ലണ്ടൻ: നൈജീരിയൻ അസംബ്ലിയിലെ അംഗമായ ഡോലാപോ ബദ്രുവിന്റെ മകൻ അബ്രഹാം ബദ്രു എന്ന 26കാരൻ ഞായറാഴ്ച രാത്രി 11 മണിക്ക് ലണ്ടൻ ബറോയായ ഹാക്ക്നെയിലെ കുടുംബവീട്ടിൽ കൊല്ലപ്പെട്ടു. സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ അബ്രഹാം കൊല്ലപ്പെട്ടത് കാറിന് പുറത്തിറങ്ങുമ്പോഴാണെന്ന് വെളിപ്പെട്ടിട്ടുണ്ട്. എബ്രഹാമിന്റെ കൊലയോടെ ലണ്ടനിൽ കഴിഞ്ഞ 12 ദിവസങ്ങൾക്കുള്ളിൽ പത്ത് ചെറുപ്പക്കാരുടെ ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്. ഇതോടെ ലണ്ടൻ ആർക്കും വഴി നടക്കാൻ വയ്യാത്ത നഗരമായി മാറുമോ എന്ന ആശങ്ക ശക്തമാകുന്നുണ്ട്.

കാറിൽ നിന്നും പുറത്തിറങ്ങുമ്പോൾ തന്റെ അമ്മ നോക്കിനിൽക്കുമ്പോഴായിരുന്നു അബ്രഹാം വെടിയേറ്റ് വീണതെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. ഇത് കണ്ട് അമ്മ ബോധരഹിതയായി നിലം പതിക്കുകയായിരുന്നു. ഗ്ലൗസെസ്റ്റർഷെയർ യൂണിവേഴ്സിറ്റിയിൽ നിന്നും സ്പോർട്സ് കോച്ചിംഗിൽ മാസ്റ്റേർസ് ഡിഗ്രി നേടിയിട്ടുണ്ട് ഈ ചെറുപ്പക്കാരൻ. ഇതിന് പുറമെ ബ്രിസ്റ്റോൾ സിറ്റി കൗൺസിലിൽ സ്പോർട്ട് ഡെവലപ്മെന്റ് ഓഫീസറായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. വളരെ ശാന്തനും സാമൂഹിക പ്രതിബദ്ധതയുള്ളയാളും കഠിനമായി അധ്വാനിക്കുന്നയാളുമായിരുന്നു തന്റെ മകനെന്നാണ് എബ്രഹാമിന്റെ പിതാവായ ഡോലാപോ വിങ്ങുന്ന ഹൃദയത്തോടെ പ്രതികരിച്ചിരിക്കുന്നത്.

എബ്രഹാം വെടിയേറ്റ് വീണ പ്രദേശം പൊലീസ് ബന്തവസിലാണ്. ത്വരിത ഗതിയിലുള്ള അന്വേഷണമാണ് നടന്ന് വരുന്നത്. കൊലപാതകത്തിന് ദൃക്സാക്ഷികളായവരും കൂടുതൽ വിവരങ്ങൾ അറിയുന്നവരും അവ വെളിപ്പെടുത്തി മുന്നോട്ട് വരണമെന്നാണ് സ്‌കോട്ട്ലൻഡ് യാർഡ് മർഡർ സ്‌ക്വാഡിലെ ഡിറ്റെക്ടീവ് ചീഫ് ഇൻസ്പെക്ടറായ ലാറി സ്മിത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. എബ്രഹാമിന്റെ കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ 020 8345 3985 എന്ന നമ്പറിലോ അല്ലെങ്കിൽ പേര് വെളിപ്പെടുത്താതെ ക്രൈംസ്റ്റോപ്പേർസ് നമ്പറായ 0800 555 111ലോ അറിയിക്കണമെന്നാണ് പൊലീസ് നിർദ്ദേശം.സമീപകാലത്ത് യുകെയിൽ പ്രത്യേകിച്ച് ലണ്ടനിൽ ഇത്തരം കൊലപാതകങ്ങൾ തുടരെത്തുടരെ വർധിക്കുന്നതിൽ കടുത്ത ആശങ്ക പെരുകി വരുന്നതിനിടെയാണ് എബ്രഹാം കൊല്ലപ്പെട്ടിരിക്കുന്നതെന്നത് ഗൗരവമർഹിക്കുന്നു.

മാർച്ച് 14നായിരുന്നു രണ്ട് യുവാക്കളെ കുരുതികൊടുത്തുകൊണ്ട് ഈ കൊലപാതക പരമ്പരക്ക് തുടക്കം കുറിക്കപ്പെട്ടിരുന്നത്. ഈസ്റ്റ് ലണ്ടനിലെ ചാഡ് വെൽ ഹീത്തിൽ വച്ച് കുത്തേറ്റ് മരിച്ച ലിൻഡൻ ഡേവിസ് എന്ന 18കാരനായിരുന്നു ആദ്യ ഇര.തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ വാൽത്താംസ്റ്റോയിലെ എസെക്‌സ് ക്ലോസിൽ സ്റ്റേഷനറി കാറിൽ ഇരിക്കവെ അന്ന് ജോസഫ് വില്യംസ്-ടോറെസ് എന്ന 20 കാരനും വെടിയേറ്റ് മരിക്കുകയായിരുന്നു. തുടർന്ന് മാർച്ച് 17ന് റസ്സൽ ജോൺസ് എന്ന യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി വെടിയേറ്റും കുത്തേറ്റും മരിച്ചിരുന്നു.

ഞായറാഴ്ച രാവിലെ 10.50ന് ഹെർസി ഹെർസി എന്ന പേരും നവോമി എന്ന വിളിപ്പേരുമുള്ള ട്രാൻസ് വുമൺ ഹൗൻസ്ലോയിലെ ഹാസ്ലെമെരെ അവന്യൂവിലെ ഹീത്രോ പാലസില് വച്ച് കത്തിക്കുത്തേറ്റ് മരിച്ചിരുന്നു. തുടർന്ന് അതേ ദിവസം സെന്റ്പാട്രിക്ക് ഡേ പാർട്ടി കഴിഞ്ഞ് വരുന്നതിനിടെ 42 കാരനായ ടൈറോൻ സിൽകോട്ടും കത്തിക്കുത്തേറ്റാണ് മരിച്ചത്. മാർച്ച് 19ന് ജെർമെയ്‌നെ ജോൺസൻ (41), എന്നയാൾ വാർത്താംസ്റ്റോയിൽ വച്ച് കത്തിക്കുത്തേറ്റ് മരിച്ചിരുന്നു. അന്നേ ദിവസം ഉച്ചക്ക് ശേഷം 48കാരനായ ബാൽബിർ ജോഹൽ സൗത്താളിൽ വച്ച് കുത്തേറ്റതിനെ തുടർന്ന് മരിച്ചിരുന്നു.