ലണ്ടൻ: സാലിസ്‌ബറിയിലെ സിറ്റിസെന്ററിൽ സെർജി സ്‌ക്രിപൽ എന്ന മുൻ റഷ്യൻ ചാരനും മകൾ യൂലിയക്കും വിഷബാധയേറ്റ സംഭവം ബ്രിട്ടനെയാകെ ഞെട്ടിച്ചത് ഈ മാസമാദ്യമാണ്. ഡബിൾ ഏജന്റായി പ്രവർത്തിച്ചിരുന്ന സ്‌ക്രിപലിനും മകൾക്കുമെതിരേ ആക്രമണം നടത്തിയത് ആരെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാൽ, ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന ഉറച്ച വിശ്വാസത്തിലാണ് ബ്രിട്ടൻ. നയതന്ത്ര പ്രതിനിധികളെ പരസ്പരം പുറത്താക്കുന്നതുവരെയുള്ള നടപടികളിലേക്ക് എത്തിയ വിവാദം ഇനിയും അവസാനിച്ചിട്ടില്ല.

എന്നാൽ, എത്രത്തോളം കരുതലെടുത്താലും ബ്രിട്ടനിൽ ഇനിയും റഷ്യൻ ചാരന്മാർ വിഷംകൊടുത്തോ മയക്കിക്കിടത്തിയോ കൊല്ലപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി, പ്രത്യേകം പരിശീലനം സിദ്ധിച്ച പത്തോളം അതിവിദഗ്ധ കൊലയാളികൽ ബ്രിട്ടനിലെത്തിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വ്‌ളാദിമിർ പുട്ടിന്റെ ഉത്തരവുകൾ നടപ്പാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഇവർ ലക്ഷ്യം നേടാൻ ഏതറ്റംവരെയും പോകുമെന്നും റിപ്പോർട്ടുണ്ട്.

റഷ്യയുടെ ചാരന്മാരായി പ്രവർത്തിക്കുകയും പിന്നീട് ബ്രിട്ടനിലേക്ക് കടക്കുകയും ചെയ്ത അനേകം ചാരന്മാർ ഇപ്പോഴും ബ്രിട്ടനിലുണ്ട്. അവരിൽ ചിലരെയാണ് ഈ അതിവിദഗ്ധ കൊലയാളികൾ ലക്ഷ്യമിടുന്നത്. കൊലപാതകം നടപ്പാക്കുന്നതിനൊപ്പം, ബ്രിട്ടീഷ് സർ്ക്കാരിന്റെ നിർണായക വിവരങ്ങൾ ചോർത്താനും ഇവർ പ്രാപ്തരാണ്. പവർപ്ലാന്റുകളുടെയും പൊലീസിന്റെ പ്രവർത്തനങ്ങളുടെയും വിവരങ്ങൾ ചോർത്താനാണ് ഇവർക്ക് താത്പര്യം.

ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഈ ചാരന്മാർ മുൻകാല റഷ്യൻ ഏജന്റുമാരെ വിടാതെ പിന്തുടരുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികലുടെ വിലയിരുത്തൽ. സ്‌ക്രിപലിനെതിരേ ഉണ്ടായതുപോലുള്ള ആക്രമണങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്ന് അവർ പറയുന്നു. പഴയ ഏജന്റുമാരിൽ പലരും ഇപ്പോൾ ബ്രിട്ടനിൽ ജീവിക്കുന്നുണ്ട്. അവരിൽ ആരെയൊക്കെയാണ് റഷ്യ ലക്ഷ്യമിട്ടിട്ടുള്ളതെന്നത് സംബന്ധിച്ച് യാതൊരു സൂചനകളുമില്ല.

റഷ്യയുടെ രഹസ്യാന്വേഷ ഉദ്യോഗസ്ഥയായിരുന്ന അന്ന ചാപ്മാനെ 2012-ൽ അമേരിക്ക നാടുകടത്തിയിരുന്നു. അവർ, ഒരു ബ്രിട്ടീഷുകാരനെ വിവാഹം കഴിച്ച് ലണ്ടനിൽ താമസിക്കുകയാണിപ്പോൾ. ബ്രി്ട്ടീഷ് പൗരത്വം നേടിയ അന്ന ചാപ്മാൻ റഷ്യയുടെ പരിശീലനം സിദ്ധിച്ച രഹസ്യാന്വേഷണ ഏജന്റാണ്. ഇതുപോലുള്ള ഒട്ടേറെ ഏജന്റുമാർ ബ്രിട്ടനിൽ വേറെയുമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. റഷ്യയുമായി നേരിട്ട് ബന്ധമില്ലാതെയാണ് ഇവർ ജീവിക്കുന്നതെങ്കിലും പ്രവർത്തനങ്ങൾ നിരീക്ഷിക്കപ്പെടേണ്ടതാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.