധ യൂറോപ്യൻ നഗരങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. കൂടാതെ ലാസ് വേഗസ്സ്, ഓർലാണ്ടോ, ന്യൂയോർക്ക്, തുടങ്ങിയ ദീർഘദൂര ഡെസ്റ്റിനേഷനുകളിലേക്കും അവിടുന്ന് തിരിച്ചുമുള്ള സർവീസുകളും ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. 2017ലെ കണക്കുകൾ പ്രകാരം ഇവിടെ 45.6 മില്യൺ യാത്രക്കാരായിരുന്നു വന്ന് പോയത്.

വലുപ്പത്തിൽ മൂന്നാമത് നില്ക്കുന്നത് മാഞ്ചസ്റ്റർ എയർപോർട്ടാണ്. 2017ൽ ഇവിടെ പ്രയോജനപ്പെടുത്തിയ് 27.8 മില്യൺ യാത്രക്കാരാണ്. വ്യത്യസ്തമാ ഹോളിഡേ ഫ്ലൈറ്റുകളുടെ പേരിലാണിത് ശ്രദ്ധേയമാകുന്നത്. ബീജിങ് , ന്യൂയോർക്ക്, ദുബായ്, മറ്റ് നിരവധി ഡെസ്റ്റിനേഷനുകളിലേക്ക്ഇവിടെ നിന്നും വിമാനങ്ങളുണ്ട്. ലണ്ടൻ സ്റ്റാൻസ്റ്റെഡ് നോർത്ത് ഈസ്റ്റ് ഓഫ് ലണ്ടനിലാണ് സ്ഥിതി ചെയ്യുന്നത്. ചെലവ് കുറഞ്ഞ നിരവധി യൂറോപ്യൻ എയർലൈനുകൾ ഇവിടെ നിന്നും സർവീസ് നടത്തുന്നു. ലണ്ടനിലെ ലുട്ടൻ എയർപോർട്ടിൽ നിന്നും ഭൂരിഭാഗം വിമാനങ്ങളും യൂറോപ്യൻ നഗരങ്ങളിലേക്കും തിരിച്ചുമാണ് സർവീസ് നടത്തുന്നത്. ചെലവ്കുറഞ്ഞ സർവീസുകൾക്ക് പേര് കേട്ട എയർപോർട്ടാണിത്.

ലോകത്തിലെ തന്നെ വലിയ എയർപോർട്ടുകൾക്ക് പുറമെ ചെറിയ തിരക്ക് കുറഞ്ഞ നിരവധി എയർപോർട്ടുകളും ബ്രിട്ടനിലുണ്ട്. ലാൻഡ്സ് എൻഡ്, അൽഡെർനെ, സെന്റ് മേരീസ്- ഐസിൽ ഓഫ് സിസിലി, സ്റ്റോണോവേ, ഡർഹാം ടീസ് വാലി തുടങ്ങിയവ ഇവിടുത്തെ ചെറിയ വിമാനത്താവളങ്ങൾക്ക് ഉദാഹരണങ്ങളാണ്. എഡിൻബർഗ്, ബെർമിങ്ഹാം, ഗ്ലാസ്‌കോ, ബ്രിസ്റ്റോൾ, ബെൽഫാസ്റ്റ്- ഇന്റർനാഷണൽ, ന്യൂകാസിൽ, ലിവർപൂൾ, ഈസ്റ്റ് മിഡ്ലാൻഡ്സ്, ലണ്ടൻസിറ്റി, ലീഡ്സ് ബ്രാഡ്ഫോർഡ്, അബെർഡീൻ, ബെൽഫാസ്റ്റ് സിറ്റി, സൗത്താംപ്ടൺ, ജേഴ്സി, കാർഡിഫ് എന്നിവ യുകെയിലെ തിരക്കേറിയ 20 എയർപോർട്ടുകളിൽ പെടുന്ന മറ്റ് വിമാനത്താവളങ്ങളാണ്.