ലണ്ടൻ: സാലിസ്‌ബറിയിലെ സിറ്റിസെന്ററിൽ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും മകൾ യൂലിയയ്ക്കും വിഷബാധയേറ്റ സംഭവത്തിൽ ബ്രിട്ടനും റഷ്യയുമായുള്ള ബന്ധം കൂടുതൽ വഷളായി. ഇരുരാജ്യങ്ങളും പരസ്പരം നയതന്ത്രജ്ഞരെ പിൻവലിച്ച സംഭവത്തിൽ, ബ്രിട്ടന് പിന്തുണയുമായി കൂടുതൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ രംഗത്തെത്തി. ബ്രിട്ടന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് സാലി്‌സ്ബറി സംഭവത്തെ യൂറോപ്യൻ രാജ്യങ്ങളിലേറെയും വീക്ഷിക്കുന്നത്.

അഞ്ച് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളാണ് ബ്രി്ട്ടന് പിന്തുണയുമായി റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയത്. യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോകാനുള്ള ശ്രമത്തിലാണ് ബ്രിട്ടനെങ്കിലും, ഈഘട്ടത്തിൽ എല്ലാ പിന്തുണയും ബ്രിട്ടന് നൽകുമെന്ന് യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌ക് പറഞ്ഞു. ബ്രിട്ടനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടുതൽ രാജ്യങ്ങൾ റഷ്യൻ നയതന്ത്ര പ്രതിനിധികളെ തിങ്കളാഴ്ച പുറത്താക്കിയേക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഫ്രാൻസ്, പോളണ്ട്, ലാത്വിയ, എസ്‌തോണി, ലിത്വാനിയ എന്നീ രാജ്യങ്ങളാണ് റഷ്യൻ പ്രതിനിധികളെ രാജ്യത്തുനിന്ന് പുറത്താക്കിയത്. റഷ്യൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി കടുത്ത നടപടി സ്വീകരിച്ച തെരേസ മെയ്‌ക്ക് കിട്ടുന്ന അംഗീകാരമായാണ് ഈ നടപടികളെ വിലയിരുത്തുന്നത്. അസാധാരണമായ സംഭവവികാസങ്ങളാണ് ഇതെന്നും ഇതിന് മുമ്പ് ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവന്നിട്ടില്ലെന്നും ബ്രിട്ടന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യൻ യൂണിയൻ കമ്മിഷൻ ചെയർമാൻ ഴാങ് ക്ലോഡ് ജങ്കറും പറഞ്ഞു.

മാർച്ച് നാലിനാണ് സെർജി സ്‌ക്രിപാലിനും മകൾ യൂലിയക്കും സാലിസ്‌ബറിയിൽവെച്ച് വിഷബാധയേൽക്കുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം റഷ്യ ഇതേവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും, റഷ്യയാണ് ഇതിന് പിന്നിലെന്ന് ബ്രിട്ടൻ ആരോപിക്കുന്നു. ലണ്ടനിലെ റഷ്യൻ എംബസ്സിയിലെ 23 പേരെ ബ്രിട്ടൻ ഇതിന് പിന്നാലെ പുറത്താക്കിയിരുന്നു. അതേനാണയത്തിൽ തിരിച്ചടിച്ച റഷ്യ, മോസ്‌കോയിലെ 23 ഇംഗ്ലീഷ് നയതന്ത്ര ഉദ്യോഗസ്ഥരെയും പുറത്താക്കി.

റഷ്യക്കെതിരേ കൂടുതൽ കടുത്ത ഉപരോധങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന സൂചനയും ഡൊണാൾഡ് ടസ്‌ക് നൽകുന്നുണ്ട്. നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്നതുൾപ്പെടെയുള്ള നടപടികളാവും സ്വീകരിക്കുക. കഴിഞ്ഞദിവസം രാത്രിയാണ് പ്രസ്താവനയിലൂടെ ബ്രിട്ടനോടുള്ള ഐക്യദാർഢ്യം യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയത്. ബ്രസ്സൽസിലെത്തി സാഹചര്യങ്ങൾ തെരേസ മെയ്‌ യൂറോപ്യൻ യൂണിയൻ നേതാക്കളെ ധരിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് യൂറോപ്യൻ യൂണിയന്റെ പ്രസ്താവന വന്നത്.

സാധ്യമായ ഏറ്റവും കടുത്ത നടപടികളിലൂടെ ബ്രിട്ടനിലുണ്ടായ ആക്രമണത്തെ അപലപിക്കുകയാണെന്ന് യൂറോപ്യൻ യൂണിയന്റെ പ്രസ്താവനയിൽ പറയുന്നു. സംഭവത്തിന് ഇരകളായവരോടുള്ള സഹതാപം അറിയിക്കുന്നതിനൊപ്പം അതിനെ നേരിടാനുള്ള ബ്രിട്ടന്റെ എല്ലാ ശ്രമങ്ങൾക്കും പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായും അതിൽ പറയുന്നു. റഷ്യയാണ് സംഭവത്തിന് പിന്നിലെന്ന ബ്രിട്ടന്റെ നിഗമനം ശരിയാണെന്ന നിലപാടാണ് യൂറോപ്യൻ യൂണിയന്റേതെന്നും പ്രസ്താവന തുടരുന്നു.