ലണ്ടൻ: ഇക്കഴിഞ്ഞ മാർച്ച് 4ന് മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും മകൾ യുലിയക്കും വിഷബാധയേറ്റ സംഭവത്തിൽ പുതിയ വഴിത്തിരിവുണ്ടായി. ഇവരെ ലക്ഷ്യമിട്ട് റഷ്യൻ രഹസ്യപ്പൊലീസ് വിഷം വച്ചത് വീടിന്റെ മുൻവാതിൽ തുറക്കുന്നിടത്താണെന്നാണ് ഇപ്പോൾ മെട്രൊപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. വിഷബാധയേറ്റ് ദിവസങ്ങളായി കോമയിൽ തുടരുന്ന ചാരനെയും മകളെയും രക്ഷിക്കാനാവില്ലെന്നും വ്യക്തമായിട്ടുണ്ട്. ഇതിനിടെ റഷ്യൻ പൗരനെ കൊല്ലാൻ ശ്രമിച്ചെന്ന് ആരോപിച്ച് ബ്രിട്ടനെതിരെ റഷ്യ രംഗത്തെത്തിയിട്ടുമുണ്ട്. നെർവ് ഏജന്റായ നോവിചോക്ക് ഉള്ളിലെത്തിയതിനെ തുടർന്നാണ് ഇരുവരും അബോധാവസ്ഥയിലായിരിക്കുന്നത്.

നെർവ് ഏജന്റിന്റെ തെളിവുകൾ തങ്ങൾ അന്വേഷണവിധേയമാക്കുന്ന സാലിസ്‌ബറിയിലെ മറ്റിടങ്ങളിൽ ചെറിയ തോതിൽ കണ്ടെത്തിയിരുന്നുവെങ്കിലും സ്‌ക്രിപാലിനും മകൾക്കും ആദ്യം വിഷബാധയേറ്റത് അവരുടെ മുൻവാതിലിനടുത്ത് നിന്നാണെന്നാണ് മെട്രൊപൊളിററൻ പൊലീസിലെ കൗണ്ടർ ടെററിസംയൂണിറ്റ് തലവനായ ഡീൻ ഹേയ്ഡൻ വെളിപ്പെടുത്തുന്നത്.അതിനാൽ അവർ താമസിച്ചിരുന്ന വീടുമായി ബന്ധപ്പെട്ടാണ് നിലവിൽ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സാലിസ്‌ബറിയിലെ മാൽട്ടിങ് ഷോപ്പിങ് സെന്ററിന് സമീപത്തെ ബെഞ്ചിൽ സ്‌ക്രിപാലും മകളും മാർച്ച് നാലിന് ബോധം കെട്ട് വീണതിനെ തുടർന്ന് എമർജൻസി സർവീസുകളെ വിളിച്ച് വരുത്തുകയായിരുന്നു.

അതിന് മുമ്പ് അവർ സമീപത്തെ സിസി റസ്റ്റോറന്റിൽനിന്നും ഭക്ഷണം കഴിച്ചിരുന്നതിനാൽ അവിടെ വച്ചായിരിക്കാം വിഷബാധയേറ്റതെന്നായിരുന്നു ആദ്യം കണക്ക് കൂട്ടിയിരുന്നത്. ഈ റസ്റ്റോറന്റിൽ വച്ച് വിഷാംശത്തിന്റെ തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നുവെങ്കിലും അതിന് മുമ്പ് ഇവരുടെ വീട്ടിൽ വച്ച് തന്നെ വിഷബാധയേറ്റിരുന്നുവെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. ഈകേസ് അന്വേഷണത്തിന്റെ ഭാഗമായി 500ഓളം ദൃക്സാക്ഷികൾ കാര്യങ്ങൾ വെളിപ്പെടുത്തി മുന്നോട്ട് വന്നിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് പുറമെ 5000 മണിക്കൂറോളം നീളുന്ന സിസിടിവി ഫൂട്ടേജുകളും പൊലീസ് അരിച്ച് പെറുക്കിയിരുന്നു. ഈ സംഭവത്തോടനുബന്ധിച്ച് ഏതാണ്ട് 130ഓളം പേർക്കാണ് നെർവ് ഏജൻരുമായി സമ്പർക്കമുണ്ടായത്.

അതിനിടെ റഷ്യൻ പൗരത്വമുള്ള സെർജി സ്‌ക്രിപാലിനെയും മകളെയും ബ്രിട്ടൻ വിഷം കൊടുത്ത് വധിക്കാൻ ശ്രമിക്കുകയും തുടർന്ന് ആ കുറ്റം റഷ്യക്ക് മേൽ ചുമത്തുകയുമായിരുന്നുവെന്ന് കുറ്റപ്പെടുത്തി റഷ്യ രംഗത്തെത്തിയിരുന്നു. റഷ്യ ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും നടത്തുന്ന പ്രചരണം ഏറ്റ് പിടിച്ച് ഐസിസ് പോലുള്ള തീവ്രവാദ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇതിനെതിരെ മറുപ്രചാരണം നടത്തണമെന്ന് കടുത്ത നിർദ്ദേശമേകി ബ്രിട്ടീഷ് മിനിസ്റ്റർമാർ മുന്നോട്ട് വന്നിരുന്നു.

ഈ വിഷയത്തിൽ യുകെ നാസികൾക്ക് സമാനമായിട്ടാണ് പ്രവർത്തിച്ചതെന്നും അതിലൂടെ റഷ്യൻ പൗരത്വമുള്ളവരെ കൊന്നൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് മോസ്‌കോ ആരോപിക്കുന്നത്. തങ്ങളാണ് വിഷം കൊടുത്തതെന്ന് മറച്ച് വയ്ക്കുന്നതിനായി റഷ്യ 20 വ്യത്യസ്ത വ്യാജ പ്രചാരണങ്ങൾ കൊണ്ടു വന്നിട്ടുണ്ടെന്നാണ് ബ്രിട്ടൻ ആരോപിക്കുന്നത്. ഇതിലൂടെ മോസ്‌കോ സത്യം വളച്ചൈാടിക്കാനാണ് ശ്രമിക്കുന്നതെന്നും ലണ്ടൻ ആരോപിക്കുന്നു.

(നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)