സോഷ്യൽ മീഡിയയിൽ മുഴുകുന്നവർക്കൊരു മുന്നറിയിപ്പ്. നിങ്ങളുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ ചിലപ്പോൾ ജീവത്തിൽ കുറേയധികം ബന്ധങ്ങൾ സമ്മാനിച്ചെന്നുവരാം. പക്ഷേ, അതേ ഇടപെടലുകൾ ജീവിതത്തിൽ അത്യാവശ്യമായ ലോണുകളും മോർട്ട്‌ഗേജുകളുമൊക്കെ നിരസിക്കാൻ കാരണമായെന്നും വരാം. ഉപഭോക്താക്കളുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ പരിശോധിച്ച് അവരുടെ സ്വഭാവം നിർണയിക്കാൻ ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും സ്വകാര്യ ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.

ഫേസ്‌ബുക്കിൽനിന്നും മറ്റു സോഷ്യൽ മീഡിയകളിൽനിന്നും ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങളും മറ്റും ശേഖരിച്ച് വിലയിരുത്തിയാണ് ബാങ്കുകൾ അവരുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നത്. പണം ചെലവഴിക്കുന്ന രീതി, വരുമാനം, മേൽവിലാസം, ജോലി, പ്രായം തുടങ്ങിയ എല്ലാവിവരങ്ങളും ഇതേരീതിയിലൂടെ അപഗ്രഥിക്കുന്നതിന് ഇവർ പ്രത്യേക കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ലോണും മോർട്ട്‌ഗേജുകളും മറ്റും നൽകുന്നതിന് ഇവരുടെ റിപ്പോർട്ടിനെയാണ് ബാങ്കുകളും മറ്റും ആശ്രയിക്കുന്നത്.

ലിങ്ക്ഡ്ഇൻ പോലുള്ള സോഷ്യൽ മീഡിയയിൽ ജോലിയെക്കുറിച്ച് നൽകിയിട്ടുള്ള വിവരം പരിശോധിച്ച് മോർട്ട്‌ഗേജുകൾ നിരസിക്കപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധിച്ച് ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നിഷേധിച്ച സംഭവവും ഉണ്ടായി. ഫേസ്‌ബുക്ക് മുഖേന നിർദേശങ്ങൾ സ്വീകരിക്കുന്നവർക്ക് മാത്രമായി കാർ ഇൻഷുറൻസ് പരിമിതപ്പെടുത്തിയ ചില സ്ഥാപനങ്ങളുമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

അഞ്ചുകോടിയോളം ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തപ്പെട്ടുവെന്ന വിവാദം കത്തിനിൽക്കെയാണ് ലോണുകൾക്കും മോർട്ട്‌ഗേജുകൾക്കും ആധാരമായി സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിഗണിക്കപ്പെടുന്നുണ്ടെന്ന വാർത്തയും പുറത്തുവരുന്നത്. നിങ്ങളുടെ സോഷ്യൽ മീഡിയ ആക്ടിവിറ്റികൾ ചോർത്തപ്പെടുന്നുണ്ടെന്നുതന്നെയാണ് ഇതും വ്യക്തമാക്കുന്നത്. ഏതെങ്കിലും ബാങ്കുകളുടെ പേരെടുത്തുപറയുന്നില്ലെങ്കിലും, മിക്ക ധനകാര്യസ്ഥാപനങ്ങളും ഈ രീതി പിന്തുടരുന്നുണ്ടെന്നും അന്വേഷണറിപ്പോർട്ടിൽ പറയുന്നു.

ഉപഭോക്താക്കളുടെ ശീലങ്ങൾ, വ്യക്തിത്വം, വിശ്വാസം തുടങ്ങി തികച്ചും സ്വകാര്യമായ കാര്യങ്ങൾ പോലും സോഷ്യൽ മീഡിയയിൽനിന്ന് മനസ്സിലാക്കാൻ ധനകാര്യസ്ഥാപനങ്ങള് ശ്രമിക്കുന്നുണ്ടെന്ന് സോഷ്യൽ മീഡിയയിലെ സ്വകാര്യതയ്ക്കുവേണ്ടി വാദിക്കുന്ന പ്രൈവസി ഇന്റർനാഷണൽ എന്ന സംഘടനയിലെ ഗവേഷകൻ ഡോ. ടോം ഫിഷർ പറയുന്നു. നിങ്ങളറിയാതെ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്തുന്നതിന് വിവിധ കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.