ന്തൊക്കെ കണ്ടുപിടിത്തം ശാസ്ത്രം നടത്തിയാലും മറ്റുള്ളവരുടെ മനസിലുള്ളതെന്താണെന്ന് മനസിലാക്കാൻ നമുക്ക് സാധിക്കുന്നില്ലല്ലോ എന്നായിരുന്നു നമ്മിൽ പലരും ചോദിക്കാറുണ്ടായിരുന്നത്. എന്നാൽ ഈ ചോദ്യത്തിനും ശാസ്ത്രം ഇപ്പോൾ ഉത്തരമേകാനൊരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 

അതായത് മറ്റുള്ളവരുടെ മനസിലുള്ളത് തിരിച്ചറിയാൻ സാധിക്കുന്ന യന്ത്രം വരാൻ പോവുകയാണ്. തലയിൽ ഘടിപ്പിക്കുന്ന ഈ യന്ത്രം മനസിൽ ആലോചിക്കുന്നത് എഴുതിക്കാണിക്കുമെന്നാണ് സൂചന. പുതിയ യന്ത്രം യാഥാർത്ഥ്യമാകുന്നതോടെ സംസാരശേഷി നഷ്ടപ്പെട്ടവർക്ക് ഇത് ഗുണം ചെയ്യുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

പുതിയ യന്ത്രം നാം ചിന്തിക്കുന്ന കാര്യങ്ങൾ തൽസമയം ടെക്സ്റ്റുകളാക്കി ഡിസ്പ്ലേ ചെയ്യുകയാണ് ചെയ്യുന്നത്. ഇത് 90 ശതമാനം കൃത്യമായിരിക്കുമെന്നാണ് ഇതിന് പുറകിൽ പ്രവർത്തിച്ചവർ അവകാശപ്പെടുന്നത്. നമ്മുടെ മസ്തിഷ്‌കത്തിൽ ചിന്തകളുടെ ഭാഗമായി വരുന്ന സ്വരാക്ഷരങ്ങളെയു വ്യഞ്ജനാക്ഷരങ്ങളെയും വരെ തിരിച്ചറിയാൻ ഈ യന്ത്രത്തിന് സാധിക്കുമെന്നാണ് റിപ്പോർട്ട്. സ്വരാക്ഷരങ്ങളാലും വ്യഞ്ജനാക്ഷരങ്ങളാലും നമ്മുടെ തലച്ചോറിൽ രൂപപ്പെടുന്ന വാചകങ്ങളെ ന്യൂറൽ സിഗ്‌നലുകളാലാണ് ഈ യന്ത്രം വ്യാഖ്യാനിച്ചെടുക്കുന്നത്. തുടർന്ന് ഇത് ടെക്സ്റ്റുകളാക്കി ട്രാൻസ്ലേറ്റ് ചെയ്യുകയും ചെയ്യും.

ഇതിന് മുമ്പ് കേട്ടിട്ടില്ലാത്ത വാക്കുകൾ പോലും ട്രാൻസ്ലേറ്റ് ചെയ്യാൻ ഈ യന്ത്രത്തിന് സാധിക്കുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഈ യന്ത്രത്തിന്റെ കപ്പാസിറ്റി ഇനിയും വർധിപ്പിക്കാനാവുമെന്നാണ് ഇതിന് പുറകിൽ പ്രവർത്തിച്ച ഗവേഷക സംഘത്തിന്റെ തലവനായ ഡേവിഡ് മോസെസ് പറയുന്നത്. കണ്ടുപിടിക്കാനിരിക്കുന്ന സ്പീച്ച് പ്രോസ്തെറ്റിക് ഡിവൈസിനുള്ള ഒരു പ്ലാറ്റ്ഫോമാണിതെന്നും അദ്ദേഹം പറയുന്നു.

എന്നാൽ വ്യക്തികളുടെ രഹസ്യ ചിന്തകൾ പോലും യാദൃശ്ചികമായി പരസ്യമാക്കുന്നതിന് ഈ ഡിവൈസ് വഴിയൊരുക്കുമെന്നും അത് കാരണം പ്രശ്നങ്ങളുണ്ടാകുമെന്നുമാണ് വിമർശകർ മുന്നറിയിപ്പേകുന്നത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ വികസിപ്പിച്ചിരിക്കുന്ന ഈ ഡിവൈസിനെക്കുറിച്ച് ജേർണൽ ഓഫ് ന്യൂറൽ എൻജിനീയറിംഗിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.