ലണ്ടൻ: ലണ്ടനിൽ 13 ദിവസത്തിനിടെ 11ാമത് വ്യക്തിയും കൊല്ലപ്പെട്ടുവെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. സൗത്ത് ലണ്ടനിലെ ടൂട്ടിംഗിലെ വീട്ടിലാണ് തിങ്കളാഴ്ച 50കാരൻ കുത്തേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടിരിക്കുന്നത്. ഇവിടെ ഉള്ള ഒരാൾ വിളിച്ചറിയിച്ചതിനെ തുടർന്നായിരുന്നു പൊലീസ് കുതിച്ചെത്തിയത്.

എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ടൂട്ടിങ് ഹൈസ്ട്രീറ്റിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3.12നായിിരുന്നു ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പൊലീസ് കൊലപാതക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയിരുന്നു. ഇത്തരത്തിൽ 13 ദിവസത്തിനിടയിൽ 11 പേർ കൊല്ലപ്പെട്ടതിന്റെ ഷോക്കിൽ നിന്നും മുക്തമാകാൻ ലണ്ടന് സാധിക്കുന്നില്ല. ഇതേ തുടർന്ന് ഇംഗ്ലീഷ് തലസ്ഥാനം ലോക കൊലപാക തലസ്ഥാനമാകുന്നുവോ....? എന്ന ചോദ്യവും ശക്തമാകുന്നുണ്ട്.

നൈജീരിയൻ അസംബ്ലിയിലെ അംഗമായ ഡോലാപോ ബദ്രുവിന്റെ മകൻ അബ്രഹാം ബദ്രു എന്ന 26കാരൻ ഞായറാഴ്ച രാത്രി 11 മണിക്ക് ലണ്ടൻ ബറോയായ ഹാക്ക്‌നെയിലെ കുടുംബവീട്ടിൽ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നും തലസ്ഥാനം മോചനം നേടുന്നതിന് മുമ്പാണ് പിറ്റേന്ന് 50 കാരനും കൊല്ലപ്പെട്ടിരിക്കുന്നത്. സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ അബ്രഹാം കൊല്ലപ്പെട്ടത് കാറിന് പുറത്തിറങ്ങുമ്പോഴാണെന്ന് വെളിപ്പെട്ടിട്ടുണ്ട്.

മാർച്ച് 14നായിരുന്നു രണ്ട് യുവാക്കളെ കുരുതികൊടുത്തുകൊണ്ട് ഈ കൊലപാതക പരമ്പരക്ക് തുടക്കം കുറിക്കപ്പെട്ടിരുന്നത്. ഈസ്റ്റ് ലണ്ടനിലെ ചാഡ് വെൽ ഹീത്തിൽ വച്ച് കുത്തേറ്റ് മരിച്ച ലിൻഡൻ ഡേവിസ് എന്ന 18കാരനായിരുന്നു ആദ്യ ഇര.തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ വാൽത്താംസ്റ്റോയിലെ എസെക്സ് ക്ലോസിൽ സ്റ്റേഷനറി കാറിൽ ഇരിക്കവെ അന്ന് ജോസഫ് വില്യംസ്-ടോറെസ് എന്ന 20 കാരനും വെടിയേറ്റ് മരിക്കുകയായിരുന്നു. തുടർന്ന് മാർച്ച് 17ന് റസ്സൽ ജോൺസ് എന്ന യൂണിവേഴ്സിറ്റി വിദ്യാർത്ഥി വെടിയേറ്റും കുത്തേറ്റും മരിച്ചിരുന്നു.

ഞായറാഴ്ച രാവിലെ 10.50ന് ഹെർസി ഹെർസി എന്ന പേരും നവോമി എന്ന വിളിപ്പേരുമുള്ള ട്രാൻസ് വുമൺ ഹൗൻസ്ലോയിലെ ഹാസ്ലെമെരെ അവന്യൂവിലെ ഹീത്രോ പാലസില് വച്ച് കത്തിക്കുത്തേറ്റ് മരിച്ചിരുന്നു. തുടർന്ന് അതേ ദിവസം സെന്റ്പാട്രിക്ക് ഡേ പാർട്ടി കഴിഞ്ഞ് വരുന്നതിനിടെ 42 കാരനായ ടൈറോൻ സിൽകോട്ടും കത്തിക്കുത്തേറ്റാണ് മരിച്ചത്. മാർച്ച് 19ന് ജെർമെയ്നെ ജോൺസൻ (41), എന്നയാൾ വാർത്താംസ്റ്റോയിൽ വച്ച് കത്തിക്കുത്തേറ്റ് മരിച്ചിരുന്നു. അന്നേ ദിവസം ഉച്ചക്ക് ശേഷം 48കാരനായ ബാൽബിർ ജോഹൽ സൗത്താളിൽ വച്ച് കുത്തേറ്റതിനെ തുടർന്ന് മരിച്ചിരുന്നു.