ലണ്ടൻ: മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ബ്രിട്ടനിൽ കുറ്റകൃത്യങ്ങൾക്ക് കൃത്യമായ ശിക്ഷ ലഭിക്കുന്നതിനാൽ ഇവിടെ കുറ്റങ്ങൾ കുറവായിരുന്നു ഒരു കാലമുണ്ടായിരുന്നു. എന്നാൽ അതെല്ലാം പഴങ്കഥയാണെന്നാണ് ഏറ്റവും പുതിയ മോഷണങ്ങളും കൊലപാതകങ്ങളും തെളിയിക്കുന്നത്. ഐസ്‌ക്രീം മോഷ്ടിച്ചാൽ പോലും ജയിലിലാക്കുന്ന നാട്ടിൽ എന്തെ ചെറുപ്പക്കാരെ ഇത്തരത്തിൽ നിഷ്‌കരുണം കൊന്ന് തള്ളുന്നതെന്ന ചോദ്യവും ഇതോടനുബന്ധിച്ച് ശക്തമാകുന്നുണ്ട്.കഴിഞ്ഞ ഒരാഴ്ചയിൽ ലണ്ടനിൽ കുത്തേറ്റ് മരിച്ചത് എട്ട് ചെറുപ്പക്കാരാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അധോലോകം നിയന്ത്രണത്തിലാക്കുന്ന ലണ്ടനിൽ ആർക്കും സുരക്ഷയില്ലാതാകുന്ന അവസ്ഥയാണ് പെരുകി വരുന്നത്.

ഏറ്റവും അവസാനം കുത്തേറ്റും വെടിയേറ്റും മരിച്ചിരിക്കുന്നയ 41 കാരന്റെ പേര് ജെർമാനി ജോൺസൻ എന്നാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.മാർച്ച് 23ന് നടന്ന സംഭവത്തിൽ പാരാമെഡിക്സ് ഇയാളുടെ ജീവൻ രക്ഷിക്കാൻ കിണഞ്ഞ് പരിശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.ഹാക്ക്നെയിലും സൗത്താളിലും നടന്ന കത്തിക്കുത്തിലും വാൽത്താംസ്റ്റോയിൽ നടന്ന വെടിവയ്പിലും ജീവനുകൾ പൊലിഞ്ഞ ആഴ്ചയിൽ തന്നെയാണ് ജോൺസനും കൊല്ലപ്പെട്ടിരിക്കുന്നത്.മാർച്ച് 14നായിരുന്നു രണ്ട് യുവാക്കളെ കുരുതികൊടുത്തുകൊണ്ട് ഈ കൊലപാതക പരമ്പരക്ക് തുടക്കം കുറിക്കപ്പെട്ടിരുന്നത്.

ഈസ്റ്റ് ലണ്ടനിലെ ചാഡ് വെൽ ഹീത്തിൽ വച്ച് കുത്തേറ്റ് മരിച്ച ലിൻഡൻ ഡേവിസ് എന്ന 18കാരനായിരുന്നു ആദ്യ ഇര.തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ വാൽത്താംസ്റ്റോയിലെ എസെക്സ് ക്ലോസിൽ സ്റ്റേഷനറി കാറിൽ ഇരിക്കവെ അന്ന് ജോസഫ് വില്യംസ്-ടോറെസ് എന്ന 20 കാരനും വെടിയേറ്റ് മരിക്കുകയായിരുന്നു. തുടർന്ന് മാർച്ച് 17ന് റസ്സൽ ജോൺസ് എന്ന യൂണിവേഴ്സിറ്റി വിദ്യാർത്ഥി വെടിയേറ്റും കുത്തേറ്റും മരിച്ചിരുന്നു. പോർഡേർസ് എൻഡ് സ്റ്റേഷന്റെ പുറത്തായിരുന്നു ഈ സംഭവം അരങ്ങേറിയത്. യാതൊരു വിധത്തിലുള്ള പ്രകോപനവുമില്ലാതെ ആയിരുന്നു ഈ യുവാവിനും സുഹൃത്തിനും നേരെ ബൈക്കിൽ വന്ന മുഖംമൂടിയണിഞ്ഞവർ ആക്രമണം നടത്തിയിരുന്നത്.

ഞായറാഴ്ച രാവിലെ 10.50ന് ഹെർസി ഹെർസി എന്ന പേരും നവോമി എന്ന വിളിപ്പേരുമുള്ള ട്രാൻസ് വുമൺ ഹൗൻസ്ലോയിലെ ഹാസ്ലെമെരെ അവന്യൂവിലെ ഹീത്രോ പാലസില് വച്ച് കത്തിക്കുത്തേറ്റ് മരിച്ചിരുന്നു. തുടർന്ന് അതേ ദിവസം സെന്റ്പാട്രിക്ക് ഡേ പാർട്ടി കഴിഞ്ഞ് വരുന്നതിനിടെ 42 കാരനായ ടൈറോൻ സിൽകോട്ടും കത്തിക്കുത്തേറ്റാണ് മരിച്ചത്. ഹോമർടെനിൽ വച്ച് നടന്ന പാർട്ടിക്കിടെ കാർ മെക്കാനിക്കായ ഇയാൾ രണ്ട് പെൺകുട്ടികളുമായി തർക്കമുണ്ടാവുകയും തൽഫലമായി കൊല ചെയ്യപ്പെടുകയുമായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

എൻഫീൽഡിലെ കുന്നിൻഗ്ഹാം അവന്യൂവിലെ റോമാൻഡോ ലെവിസ് എന്ന 28കാരനാണ് ടൈറോനിന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്ന് തെളിഞ്ഞതിനെ തുടർന്ന് കൊലപാതക കുറ്റം ഇയാൾക്ക് മേൽ ചുമത്തി വ്യാഴാഴ്ചക്ക് മുമ്പ് തെയിംസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതാണ്.മാർച്ച് 19ന് ജെർമെയ്നെ ജോൺസൻ (41), എന്നയാൾ വാർത്താംസ്റ്റോയിൽ വച്ച് കത്തിക്കുത്തേറ്റ് മരിച്ചിരുന്നു. അന്നേ ദിവസം ഉച്ചക്ക് ശേഷം 48കാരനായ ബാൽബിർ ജോഹൽ സൗത്താളിൽ വച്ച് കുത്തേറ്റതിനെ തുടർന്ന് മരിച്ചിരുന്നു. ഈ വർഷം ലണ്ടനിൽ ഇത്തരത്തിൽ കൊല ചെയ്യപ്പെട്ട 25 വയസിന് താഴെ പ്രായമുള്ളവരുടെ എണ്ണം 17 ആണ്.